ADVERTISEMENT

സിവിറൊദ്വിൻസ്ക്∙ ആണവായുധ പരീക്ഷണങ്ങൾക്കു കുപ്രസിദ്ധമായ യുഎസിന്റെ ലോസ് അലാമോസ് പോലെയാണ് റഷ്യയ്ക്ക് സരോവ്. അത്രയേറെ രഹസ്യാത്മകമായാണു പ്രവർത്തനം. ശീതയുദ്ധ കാലത്ത് അർസമസ് –16 എന്നായിരുന്നു ഈ രഹസ്യനഗരത്തിന്റെ വിളിപ്പേര്. പുറമെ നിന്നുള്ളവർക്ക് പ്രത്യേക അനുമതിയില്ലാതെ പ്രദേശത്തേക്കു കടക്കാൻ പോലുമാകില്ല.

എന്നാൽ പ്രദേശത്തുള്ള 18–ാം നൂറ്റാണ്ടിലെ പള്ളി കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക് ഉപാധികളോടെ സന്ദർശനാനുമതി നൽകുന്ന പതിവുണ്ട്. സിവിറൊദ്വിൻസ്ക് ആണ് മേഖലയിലെ മറ്റൊരു പ്രധാന നഗരം. ഏകദേശം 1.83 ലക്ഷമാണ് അവിടത്തെ ജനസംഖ്യ. 

കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് രാവിലെ ഒൻപതു മണിക്ക് വടക്കു പടിഞ്ഞാറൻ റഷ്യയിലെ വൈറ്റ് സീ തീരത്തോടു ചേർന്നുള്ള അർഹാൻഗിൽസ്ക് മേഖലയിൽ മിസൈൽ പരീക്ഷണം പരാജയപ്പെട്ടുണ്ടായ സ്ഫോടനത്തിൽ അഞ്ച് ആണവ വിദഗ്ധർ മരിച്ചതോടെ പരീക്ഷണം നടന്ന കടൽഭാഗത്തേക്ക് മാസങ്ങളായി കപ്പലുകളെപ്പോലും അടുപ്പിക്കാൻ അനുവദിക്കാതെ നിരോധനാജ്ഞ തീർത്തിരിക്കുകയായിരുന്നു റഷ്യ.

റോക്കറ്റിന്റെ ലിക്വിഡ് പ്രൊപ്പലന്റ് എൻജിൻ പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചെന്നും ആറു പേർക്കു പരുക്കേറ്റെന്നുമായിരുന്നു റഷ്യൻ പ്രതിരോധ വകുപ്പിന്റെ ആദ്യത്തെ പ്രസ്താവന പിന്നാലെയാണ് കാര്യങ്ങൾക്കു കുറച്ചെങ്കിലും വ്യക്തത വന്നത്. പരാജയപ്പെട്ട ആ ആയുധം ബുറിവീസ്നിക് മിസൈലാണെന്ന് രാജ്യാന്തര നിരീക്ഷകർ ഉറപ്പിച്ചു പറഞ്ഞിരുന്നു.

russia-cruise-missile
റഷ്യ നടത്തിയ ക്രൂസ് മിസൈൽ പരീക്ഷണം (ഫയൽ ചിത്രം)

ആണവ അന്തർവാഹിനികൾ നിർമിക്കുന്ന വമ്പൻ ഷിപ്‌യാർഡ് സ്ഥിതി ചെയ്യുന്ന സിവിറൊദ്വിൻസ്ക് മേഖലയിൽ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം റഷ്യൻ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് റഷ്യയിലെ ‘നിഗൂഢ സ്ഫോടനം’ വീണ്ടും രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ടയായത്. 

മോസ്കോയില്‍ നിന്ന് ഏകദേശം 1000 കിലോമീറ്റർ ദൂരെയാണ് ന്യോനോക്‌സ എന്ന കടലോര ഗ്രാമം. സിവിറൊദ്വിൻസ്ക് മേഖലയിൽ നിന്ന് ഇവിടെ എത്താൻ 25 മൈലുകൾ കൂടി മതി. സിവിറൊദ്വിൻസ്ക് മേഖലയിൽ എത്താൻ മാത്രം അനുമതിയുള്ളവർ എന്തിനാണ് ന്യോനോക്‌സയിലേക്ക് പോകുന്ന ട്രെയിനിൽ ഇടംപിടിച്ചതെന്നായിരുന്നു റഷ്യൻ അധികൃതരുടെ ചോദ്യം. നിങ്ങൾക്കു വഴി തെറ്റിയിരിക്കുന്നു ആവശ്യമെങ്കിൽ റഷ്യയുടെ ഭൂപടം യുഎസ് എംബസിക്കു കൈമാറാൻ ഞങ്ങൾ തയാറാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ന്യോനോക്‌സ എന്ന കടലോര ഗ്രാമത്തിലെ വൈറ്റ് സീയില്‍ 1954ലാണ് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ മിസൈൽ പരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്. സോവിയറ്റ് മിസൈൽ പരീക്ഷണങ്ങൾ പച്ചപിടിച്ചു വരുന്ന കാലമായിരുന്നു അത്. പിന്നീട് സോവിയറ്റ് യൂണിയന്റെയും റഷ്യയുടെയും നാവികസേനയുടെ ഏറ്റവും പ്രധാനപ്പെട്ട മിസൈൽ പരീക്ഷണങ്ങളിലേറെയും നടന്നത് ഈ കേന്ദ്രത്തിലായിരുന്നു. അവയിൽ കപ്പൽവേധ, വിമാനവേധ മിസൈലുകളും ആണവ അന്തർവാഹിനികളിൽ ഉപയോഗിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമെല്ലാം ഉള്‍പ്പെട്ടു. 

‘ഡൂംസ്ഡേ’ ആയുധങ്ങളുടെ പട്ടികയിൽ

ലോകാവസാനത്തിനു കാരണമായേക്കാവുന്ന ‘ഡൂംസ്ഡേ’ ആയുധങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് റഷ്യയുടെ 9എം730 ബുറിവീസ്നിക് മിസൈലിന്റെ സ്ഥാനം. ആണവോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്നു എന്നതാണ് ഇതിന്റെ നശീകരണ ശേഷി ലോകത്തെ ഇത്രയേറെ ഭീതിപ്പെടുത്താനുള്ള പ്രധാന കാരണവും. എന്നാൽ ഇന്നും രഹസ്യങ്ങളുടെ കാരിരുമ്പു മറയിൽ സൂക്ഷിച്ചിരിക്കുകയാണ് റഷ്യ ഈ ‘രാക്ഷസ’ മിസൈലിനെപ്പറ്റിയുള്ള വിവരങ്ങൾ.

കഴിഞ്ഞ വർഷം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ലോകത്തിനു പരിചയപ്പെടുത്തിയ ഈ ആയുധം വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുകയാണ്. റഷ്യയിലെ ഒരു ജനവാസ മേഖലയ്ക്കു സമീപം നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടുണ്ടായ സ്ഫോടനത്തിനു പിന്നിൽ  9എം730 ബുറിവീസ്നിക് മിസൈൽ തന്നെയാണെന്നു യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉറപ്പിച്ചു പറയുമ്പോഴും ഓഗസ്റ്റ് എട്ടിനു നടന്ന സ്ഫോടനത്തെ കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ റഷ്യ തയാറായതുമില്ല. 

റഷ്യയുടെ ആണവമിസൈൽ പരീക്ഷണത്തിനിടെ അഞ്ചു ശാസ്ത്രജ്ഞർ മരിച്ചതിനു മാസങ്ങൾക്കു മുൻപായിരുന്നു കിഴക്കൻ സൈബീരിയയിലെ ക്രാസ്നോയാസ്ക് മേഖലയിൽ റഷ്യൻ ആയുധ ഡിപ്പോയിൽ വൻ സ്ഫോടനമുണ്ടായത്. അതിനു പിന്നിലെ കാരണവും ഇതുവരെ റഷ്യ പുറത്തുവിട്ടിട്ടില്ല. ആണവമിസൈൽ പരീക്ഷണത്തിനു ദിവസങ്ങൾക്കു ശേഷം സമാനമായി സൈബീരിയയിലെ കോൾട്ട്‌സവയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന റഷ്യൻ സ്റ്റേറ്റ് സെന്റർ ഫോർ റിസർച് ഓൺ വൈറോളജി ആൻഡ് ബയോടെക്നോളജിയിൽ സ്ഫോടനമുണ്ടായതും ലോകത്തെ നടുക്കി.

koltsovo-vector-institute-russia
കോൾട്ട്സവയിലെ സ്ഫോടനം നടന്ന വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ലാബ് സമുച്ചയം

തുടക്കത്തിൽ സാധാരണ തീപിടിത്തമെന്നായിരുന്നു റിപ്പോർട്ടെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിനകത്തു സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ സംഭവം രാജ്യാന്തര തലത്തിലും ശ്രദ്ധേയമാവുകയായിരുന്നു. ഇന്നും വൈദ്യശാസ്ത്രത്തിനു പിടിനൽകാത്ത പക്ഷിപ്പനി, പന്നിപ്പനി, എച്ച്ഐവി, എബോള, ആന്ത്രാക്സ്, വസൂരി വൈറസുകളെ ഉൾപ്പെടെയാണ് ഇവിടെ വിവിധ ഗവേഷണങ്ങൾക്കായി സൂക്ഷിച്ചിട്ടുള്ളത്. റഷ്യയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ ‘രഹസ്യ’ സംഭവങ്ങളുടെ കൂട്ടത്തിലാണ് കോൾട്ട്സവയിലെ സ്ഫോടനവും ഉൾപ്പെട്ടിരിക്കുന്നത്. 

റഷ്യ മറയ്ക്കുന്നത് എന്തിന്? 

ന്യോനോക്‌സയിലെ നിഗൂഢ സ്ഫോടനത്തിന്റെ രഹസ്യങ്ങൾ തേടിയാണ് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥർ ന്യോനോക്‌സയിലേക്കുള്ള ട്രെയിനിൽ ഇടംപിടിച്ചതെന്ന് കരുതുന്നവരുണ്ട്. വീഴ്ച മനസിലാക്കിയതോടെ യുഎസ് ഉദ്യോഗസ്ഥരെ ഉടനെ അധികൃതർ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് തിരിച്ചയച്ചു. എന്നാൽ അനധികൃതമായി ഈ മേഖലയിൽ പ്രവേശിച്ചതിനു മൂന്ന് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതായി റഷ്യൻ അധികൃതർ അറിയിക്കുകയും ചെയ്തു.

ഉപഗ്രഹ ചാരക്കണ്ണുകളെ മറയ്ക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയായിരുന്നു ഇക്കാലമത്രയും റഷ്യയുടെ പരീക്ഷണങ്ങൾ. മാത്രവുമല്ല ന്യോനോക്‌സയിലെ ഏകദേശം അഞ്ഞൂറോളം വരുന്ന പ്രദേശവാസികളോടു പരീക്ഷണ സമയത്തു മാറിത്താമസിക്കാനും അധികൃതർ ആവശ്യപ്പെടുമായിരുന്നു. ഏതാനും മണിക്കൂർ നേരത്തേക്കാണ് ഈ മാറിനിൽക്കൽ. എന്നാൽ ജനത്തെ ഭയപ്പെടുത്തി കൃത്യമായ ഇടവേളകളിൽ ഇതു സംഭവിക്കാറുണ്ടെന്നു ഗ്രാമവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

സിവിറൊദ്വിൻസ്കിൽ ആണവ അന്തർവാഹിനികൾ നിർമിക്കുന്ന ഒരു വമ്പൻ ഷിപ്‌യാർഡ് സ്ഥിതി ചെയ്യുന്നതിനാൽ കൃത്യമായ ഇടവേളകളിൽ അന്തരീക്ഷത്തിലെ ആണവവികിരണ തോത് അളക്കുന്നതും പതിവാണ്. ഓഗസ്റ്റ് എട്ടിന് മിസൈൽ പരീക്ഷണത്തിനു ശേഷം നടത്തിയ അളവെടുക്കലിൽ മണിക്കൂറില്‍ രണ്ട് മൈക്രോസിവട്സ് എന്ന കണക്കിന് റേഡിയേഷൻ ഉയര്‍ന്നതായാണു കാണിച്ചത്. പരീക്ഷണം നടന്ന സ്ഥലത്തു നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയായിരുന്നു ഈ കൂടിയ അളവ് രേഖപ്പെടുത്തിയതെന്നതും സംഭവത്തിന്റെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നു.

മിസൈലിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നെന്നു പുടിൻ പറയുമ്പോഴും അത്തരം മിസൈലുകൾ കൈകാര്യം ചെയ്യുന്നതിലെ അപകടത്തെക്കുറിച്ചാണ് ആണവ നിരീക്ഷകരുടെ ഭയം. അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഓഗസ്റ്റ് എട്ടിലെ വൈറ്റ് സീ സ്ഫോടനം ആ ആശങ്ക അസ്ഥാനത്തല്ലെന്നും വ്യക്തമാക്കുന്നു. ബുറിവീസ്നിക് മിസൈൽ‍ തന്നെയാണു കടലിൽ പൊട്ടിത്തെറിച്ചതെന്നു വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ട്വീറ്റ് ചെയ്തിരുന്നു– റഷ്യൻ സ്കൈഫാളിന്റെ പരാജയം പരീക്ഷണം നടന്ന പ്രദേശത്തു മാത്രമല്ല അതിനപ്പുറത്തേക്കും ആശങ്ക പടരാൻ കാരണമായി എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. റഷ്യയെപ്പോലെ യുഎസിനുമുണ്ട് ഇത്തരം ആയുധങ്ങളെന്നും പക്ഷേ അവ കുറച്ചേറെ മികവുറ്റതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരാജയപ്പെട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ ലോകത്തിനു മുന്നിൽ നിന്നു റഷ്യ മറച്ചുവയ്ക്കാനുമുണ്ട് കാരണം. പുടിൻ ഏറ്റവും അഭിമാനത്തോടെ മുന്നോട്ടു വച്ചതാണ് ബുറിവീസ്നിക് മിസൈൽ പദ്ധതി. ലോകത്തിൽ എവിടേക്കു വേണമെങ്കിലും തൊടുക്കാമെന്നു പറയുന്നതിലൂടെ ഭയപ്പെടുത്താൻ ലക്ഷ്യമിടുന്നത് യുഎസിനെയാണെന്നതും വ്യക്തം. അങ്ങനെയിരിക്കെ മിസൈൽ പരീക്ഷണം പരാജയപ്പെടുകയും ആണവഭീതി ചർച്ചയാവുകയും ചെയ്താൽ അതു മുന്നോട്ടുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് എല്ലാം വളരെ ‘നോർമൽ’ എന്ന മട്ടിൽ റഷ്യ വിഷയത്തെ കൈകാര്യം ചെയ്തതും.

English Summary: Russia stops US diplomats on way to town near mysterious nuclear explosion site

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com