ADVERTISEMENT

മുംബൈ∙ മുൻ  കോൺഗ്രസ് സർക്കാർ മുംബൈ ഭീകരാക്രമണത്തിൽ മൗനം പാലിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ മുംബൈയിൽ നടന്നതുപോലുള്ള ഭീകരാക്രമണങ്ങൾ ഇനി ഉണ്ടാകില്ല. കാരണം കുറ്റവാളികൾക്ക് അവർ ശിക്ഷിക്കപ്പെടുമെന്ന് അറിയാം. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പു റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. ഹരിയാനയിലെ പ്രചാരണ പരിപാടികളിൽ രാവിലെ പങ്കെടുത്തതിനു ശേഷമായിരുന്നു മോദി മഹാരാഷ്ട്രയിലെത്തിയത്.

കോൺഗ്രസ് ഭരണ സമയത്ത് മുംബൈ ഏതു സമയവും ഭീകരാക്രമണ ഭീഷണിയിലായിരുന്നു. ബോംബ് സ്ഫോടനങ്ങൾ എപ്പോൾ ഉണ്ടാകുമെന്ന് പ്രവചിക്കാൻ കഴിയില്ലായിരുന്നു. തീരപ്രദേശങ്ങളെല്ലാം ഭീകരർക്ക് തുറന്നു കൊടുത്ത നിലയിലായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. കാരണം ഭീകരത പ്രോത്സാഹിപ്പിച്ചാൽ തക്കതായ ശിക്ഷ കിട്ടുമെന്ന് എല്ലാവർക്കും അറിയാം. ബാലാക്കോട്ട് ആക്രമണവും ഉറിയിലെ സർജിക്കൽ സ്ട്രൈക്കും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയ മോദി ഇതൊന്നും വെറുംവാക്കല്ലെന്നും ബിജെപിയുടെയും സഖ്യകക്ഷികളുടെയും നയമാണെന്നും കൂട്ടിച്ചേർത്തു.

ഭീകരാക്രമണത്തിനു ശേഷം അതിന്റെ സൂത്രധാരന്മാർ അതിർത്തിക്കപ്പുറമാണെന്നു രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കിയതാണ്. എന്നാൽ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർ രാജ്യത്തിനകത്തു തന്നെയാണെന്ന് കോൺഗ്രസ് വാദിച്ചു. 1993ലെ മുംബൈ ഭീകരാക്രമണത്തെ അനുസ്മരിച്ച മോദി സ്ഫോടനത്തിലെ ഇരകളോട് അന്നത്തെ സർക്കാർ നീതി പുലർത്തിയില്ലെന്നും നമ്മുടെ ആളുകളെ കൊന്നവർ രക്ഷപ്പെട്ടോടിയെന്നും പറഞ്ഞു. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാതെ അവർക്കൊപ്പവും അവർക്കു വേണ്ടിയും ‘വ്യാപാരം’ നടത്താനാണു കോൺഗ്രസ് ശ്രമിച്ചതെന്നും മോദി ആരോപിച്ചു.

‘കഭി മിർച്ചി കാ വ്യാപാർ, കഭി മിർച്ചി കേ സാഥ് വ്യാപാർ’ എന്നു മോദി പറഞ്ഞതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ കേസുമായാണു നിരീക്ഷകർ ബന്ധപ്പെടുത്തിയത്. എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലിനു ദാവൂദ് ഇബ്രാഹിമിന്റെ വലംകയ്യായിരുന്ന ഇഖ്ബാൽ മിർച്ചിയുമായി ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം നൽകിയ നോട്ടിസിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മഹാരാഷ്ട്രയിലെ നിർണായക റാലിയിൽ ആരുടെയും പേരുപറയാതെ തന്നെ മോദി കോൺഗ്രസിനെയും സഖ്യകക്ഷിയായ എൻസിപിയെയും ‘കുത്തിയത്’. ഇതിന്റെയെല്ലാം പിന്നിൽ എന്തെന്നു വേഗം തന്നെ വെളിപ്പെടുമെന്നും മോദി വ്യക്തമാക്കി.

വ്യാഴാഴ്ച മോകാലയിൽ നടന്ന തിര‍ഞ്ഞെടുപ്പ് റാലിയിൽ 1993ലെ മുംബൈ സ്‌ഫോടനത്തിലെ കുറ്റവാളികളെ പലായനം ചെയ്യാനും ശത്രുരാജ്യത്തിൽ അഭയം പ്രാപിക്കാനും സഹായിച്ചത് ആരാണെന്ന് ഉടൻ വ്യക്തമാകുമെന്നു മോദി പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരും മഹാരാഷ്ട്ര സർക്കാരും കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങളെ പരാമർശിച്ച മോദി അതിൽ അഴിമതിയുടെ കറ പുരണ്ടിട്ടില്ലെന്നും വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ മഹാരാഷ്ട്രയിലെ അവസാന പ്രചാരണ പരിപാടിയാണ് വെള്ളിയാഴ്ച മുംബെയിൽ നടന്നത്. ഒക്ടോബർ 21നാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

English Summary : Congress failed to act after terror attacks: Modi at Mumbai rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com