ADVERTISEMENT

തിരുവനന്തപുരം∙ മഴ പെയ്താലും ഇല്ലെങ്കിലും സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന വോട്ടെടുപ്പിൽ ‘തണുപ്പൻ’ പ്രതികരണം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ്, 2019 ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ച് മണ്ഡലത്തിലും ഇത്തവണ വോട്ടിങ് ശതമാനം കുറഞ്ഞു. എറണാകുളത്തൊഴികെ ബാക്കി നാലു മണ്ഡലങ്ങളിലും നേരിയ തോതിലാണ് വോട്ടിങ് ശതമാനം കുറഞ്ഞത്. എന്നാൽ തിരഞ്ഞെടുപ്പു ഫലം സംബന്ധിച്ച പ്രവചനങ്ങളെയെല്ലാം മാറ്റിമറിക്കും വിധമായിരുന്നു എറണാകുളത്തെ പോളിങ്. 

71.72% ആയിരുന്നു 2016ൽ എറണാകുളത്തെ പോളിങ്. 2019ൽ ഇത് 73.29ലേക്ക് ഉയർന്നു. എന്നാൽ ഏറ്റവും ഒടുവിലെ കണക്കു പ്രകാരം എറണാകുളത്ത് 57.86 ശതമാനമാണ് പോളിങ്. ഏതാനും മാസത്തിനിടെ ഉണ്ടായിരിക്കുന്നത് ഏകദേശം 15 ശതമാനത്തിന്റെ കുറവ്.

മുന്നണികളുടെ വിജയപ്രതീക്ഷകളായിരുന്നു അപ്രതീക്ഷിതമായി പെയ്ത മഴയ്ക്കൊപ്പം ഒലിച്ചു പോയതെന്നാണ് വിലയിരുത്തൽ. ആരുടെ വോട്ടാണ് ‘മഴയിൽ’ ഇല്ലാതായതെന്നതു വ്യക്തമാകാൻ പക്ഷേ 24ലെ വോട്ടെണ്ണൽ വരെ കാത്തിരിക്കണമെന്നു മാത്രം. അഞ്ച് മണ്ഡലങ്ങളിൽ ഏറ്റവും കുറവ് വോട്ടു രേഖപ്പെടുത്തിയതും എറണാകുളത്താണ്. ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത് അരൂരും–80.06%. 

രാവിലെ ആറു മണിക്കു തന്നെ എല്ലായിടത്തും വോട്ടെടുപ്പ് ആരംഭിച്ചു. മഴ കനത്തതോടെ രാവിലെ എട്ടു മണിയോടെ തന്നെ എറണാകുളത്തെയും വട്ടിയൂർക്കാവിലെയും പോളിങ് ബൂത്തുകളിലെ ‘ക്ഷീണം’ വ്യക്തമായിരുന്നു. എറണാകുളത്ത് പലയിടത്തും ബൂത്തുകളിൽ വെള്ളം കയറി. ഇടമുറിയാതെ മഴ പെയ്തതോടെ റോഡുകളും വെള്ളത്തിൽ മുങ്ങി. ഗതാഗതം തടസ്സപ്പെട്ടു. അതോടെ എറണാകുളത്ത് എട്ടു മണി വരെ ആകെ രേഖപ്പെടുത്തിയത് 2.37% വോട്ട്. എട്ടു വരെ വട്ടിയൂർക്കാവില്‍ രേഖപ്പെടുത്തിയത് 3.96 ശതമാനവും. അതേസമയം കോന്നിയിൽ 6.09ഉം മഞ്ചേശ്വരത്ത് 5.6ഉം അരൂരിൽ 4.94ഉം ആയിരുന്നു വോട്ടിങ് ശതമാനം. 

വട്ടിയൂർക്കാവിലും കോന്നിയിലും മഴ കുറഞ്ഞതോടെ ഓരോ രണ്ടു മണിക്കൂർ ഇടവിട്ടും ഏകദേശം 15% എന്ന കണക്കിൽ വൈകിട്ട് അഞ്ചു വരെ പോളിങ് ഉയർന്നുകൊണ്ടേയിരുന്നു. എന്നാൽ ഉച്ചയ്ക്ക് 12നു വരെ 16.3% ആയിരുന്നു എറണാകുളത്തെ പോളിങ്. ഉച്ചയ്ക്ക് രണ്ടിന് അത് 30.86 ശതമാനത്തിലേക്ക് ഉയർന്നു. നാലിന് 46.36 ശതമാനവുമെത്തി. ആറു മണിവരെ അവസാന കണക്ക് പ്രകാരം ആകെയുള്ള 1,55,306 വോട്ടർമാരിൽ പോളിങ് ബൂത്തിലേക്ക് എത്തിയത് 89868 പേർ മാത്രം. 

മഞ്ചേശ്വരത്ത് ആകെയുള്ള 2,14,779 വോട്ടർമാരിൽ 1,59,844 പേർ പോളിങ് ബൂത്തിലെത്തി.

അരൂരിൽ ആകെയുള്ള 1,91,898 പേരിൽ 1,53,634 വോട്ടർമാർ ബൂത്തിലെത്തി.

കോന്നിയിൽ ആകെയുള്ള വോട്ടർമാർ 1,97,956 ആണ്. ഇവരിൽ 1,28,646 പേർ പോളിങ് ബൂത്തിലെത്തി.

വട്ടിയൂർക്കാവിൽ ആകെയുള്ള 1,97,570 വോട്ടർമാരിൽ 1,23,804 പേരും വോട്ട് രേഖപ്പെടുത്തി.

English Summary: How Rain affects Byelection for 5 Assembly Constituencies in Kerala - Voter's Turnout in Infographics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com