ADVERTISEMENT

പിറന്നുവീഴുന്ന പൊന്നോമനകളെ കാണാൻ എന്തു രസമാണല്ലേ? അവരുടെ കൈ വളരുന്നതും കാൽ വളരുന്നതും കരച്ചിലും ചിരിയുമെല്ലാം വീട്ടുകാരിൽ വലിയ സന്തോഷമുണ്ടാക്കും. ആനന്ദത്തിന്റെ ആധിക്യത്തിൽ, ബന്ധുക്കളും സുഹൃത്തുക്കളും മറ്റുള്ളവരും ഇതെല്ലാം ആസ്വദിക്കേണ്ടതാണെന്നു തോന്നും. അങ്ങനെ കുഞ്ഞിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ തുരുതുരാ പോസ്റ്റ് ചെയ്യും. ലൈക്കും കമന്റും നിറയുമ്പോൾ സന്തോഷം പെരുകും. പക്ഷേ, നിസ്സഹായരായ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവിതം കുരുതികൊടുക്കുകയാണെന്ന് ഓർക്കാറുണ്ടോ? കുഞ്ഞുങ്ങളെ പോൺ മാഫിയയുടെ കൈയിൽ ഏൽപ്പിക്കുകയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടോ?

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പേരിൽ കുട്ടികളുടെ ജീവിതം തുലയ്ക്കുന്നതിനാണു ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവയ്ക്കുന്നതോടെ തുടക്കമിടുന്നതെന്നു പറയുന്നു, സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിച്ചു തടയുന്ന കേരള പൊലീസിന്റെ സൈബർഡോം നോഡൽ ഓഫിസർ എഡിജിപി മനോജ് എബ്രഹാം. ലോകത്തെ ഏറ്റവും വലിയ ചൈൽഡ് പോണോഗ്രഫി വെബ്സൈറ്റായ ‘വെൽകം ടു വിഡിയോ’ പൂട്ടിയതിന്റെയും ആഗോള പീഡോഫീലിയ റാക്കറ്റിന്റെ മുൻനിരയിലേക്ക് ഇന്ത്യ കുതിക്കുന്നതിന്റെയും പേടിപ്പെടുത്തുംവിധം കേരളവും ഈ വലയിൽ കണ്ണിചേർന്നതിന്റെയും പശ്ചാത്തലത്തിൽ മനോരമ ഓൺലൈനോട് സംസാരിക്കുകയായിരുന്നു മനോജ് എബ്രഹാം.

മുറിവേൽക്കുന്ന നിഷ്കളങ്കത

‘ഓപ്പറേഷൻ പി ഹണ്ടിന്റെ’ ഭാഗമായി കേരളത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി സമൂഹമാധ്യമ ഗ്രൂപ്പുകളാണു കണ്ടെത്തിയത്. ലോകമാകെ പരന്നുകിടക്കുന്ന ഗ്രൂപ്പുകളിൽ മലയാളികളും സജീവമാണ്. നമ്മുടെ സുഹൃത്തുക്കളോ അയൽക്കാരോ ബന്ധുക്കളോ ഒക്കെ ഇതിൽ അംഗങ്ങളായിരിക്കാം. കുട്ടികളുടെ നഗ്നചിത്രങ്ങൾ പങ്കുവയ്ക്കുന്ന, പാക്കിസ്ഥാനികൾ അഡ്മിൻമാരായ ഗ്രൂപ്പുകളിൽ‌ അംഗങ്ങളായി മലയാളികളുണ്ട്. മലയാളികൾ അഡ്മിൻമാരായ ഗ്രൂപ്പുകളിൽ വിദേശരാജ്യക്കാരുമുണ്ട്. കേരളത്തിൽ നിന്നുള്ള 126 അംഗങ്ങളെ തിരിച്ചറിഞ്ഞതിൽ പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ 12 പേരെയാണു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

Manoj Abraham IPS
മനോജ് എബ്രഹാം ഐപിഎസ്.

ഒന്നര ലക്ഷം അംഗങ്ങളുള്ള ഗ്രൂപ്പുകൾ വരെയുണ്ടായിരുന്നു. പൊലീസ് നിരീക്ഷണത്തിലാണ് എന്നറിഞ്ഞ് ഇവരിൽ കുറെപ്പേർ ഗ്രൂപ്പുകൾ വിട്ടിട്ടുണ്ട്. പല രാജ്യങ്ങളിൽനിന്നുള്ള ആളുകളാണു ടെലഗ്രാമിൽ ചൈൽഡ് പോണോഗ്രഫി ഗ്രൂപ്പുകളിൽ ഒത്തുചേരുന്നത്. ഐപി അഡ്രസ് കണ്ടെത്താൻ പ്രയാസമാണെന്നതാണു ടെലഗ്രാം ആപ്പിന്റെ പ്രത്യേകത. സോഫ്റ്റ്‍വെയറും സോഷ്യൽ എൻജിനീയറിങ്ങും ഉപയോഗിച്ചു സാങ്കേതിക വിദഗ്ധന്റെ സഹായത്താലാണ് ഗ്രൂപ്പിലെ അംഗങ്ങളെ കണ്ടെത്തുന്നത്. റെയ്ഡുകളും അറസ്റ്റും തുടർന്നിട്ടും ആളുകൾ ഗ്രൂപ്പുകളിൽ തുടരുന്നതിൽ മാനസികപ്രശ്നം കൂടിയുണ്ട്.

കേരളത്തിൽ ബാലലൈംഗികതാ പ്രശ്നം വളരെയധികം കൂടുതലാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളവരേക്കാൾ ടെലഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളെപ്പറ്റിയുള്ള അറിവും അതിന്റെ ഉപയോഗവും കൂടുതലാണ് കേരളത്തിൽ‍. മറ്റുള്ളവർ ഇതൊന്നും അറിയില്ലെന്നും പിടിക്കപ്പെടില്ലെന്നുമുള്ള തോന്നലാണ് ഇതിനു കാരണം. വിവര സാങ്കേതികവിദ്യ (ഐടി) അറിയാവുന്ന ചെറുപ്പക്കാരാണ് ഇവയിൽ സജീവമായിട്ടുള്ളത്. എൻക്രിപ്ഷൻ, ടോർ ബ്രൗസർ തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ചാൽ പിടിക്കപ്പെടില്ലെന്നു പ്രചരിപ്പിച്ചാണു സമാനമനസ്കരുടെ കൂട്ടായ്മ വിപുലപ്പെടുത്തുന്നത്.

പീഡോഫൈലുകൾ (കുട്ടികളോടു ലൈംഗികാകർഷണം ഉള്ളയാൾ) മറ്റു കുറ്റകൃത്യങ്ങളിൽ ഭാഗമാകാത്തതിനാൽ പൊതുവേ പൊലീസിന്റെ ശ്രദ്ധയിൽ വരാറില്ല. ക്രിമിനൽ പശ്ചാത്തലമില്ലാത്ത ഇവർ മിക്കവരും ഓൺലൈനിൽ സജീവമായിരിക്കും. സാധാരണഗതിയിൽ ഇവരെ ആരും സംശയിക്കാത്തതിനാൽ ഇതു മുതലെടുത്താണു കുട്ടികളെ ചൂഷണം ചെയ്യുന്നവരോ ബാലലൈംഗികത ആസ്വദിക്കുന്നവരോ ആയി മാറുന്നത്. പൊതുവേ ആറു വയസ്സിനു മുകളിൽ പ്രായമുള്ളവരാണു കേരളത്തിൽ വൈകൃതങ്ങൾക്ക് ഇരകളാകുന്നത്. കുട്ടികളുടെ നിഷ്കളങ്കതയെയാണ് ചൂഷകർ മുറിവേൽപ്പിക്കുന്നത്.

കുഞ്ഞുങ്ങളെ ലൈംഗികോപദ്രവം ഏൽപ്പിക്കുന്ന കേസ് ശ്രദ്ധയിൽപ്പെട്ടാൽ തുടരന്വേഷണം വളരെയേറെ പ്രയാസകരമാണ്. കുട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവിടാനോ അന്വേഷണത്തിന്റെ ഭാഗമായി പങ്കുവയ്ക്കാനോ സാധിക്കില്ല. ഇരയാക്കപ്പെട്ട കുട്ടിയുടെ ദൃശ്യം കാണിച്ചു തെളിവെടുക്കാനോ ഈ കുട്ടി എവിടെയുണ്ട് എന്ന് അന്വേഷിക്കാനോ കഴിയില്ല. കുട്ടിയുടെ ചിത്രങ്ങളും വിഡിയോയും പോണോഗ്രഫി സൈറ്റിൽ എങ്ങിനെയാണ് എത്തിയതെന്നു കണ്ടുപിടിക്കുന്നതും പ്രയാസം. കുഞ്ഞ് അറിയാതെയാകും മിക്കപ്പോഴും ചിത്രങ്ങളെടുക്കുന്നത്. നേരിട്ട് ചൂഷണം ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ടാകും.

പരമപ്രധാനം മുൻകരുതൽ 

ബാലലൈംഗികതയുടെ വലയിൽ നമ്മുടെ കുഞ്ഞുങ്ങൾ ഉൾപ്പെടാതിരിക്കാൻ മുൻകരുതൽ ഉണ്ടായിരിക്കേണ്ടതു പ്രധാനമാണ്. രക്ഷിതാക്കൾ കുട്ടികളെ ദ്രോഹിക്കില്ലെന്നു വിശ്വസിക്കാം. എന്നാൽ, കുഞ്ഞിനെ ആരുടെ കൂടെയാണു നിർത്തുന്നത്, ആരോടൊപ്പമാണു പുറത്തേക്കു വിടുന്നത്, ആരൊക്കെയാണു കുഞ്ഞുമായി സമ്പർക്കം പുലർത്തുന്നത് എന്നതെല്ലാം രക്ഷിതാക്കൾ കൃത്യമായും അറിഞ്ഞിരിക്കണം. അയൽക്കാർ, ബന്ധുക്കൾ, വീട്ടിലെ സഹായി, ഡ്രൈവർ തുടങ്ങിയവരുടെ കൂടെയെല്ലാം കുഞ്ഞുങ്ങളെ വിടുമ്പോൾ കരുതലുണ്ടാകണം. കുട്ടികളുടെ ദൃശ്യങ്ങൾ അവരറിഞ്ഞോ അറിയാതെയോ പകർത്തപ്പെടുമെന്ന് ഓർക്കണം.

ശരീരത്തിൽ മറ്റൊരാൾ സ്പർശിക്കുമ്പോൾ ഏത് ഉദ്ദേശ്യത്തിലാണെന്നു മനസ്സിലാക്കാൻ ‘നല്ല തൊടൽ, ചീത്ത തൊടൽ’ എന്നിവയെപ്പറ്റി കുട്ടികൾക്കു പറഞ്ഞുകൊടുക്കണം. കുട്ടികളുമായി ഇടപഴകാൻ രക്ഷിതാക്കൾ കൂടുതൽ സമയം കണ്ടെത്തണം. അവർക്ക് എന്തു കാര്യവും പേടിയില്ലാതെ പറയാനുള്ള സാഹചര്യമുണ്ടാകണം. പുതുതലമുറ രക്ഷിതാക്കൾ ഏറെനേരം മൊബൈലിൽ ചെലവഴിക്കുന്നുണ്ട്. അച്ഛനമ്മമാർ ശ്രദ്ധിക്കാതെയിരിക്കുമ്പോൾ കുട്ടികൾ ഒറ്റപ്പെടും. വീട്ടിൽ സാഹചര്യമില്ലാത്തതിനാൽ ഭൂരിഭാഗം കുട്ടികളും സ്കൂളിലോ ചൈൽഡ് ലൈൻ പ്രവർത്തകരുടെ അടുത്തോ ആണു ചൂഷണകഥ വെളിപ്പെടുത്തുന്നത്.

കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമ്പോൾ‌ വളരെയധികം ജാഗ്രതയും ഉത്തരവാദിത്തവും വേണം. ഏതൊക്കെ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാമെന്നതിനെപ്പറ്റി ധാരണ വേണം. കുട്ടികൾ വീട്ടിൽ സ്വതന്ത്രമായി കളിക്കുന്നതും മറ്റുമെല്ലാം കൗതുകത്തിന്റെ പേരിൽ കുടുംബ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമ്പോൾ എന്തിനു വേണ്ടിയാണ്, ആർക്കു വേണ്ടിയാണു പോസ്റ്റ് ചെയ്യുന്നത്? ആരെല്ലാമാണു ഗ്രൂപ്പിലുള്ളത്? ആരിലേക്കെല്ലാം ദൃശ്യങ്ങൾ എത്തും? തുടങ്ങിയവ ആലോചിക്കണം. ജനിച്ചനാൾ മുതൽ കുഞ്ഞിന്റെ വളർച്ചയുടെ ഓരോ നിമിഷവും ചിത്രീകരിക്കാം. പക്ഷേ, അതെല്ലാം ഡിജിറ്റൽ ലോകത്തു പങ്കുവയ്ക്കേണ്ടതുണ്ടോയെന്ന് ചിന്തിക്കണം.

സ്കൂളുകളിലെ ഗ്രൂപ്പുകളിലും ഈ ഉത്തരവാദിത്തം കാണിക്കണമെന്ന് അധ്യാപകരോടു പറയാറുണ്ട്. കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമ്പോൾ, അത് ബസ് സ്റ്റാൻഡിൽ ചിത്രം പതിക്കുന്നതു പോലെയാണ്. അവ ഇന്റർനെറ്റിൽ ആർക്കും എങ്ങനെയും ഉപയോഗിക്കാവുന്ന തരത്തിൽ ലഭ്യമാവുകയാണ്. സമൂഹമാധ്യമങ്ങളുടെ ഉപയോഗം ഇക്കാലത്ത് ഒഴിവാക്കാൻ സാധിക്കില്ലെങ്കിലും കുട്ടികളെ അമിതമായി ഉൾപ്പെടുത്താതിരിക്കാം. മുതിർന്നവരുടേതു പോലെ സ്വകാര്യത അവകാശപ്പെട്ട വ്യക്തിയാണു കുട്ടിയും. എന്നാൽ ഈ അവകാശം സൗകര്യപൂർവം മറക്കുന്നതാണു കണ്ടുവരുന്നത്.

പശ്ചാത്യരാജ്യങ്ങളിൽ കു‌ഞ്ഞുങ്ങളുടെ ചിത്രങ്ങൾ നെറ്റിൽ പോസ്റ്റ് ചെയ്യുന്നതിന്റെ രീതി മനസ്സിലാക്കേണ്ടതാണ്. ഏതൊക്കെ ചിത്രങ്ങൾ ഇടാം, ഇടരുത് എന്നതിനെപ്പറ്റി അവർക്കു നിയന്ത്രണങ്ങളുണ്ട്. ഏതാനും ലൈക്കിനും കമന്റിനും വേണ്ടി, ജനിച്ചുവീണ നാൾതൊട്ട് ഇടതടവില്ലാതെ കുട്ടികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയാണു നമ്മൾ. രക്ഷിതാക്കൾ സമൂഹമാധ്യമങ്ങളിലാണു ജീവിക്കുന്നതെന്നു തോന്നും. ഏതു സമയത്തും തിരിച്ചടിക്കാൻ ശേഷിയുള്ളതാണു നെറ്റിലെ കുട്ടികളുടെ ചിത്രങ്ങളെന്ന് ഓർക്കണം. സ്നേഹത്തിന്റെ പേരിൽ നാം പോലുമറിയാതെ കുഞ്ഞുങ്ങളോടു ദ്രോഹമാണു ചെയ്യുന്നതെന്ന് ഉത്തരവാദിത്തത്തോടെ മനസ്സിലാക്കിയാൽ പ്രശ്നങ്ങൾ ഒഴിവാക്കാം.

സെർച്ച് ചെയ്യുന്നതും കുറ്റകരം

പീഡോഫൈലുകൾ പൊതുവെ ഇരകളുടെ പ്രായ, ലിംഗ വ്യത്യാസങ്ങൾ നോക്കാറില്ല. ആറു വയസ്സിനു മുകളിലുള്ളവരാണു സംസ്ഥാനത്തു ചൂഷണം ചെയ്യപ്പെടുന്നതിൽ ഏറിയപങ്കും. പെൺകുട്ടികളാണ് കൂടുതൽ. ആൺകുട്ടികളുടെ എണ്ണവും അധികമാണ്. ഗൾഫിലും വിദേശത്തും ഉള്ള മലയാളികൾ നാട്ടിലെ ഫോൺനമ്പർ ഉപയോഗിച്ചാണു വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിലുള്ളത്. ഇവരെ കണ്ടെത്തുന്നതിൽ ഇന്റർപോൾ കേരള പൊലീസിനു പരിശീലനം നൽകുന്നുണ്ട്. അടുത്ത മാർച്ചിൽ ഇന്റർപോൾ സംഘം വീണ്ടുമെത്തും. ദൃശ്യങ്ങൾ മോശമായി പ്രചരിക്കപ്പെട്ടെന്നോ ചൂഷണം ചെയ്യപ്പെട്ടെന്നോ അറിയുമ്പോൾ കുട്ടിയുടെ മാനസികാവസ്ഥ തകിടംമറിയും. അവരെ സാധാരണനിലയിലാക്കുന്നതു സങ്കീർണമാണ്.

ബാല ലൈംഗികതയ്ക്കെതിരെ ലോകമാകെ കടുത്ത നിയമനടപടികളാണു സ്വീകരിക്കുന്നത്. ഗൂഗിൾ സെർച്ചിൽ പോലും ചൈൽഡ് പോണോഗ്രഫിയെപ്പറ്റിയുള്ള വിവരങ്ങൾ കിട്ടില്ല. ഇത്തരം ദൃശ്യങ്ങൾ തിരയുന്നതും കാണുന്നതും കുറ്റമായാണു വിദേശങ്ങളിൽ കരുതുന്നത്. മറ്റു കേസുകളിലൊന്നും ഉൾപ്പെടാത്ത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരാണു പിടിക്കപ്പെടുന്നവരിൽ കൂടുതൽ. ടോർ ബ്രൗസർ ഉൾപ്പെടെ ഉപയോഗിക്കേണ്ടതിനാൽ സാങ്കേതിക ജ്ഞാനമുള്ളവരാണ് ഈ മേഖലയിൽ സജീവമെന്നും മനോജ് എബ്രഹാം പറഞ്ഞു.

പോക്സോ, ഐടി ആക്ടുകൾ ഉൾപ്പെടുത്തിയാണു പ്രതികൾക്കെതിരെ കേസെടുക്കുന്നത്. ജാമ്യം ലഭിക്കില്ല. 10 വർഷം തടവുശിക്ഷയും ഉറപ്പാണ്. ഡിജിറ്റൽ തെളിവുകളോടെയാണു കേസെടുക്കുന്നത്. പ്രതികൾക്കു യാതൊരു തരത്തിലും ഇളവുതേടി പുറത്തുവരാനാവില്ല. നിലവിൽ രാജ്യത്തു മുതിർന്നവരുടെ പോണോഗ്രഫി വിഡിയോകൾ കാണുന്നതു നിയമപ്രകാരം തെറ്റല്ല. മറ്റൊരാൾക്ക് അയച്ചു കൊടുക്കുന്നതാണു കുറ്റകൃത്യം. എന്നാൽ ബാലലൈംഗിക വിഡിയോകൾ കാണുന്നതു കടുത്ത കുറ്റമാണ്. ചൈൽഡ് പോൺ കാണുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ഒരാൾ പറഞ്ഞാൽ അതുതന്നെ കുറ്റമാകും.

ഫെയ്സ്ബുക്കിൽ ഫോട്ടോയിടും മുൻപ്

ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങൾ ബാല പീഡനവുമായി ബന്ധപ്പെട്ടുള്ള അശ്ലീല വെബ്സൈറ്റുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഓസ്ട്രേലിയയിൽ നടന്ന അന്വേഷണത്തിൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ വെബ്സൈറ്റുകളിൽ നിന്നെടുത്ത ദശലക്ഷക്കണക്കിനു ഫോട്ടോകളാണ് ഇത്തരം സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തിയത്. കുട്ടികൾ നീന്തുന്നതും കായികവിനോദങ്ങളിലേർപ്പെടുന്നതും ജിംനാസ്റ്റിക്സ് പരിശീലനം നടത്തുന്നതുമെല്ലാമുള്ള ചിത്രങ്ങളാണ് ബാലപീഡകർ ലക്ഷ്യം വയ്ക്കുന്നത്.

ഓൺലൈൻ വഴി കുട്ടികളെ വലയിൽ വീഴ്ത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്. മാതാപിതാക്കൾ പോസ്റ്റ് ചെയ്ത, ലോകമെമ്പാടും നിന്നുള്ള കുട്ടികളുടെ ചിത്രങ്ങളാണു പല പീഡോഫൈൽ ഇമേജ്–ഷെയറിങ് സൈറ്റുകളിലും അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നതെന്നു റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഒരൊറ്റ ക്ലിക്കിലൂടെ ഫെയ്സ്ബുക്കിൽ നിന്നുൾപ്പെടെ ആരുടെയും ഫോട്ടോ ഡൗൺലോഡ് ചെയ്യാമെന്നതാണ് ഇത്തരക്കാർ മുതലെടുക്കുന്നത്. കുട്ടികളുടെ 4.5 കോടി ഫോട്ടോകളുള്ള ഒരു ഇമേജ്–ഷെയറിങ് വെബ്ൈസറ്റിൽ പകുതിയും പ്രശസ്ത സമൂഹമാധ്യമങ്ങളിൽ നിന്നുള്ളതായിരുന്നു. നമുക്കു നിഷ്കളങ്കമായി തോന്നുന്ന പല കാഴ്ചകളും മറ്റുള്ളവർക്ക് അങ്ങനെയാവണമെന്നില്ലെന്നും കുട്ടികളുടെ കാര്യത്തിൽ ഇതാണു സംഭവിക്കുന്നതെന്നു മനസ്സിലാക്കണമെന്നും സൈബർ വിദഗ്ധർ പറയുന്നു.

English Summary: Manoj Abraham IPS on Child Pornography and precautions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com