ADVERTISEMENT

പത്തനംതിട്ട ∙ കൊച്ചി നഗരത്തെ മുക്കിയത് റെക്കോഡ് മഴ. തിങ്കൾ രാവിലെ എട്ടു മണിവരെ 24 മണിക്കൂറിനിടയിൽ രാജ്യത്തു തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണ് എറണാകുളം സൗത്തിൽ ലഭിച്ചത്. ഇവിടുത്തെ ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ  മഴമാപിനിയിൽ ഏകദേശം 200 മില്ലീമീറ്റർ മഴ (20 സെന്റീമീറ്റർ) പെയ്തിറങ്ങിയതാണു മെട്രോ നഗരത്തെ ഒരൊറ്റ ജലനിരപ്പിനടിയിലാക്കിയത്. ചെളിയും പ്ലാസ്റ്റിക്കും മാലിന്യവും കുളവാഴയും നിർമാണത്തിനിടെ ഉപേക്ഷിക്കുന്ന പാഴ് വസ്തുക്കളും കൊണ്ടു നിറഞ്ഞു കിടക്കുകയാണ് എറണാകുളത്തെ മിക്ക തോടുകളും ഉൾനാടൻ ജലപാതകളും. പലതിനും ആഴം കുറയുകയും ചെയ്തു.

എറണാകുളം സൗത്ത് സ്റ്റേഷനിലും വൈറ്റിലയിലും എംജി റോഡിലും മേനക ഭാഗത്തും ഉൾപ്പെടെ ഇതു വരെ കാണാത്ത വെള്ളക്കെട്ടിനാണ് കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചി സാക്ഷ്യം വഹിച്ചത്. ഇന്നു രാവിലെ 8 വരെ കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ 16 സെന്റിമീറ്റർ മഴ ലഭിച്ചു. സമീപ നഗരമായ വൈക്കത്ത് 19 സെന്റിമീറ്ററും ആലപ്പുഴയിൽ 17 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി.

എന്നാൽ സിയാൽ ഉൾപ്പെടുന്ന നെടുമ്പാശേരിയിൽ 3 സെന്റിമീറ്റർ മാത്രമാണ് മഴ പെയ്തത്. ആലുവയിലും നേരിയ മഴ മാത്രം.  ഇതിനർഥം വൈക്കത്തിനും എറണാകുളത്തിനും ആലപ്പുഴയ്ക്കുമിടയിലുള്ള ഏകദേശം 25–40  കിലോമീറ്റർ വിശാലമായ പ്രദേശം രാവു വെളുക്കുവോളം അതിതീവ്രമഴയുടെ പിടിയിലമർന്നുവെന്നാണ്. ഇത്രയും ചതുരശ്ര കിമീ ചുറ്റളവിൽ ശക്തമായ മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് സ്വാഭാവികം.

കാലാവസ്ഥാ മാറ്റ ഫലമായി ഇത്തരം തീവ്രമഴകൾ കഴിഞ്ഞ 2 വർഷമായി കേരളത്തിൽ വർധിച്ചു വരികയാണെന്നു കണക്കുകളിൽ നിന്നു വ്യക്തമാകും. ഇതിനെ നേരിടാൻ ആവശ്യമായ ഹെവി ഡ്യൂട്ടി പമ്പുകളും മറ്റും നഗരവികസനത്തിന്റെയും നഗരാസൂത്രണത്തിന്റെയും ഭാഗമാക്കുക മാത്രമാണ് ഇതിൽ നിന്നുള്ള മോചനമെന്ന് വിദഗ്ധർ പറയുന്നു.

മുംബൈയിലും മറ്റും പതിവായി മാറിയ ഇത്തരം മിന്നൽ നഗരപ്രളയങ്ങളെ നേരിടാൻ കൊച്ചി ഒരുങ്ങേണ്ടിയിരിക്കുന്നു. ദീർഘവീക്ഷണമുള്ള റയിൽവേ പോലും ഇതു മുന്നിൽ കണ്ടില്ല എന്നതാണു നഗരാസൂത്രകരെ ഞെട്ടിക്കുന്നത്.  ഉയർന്ന വെള്ളത്തിന്റെ നില രേഖപ്പെടുത്തി പുതിയ നഗരാസൂത്രണ ഭൂപടങ്ങളിൽ ഈ ഇടങ്ങൾ അടയാളപ്പെടുത്താൻ നടപടി ഉണ്ടാകണമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിർദേശം. കടൽ കയറി നിൽക്കുന്ന വേലിയേറ്റ സമയമാകാതിരുന്നതും ഭാഗ്യമായി.

ചന്ദ്രന്റെ നിലയുമായി ബന്ധപ്പെട്ടാണു പലപ്പോഴും കടൽ നിരപ്പ് ഉയരുകയും താഴുകയും ചെയ്യുന്നത്. ചാന്ദ്ര ആകർഷണ ഫലമായി ഉയർന്നു നിൽക്കുകയായിരുന്നെങ്കിൽ കടൽ പ്രളയജലം ഒട്ടും എടുക്കാതെ നിൽക്കും. കടൽക്കുത്ത് എന്ന ഈ പ്രതിഭാസമാണു കഴിഞ്ഞ പ്രളയകാലത്ത് വേമ്പനാട് കായൽ നിറഞ്ഞ് കോട്ടയത്തും കുട്ടനാട്ടിലും വെള്ളം ഇറങ്ങാതെ ദിവസങ്ങളോളം ഉയർന്നു നിൽക്കാൻ കാരണമായത്.

കേരളത്തിലെ മറ്റു മഴമാപിനികളിൽ ലഭിച്ച 10 സെമീയും അതിനു മുകളിലുമുള്ള മഴ:

ആലപ്പുഴ, മങ്കൊമ്പ് (17 സെമീ)

കുറവിലങ്ങാട്–കോഴ (14)

പുനലൂർ (12)

കാഞ്ഞിരപ്പള്ളി (12)

കോന്നി (11)

കോട്ടയം (10)

English Summary: Record Rainfall Submerged Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com