ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന സഖ്യത്തിന് എതിരാളികളൊന്നുമില്ലെങ്കിൽ പിന്നെന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള നേതാക്കൾ ഇത്രയേറെ തിരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിച്ചതെന്ന് ശിവസേന. തിങ്കളാഴ്ച നടക്കാനിരിക്കുന്ന നിയമസഭാ വോട്ടെടുപ്പിൽ ബിജെപി–ശിവസേന സഖ്യം ഒരുമിച്ചു മത്സരിക്കുമ്പോഴാണ് സേനയുടെ മുതിർന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് റാവുത്ത് വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.

ഇരു പാർട്ടി ക്യാംപുകളെയും പ്രതിരോധത്തിലാക്കിക്കൊണ്ട് വോട്ടെടുപ്പിന്റെ തലേന്നു തന്നെയാണ് ഇത്തരമൊരു പ്രസ്താവന വന്നതെന്നതും ശ്രദ്ധേയം. മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവി മാറ്റിമറിക്കുന്നതായിരിക്കും സേന തലവൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ തിരഞ്ഞെടുപ്പു രംഗപ്രവേശമെന്നും ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’യിലെഴുതിയ കോളത്തിൽ റാവുത്ത് വ്യക്തമാക്കി. 

പ്രതിപക്ഷ കക്ഷികളുടെ ശക്തി കുറഞ്ഞു വരികയാണെന്നും ബിജെപി സഖ്യത്തെ നേരിടാൻ തക്ക ശക്തിയുള്ള ‘മല്ലന്മാരൊന്നും’ സംസ്ഥാനത്ത് അവശേഷിക്കുന്നില്ലെന്നും അടുത്തിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. ഇക്കാര്യം എടുത്തു പറഞ്ഞായിരുന്നു റാവുത്തിന്റെ ലേഖനം. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടും എന്തുകൊണ്ടാണ് മോദി പത്തും അമിത് ഷാ മുപ്പതും ഫഡ്നാവിസ് തന്നെ നൂറോളവും റാലികൾ നടത്തിയതെന്നു മനസ്സിലാകുന്നില്ല. നേരത്തേ എൻസിപി തലവൻ ശരദ് പവാറും ഇതേ സംശയം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ സംശയത്തിലും തെറ്റു പറയാനാകില്ലെന്നും റാവുത്ത് വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വെല്ലുവിളിയുള്ളതു കൊണ്ടുതന്നെയാണ് ഇത്രയേറെ റാലി നടത്താൻ ബിജെപിക്കു മേൽ സമ്മർദമുണ്ടായതെന്നും സാമ്നയുടെ എക്സിക്യുട്ടിവ് എഡിറ്റർ കൂടിയായ റാവുത്ത് പറഞ്ഞു. 

Maharashtra Election Malayalam
ആദിത്യ താക്കറെ

ആദിത്യ താക്കറെയെ മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കു ഉയർത്തിക്കൊണ്ടുവരുന്നതിന്റെ സൂചനകളും റാവുത്ത് നൽകി. നിയമസഭയിൽ വെറുതെയിരിക്കാനല്ല ആദിത്യ മത്സരിക്കുന്നത്. ആദിത്യ സംസ്ഥാനത്തെ നയിക്കണമെന്ന യുവതലമുറയുടെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടിയാണത്–റാവുത്ത് വ്യക്തമാക്കി. താക്കറെ കുടുംബത്തിൽ നിന്ന് ഇതാദ്യമായാണ് ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുംബൈയിലെ വർളിയിൽ നിന്നാണ് ആദിത്യയുടെ മത്സരം. 

സംസ്ഥാനത്തിന്റെ ‘ഭൂമിശാസ്ത്രപരമായ അതിരുകൾ’ കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയാണു സേന നിലകൊള്ളുന്നതെന്ന റാവുത്തിന്റെ വാക്കുകളും ലക്ഷ്യമിട്ടത് ബിജെപിയെയായിരുന്നു. മഹാരാഷ്ട്രയിൽ നിന്നു മാറി വിദർഭ സംസ്ഥാനത്തിനു രൂപംകൊടുക്കുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് അടുത്തിടെ ഒരു റാലിയിൽ ഫഡ്നാവിസ് പറഞ്ഞിരുന്നു. ചെറിയ സംസ്ഥാനങ്ങൾ വേണമെന്നാണ് ബിജെപി ആഗ്രഹം. പക്ഷേ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്നും ഫഡ്നാവിസ് ചൂണ്ടിക്കാട്ടി. എന്നാൽ വിദർഭ മേഖലയെ അടർത്തിമാറ്റുന്നതിനെതിരെയുള്ള നിലപാടാണ് സേനയുടേത്. 

ഇതാദ്യമായാണ് ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതും അയോധ്യയിലെ രാമക്ഷേത്രവും പോലുള്ള വിഷയങ്ങൾ മഹാരാഷ്ട്ര തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ഉയർന്നതെന്നും റാവുത്ത് ചൂണ്ടിക്കാട്ടി. പക്ഷേ സേനയുടെ ലക്ഷ്യം സാധാരണക്കാരുടെ ക്ഷേമമാണ്. സാധാരണക്കാര്‍ക്കായി 10 രൂപയ്ക്ക് ഊണും ഒരു രൂപയ്ക്ക് മെഡിക്കൽ ചെക്കപ്പുമാണ് സേനയുടെ വാഗ്ദാനം. സാധാരണക്കാർക്കു വേണ്ടിയും സംസാരിക്കാൻ ആളുണ്ടെന്ന് ഉറപ്പാക്കാനാണിത്. ഫഡ്നാവിസ് അഞ്ചു വർഷം സംസ്ഥാനത്തിനു വേണ്ടി ചെയ്ത കാര്യങ്ങൾ വിലയിരുത്താൻ കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. 

കുറഞ്ഞത് 37 മണ്ഡലങ്ങളിലെങ്കിലും വിമതരുണ്ട്. നേരത്തേ ബിജെപിയും സേനയും വെവ്വേറെ മത്സരിക്കാനായിരുന്നു തീരുമാനിച്ചത്. പിന്നീടാണ് ഇരുവരും തമ്മിൽ സീറ്റുവിഭജനം വന്നത്. അതിൽ നീരസമുള്ള പലരും ഒറ്റയ്ക്കു മത്സരിക്കുന്നുണ്ട്. അത് അവരുടെ മണ്ഡലത്തിലെ നേതാവെന്ന നിലയിലുള്ള പ്രസക്തി നഷ്ടപ്പെടാതിരിക്കാനാണ്. അതിനാൽത്തന്നെ അവരെ വിമതരെന്നു വിളിക്കാന്‍ താനാഗ്രഹിക്കുന്നില്ലെന്നും റാവുത്ത് വ്യക്തമാക്കി. 21ന് 288 നിയമസഭാ മണ്ഡലങ്ങളിലേക്കായി നടക്കുന്ന വോട്ടെടുപ്പിൽ 24നാണ് വോട്ടെണ്ണൽ.

English Sumamry: Why so many rallies of Modi, Shah if no Oppn challenge? Shiv Sena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com