ADVERTISEMENT

തിരുവനന്തപുരം∙ അഞ്ചിൽ ആരു പുഞ്ചിരിക്കും? കേരളത്തിലെ വോട്ടർമാരാണ് ഇതിന് ഉത്തരം പറയേണ്ടത്. മുന്നണികൾക്കിടയിലെ വീറും വാശിയും ഒട്ടും ചോരാതെ ഇന്ന് അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്.

അഞ്ചു മണ്ഡലങ്ങളിലായി ആകെ 9,57,509 പേർക്കാണ് സമ്മതിദാനാവകാശമുള്ളത്. ഇത്തവണ അഞ്ചിടത്തുമായി 12,780 വോട്ടർമാർ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ വർധിച്ചിട്ടുണ്ട്. ആകെ 35 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. വട്ടിയൂർക്കാവ്- 8, കോന്നി–5, അരൂർ- 6, എറണാകുളം- 9, മഞ്ചേശ്വരം- 7. ആകെ 896 പോളിങ് സ്‌റ്റേഷനുകളാണ് അഞ്ചിടത്തുമായുള്ളത്. 5225 പോളിങ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. 24നാണ് അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ.

എംഎൽഎ പി. ബി. അബ്ദുറസാഖിന്റെ നിര്യാണത്തെത്തുടർന്നാണ് മഞ്ചേശ്വരത്ത് ഒഴിവുവന്നത്. കെ. മുരളീധരൻ, അടൂർ പ്രകാശ്, എ.എം. ആരിഫ്, ഹൈബി ഈഡൻ എന്നിവർ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലും ഒഴിവുവന്നു. 2016ലെ തിരഞ്ഞെടുപ്പിൽ അരൂരിലായിരുന്നു റെക്കോർഡ് പോളിങ്–85.43%. മഞ്ചേശ്വരം (76.19), കോന്നി (73.19), എറണാകുളം (71.60), വട്ടിയൂർക്കാവ് (69.83) എന്നിങ്ങനെയാണു വോട്ടിങ് ശതമാനം. നാലിടത്തും സംസ്ഥാന ശരാശരിയായ 77.35% തൊട്ടില്ല. 

മഞ്ചേശ്വരത്ത് 198 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. എറണാകുളത്ത് 135 ഉം അരൂർ 183 ഉം കോന്നിയിൽ 212 ഉം വട്ടിയൂർക്കാവിൽ 168 ഉം പോളിങ് സ്‌റ്റേഷനുകളുണ്ട്. എല്ലാ മണ്ഡലങ്ങളിലും പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകരെയും തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. മഞ്ചേശ്വരത്ത് 63ഉം അരൂരിൽ ആറും കോന്നിയിൽ 48ഉം വട്ടിയൂർക്കാവിൽ 13ഉം ഉൾപ്പെടെ ആകെ 130 മൈക്രോ ഒബ്‌സർവർമാർമാരെയും നിയോഗിച്ചിട്ടുണ്ട്. എറണാകുളം മണ്ഡലത്തിൽ മൈക്രോ ഒബ്‌സർവർമാർ ഇല്ല. മഞ്ചേശ്വരത്ത് 19ഉം എറണാകുളത്തും അരൂരും വട്ടിയൂർക്കാവിലും 14 വീതവും, കോന്നിയിൽ 25 ഉം സെക്ടറൽ ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്. 

സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത് 3696 പൊലീസ് ഉദ്യോഗസ്ഥരെ. 33 ഡിവൈഎസ്പിമാരും 45 സർക്കിൾ ഇൻസ്പക്ടർമാരും 511 എസ്ഐമാരും ഉൾപ്പെടെയാണിത്. കേന്ദ്ര വ്യവസായ സുരക്ഷിതത്വ സേനയുടെ 6 പ്ലറ്റൂണിനെയും വിന്യസിച്ചിട്ടുണ്ട്.  മഞ്ചേശ്വരത്ത്് 2 പ്ലറ്റൂണും മറ്റു മണ്ഡലങ്ങളിൽ ഒരു പ്ലറ്റൂണും വീതമാണുള്ളത്. എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന ഇലക്‌ഷൻ സെൽ എല്ലാ മണ്ഡലങ്ങളിലും സുഗമമായ വോട്ടെടുപ്പ്  ഉറപ്പാക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ വോട്ടർ തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് 11 തിരിച്ചറിയൽ രേഖകളിൽ ഒന്ന് ഹാജരാക്കി വോട്ട് ചെയ്യാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. (1) പാസ് പോർട്ട്, (2) ഡ്രൈവിങ് ലൈസൻസ്, (3) സംസ്ഥാന-കേന്ദ്ര സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ/പൊതുമേഖലാ കമ്പനികൾ എന്നിവർ ജീവനക്കാർക്ക് നൽകിയിട്ടുള്ള ഫോട്ടോ പതിച്ച സർവീസ് ഐഡന്റിറ്റി കാർഡ്, (4) ബാങ്ക്/പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലെ ഫോട്ടോ പതിച്ച പാസ് ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കുകൾ നൽകിയിട്ടുള്ളവ ഒഴികെ), (5) പാൻ കാർഡ്, (6) റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ എൻപിആറിനു കീഴിൽ നൽകിയിട്ടുള്ള സ്മാർട് കാർഡ്, (7) എംഎൻആർഇജിഎ ജോബ് കാർഡ്, (8) തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് സ്മാർട് കാർഡ്, (9) ഫോട്ടോ പതിച്ച പെൻഷൻ രേഖ, (10) എംപി, എംഎൽഎ മാർക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, (11) ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നാണു ഹാജരാക്കേണ്ടത്. വോട്ട് രേഖപ്പെടുത്തുന്ന പ്രവാസികൾ അവരുടെ അസ്സൽ പാസ്‌പോർട്ട് തന്നെ തിരിച്ചറിയൽ രേഖയായി ഹാജരാക്കണം.

5 മണ്ഡലങ്ങളിൽ പോരാട്ടമിങ്ങനെ...

വട്ടിയൂർക്കാവ്:  2016ൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള പോരാട്ടമായിരുന്നു. ബിജെപി ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുന്നുവെങ്കിലും ഇത്തവണ മുന്നണികളാണു നേർക്കുനേർ. സാമുദായിക അടിയൊഴുക്കുകൾ നിർണായക പങ്കു വഹിക്കും.

കോന്നി: സാമുദായിക കണക്കുകളാണു മുന്നണികൾ എണ്ണുന്നത്. ശക്തമായ ത്രികോണ മത്സരത്തിലേക്കു ബിജെപി കളത്തെ മാറ്റിയതിന്റെ അനിശ്ചിതത്വം ഇരു മുന്നണികൾക്കും.

അരൂർ: എൽഡിഎഫും യുഡിഎഫും നേർക്കുനേർ ഒപ്പത്തിനൊപ്പം മത്സരിക്കുന്ന അരൂരിൽ ഫലം പ്രവചനാതീതം. എ.എം.ആരിഫ് മുപ്പത്തിയെണ്ണായിരത്തോളം വോട്ടിനു 2016ൽ വിജയിച്ച രാഷ്ട്രീയ ചിത്രം മാറി.

എറണാകുളം: യുഡിഎഫിന്റെ ഏറ്റവും സുരക്ഷിതമായ 20 സീറ്റുകളിലൊന്ന് എന്നു സിപിഎം തന്നെ വിശേഷിപ്പിക്കുന്ന എറണാകുളത്ത് ആ മേധാവിത്വം തുടരാൻ കഴിയുമെന്ന വിശ്വാസത്തിൽ കോൺഗ്രസ്. വിട്ടുകൊടുക്കാതെ പൊരുതി എന്ന തൃപ്തിയിലാണു സിപിഎം.

മഞ്ചേശ്വരം: 3 മുന്നണികൾക്കും പ്രതീക്ഷയുണ്ടെങ്കിലും അമിത ആത്മവിശ്വാസം ആർക്കുമില്ല. കഴി‍ഞ്ഞതവണ ബിജെപി രണ്ടാമതെത്തിയ ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ എന്നതിലേക്കു പോരാട്ടം അവസാനനിമിഷം കടുക്കുന്നുവെങ്കിലും പതറാതെ ശ്രമിക്കുകയാണു ബിജെപി.

English Sumamry: All you need to know about Kerala Bypoll 2019, Total Voters, Candidates, Infographics

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com