ADVERTISEMENT

ചണ്ഡിഗഡ്∙ ഭരണം നിലനിർത്താന്‍ ബിജെപി, അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസ്– അടുത്ത അഞ്ചു വർഷം ഹരിയാന ആരു ഭരിക്കണമെന്നു തീരുമാനിക്കാൻ ഇന്നു വോട്ടർമാർ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത് 1169 സ്ഥാനാര്‍ഥികളാണ്. ഇവരിൽ 104 പേർ വനിതകൾ. ആകെയുള്ള 1.83 കോടിയോളം വോട്ടർമാരിൽ 99 ലക്ഷം പുരുഷന്മാരും 85 ലക്ഷം വനിതകളുമാണുള്ളത്. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ 252 പേരുമുണ്ട്. 

19,578 പോളിങ് ബൂത്തുകളിലായി രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പെന്ന് ഹരിയാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അനുരാഗ് അഗർവാൾ അറിയിച്ചു. വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണം ഉൾപ്പെടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. വിവിപാറ്റ് ഉൾപ്പെടെ 27,611 വോട്ടിങ് യന്ത്രങ്ങളും സജ്ജമാക്കി. സംസ്ഥാനത്താകെ 75,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നതെന്ന് ഡിജിപി മനോജ് യാദവ അറിയിച്ചു.

ഭരണകക്ഷിയായ ബിജെപിക്ക് നിലവിൽ നിയമസഭയിൽ 48 എംഎല്‍എമാരാണുള്ളത്. ഐഎൻഎൽഡിക്ക് 19ഉം കോൺഗ്രസിന് 17ഉം എംഎൽഎമാരുണ്ട്. ബിഎസ്പിക്കും ശിരോമണി അകാലിദളിനും ഓരോ സീറ്റ് വീതമുണ്ട്. ശേഷിച്ച സീറ്റുകളിൽ സ്വതന്ത്രരാണ്. ഇത്തവണ ബിജെപി, കോൺഗ്രസ്, ജെജെപി, ബിഎസ്പി, എഎപി, ഐഎൻഎൽഡി, ശിരോമണി ആകാലിദൾ, സ്വരാജ് ഇന്ത്യ പാർട്ടി, ലോക്തന്ത്ര സുരക്ഷ പാർട്ടി എന്നിവയാണ് മത്സരരംഗത്തുള്ളത്. ഇന്ത്യൻ നാഷനൽ ലോക്‌ദളിൽ നിന്നു പിരിഞ്ഞ് ദുഷ്യന്ത് ചൗട്ടാല രൂപീകരിച്ച ജൻനായക് ജനതാ പാർട്ടിയാണ്(ജെജെപി) ഈ തിരഞ്ഞെടുപ്പിലെ പുതുമുഖം. 

ബിജെപിയും കോൺഗ്രസും 90 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമ്പോൾ 81 സീറ്റിൽ ഐഎൻഎൽഡി–ശിരോമണി അകാലിദൾ സഖ്യം മത്സരിക്കുന്നു. സംസ്ഥാനത്തെ ജനസംഖ്യയിൽ 25 ശതമാനം വരുന്ന ജാട്ടുകളായിരിക്കും ഹരിയാനയിലെ നിർണായക സ്വാധീന ശക്തിയാവുക. ഈ വിഭാഗത്തിൽ നിന്നുള്ള 20 സ്ഥാനാർഥികളെ ബിജെപിയും 33 പേരെ ജെജെപിയും 26 പേരെ കോൺഗ്രസും നിയോഗിച്ചിട്ടുണ്ട്. 17 സംവരണ മണ്ഡലങ്ങളാണ് ഹരിയാനയിലുള്ളത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 10 സീറ്റുകളിലും വിജയിച്ച ഹരിയാന 58.21% വോട്ടും സ്വന്തമാക്കിയിരുന്നു.

English Sumamry: BJP looks to retain power, Congress eyes comeback as Haryana goes to polls on October 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com