sections
MORE

എന്തിനാണു സാറേ വോട്ടു ചെയ്യുന്നേ... ദേ... ഇതു കണ്ടില്ലേ

25
Show All
SHARE

കൊച്ചി∙ ‘വോട്ടു ചെയ്യുന്നില്ലേ’ എന്ന ചോദ്യത്തിന് തോടും റോഡും തിരിച്ചറിയാത്ത വെള്ളക്കെട്ടു ചൂണ്ടിക്കാട്ടി നിസഹായതയോടെ എളങ്കുളം സ്വദേശിനി ദിവ്യ എന്ന വോട്ടറുടെ പ്രതികരണമാണ് ഈ വാർത്തയുടെ തലക്കെട്ടിൽ.

ഇന്നു രാവിലെ മുതൽ മിക്ക വോട്ടർമാരുടെയും മനസിൽ ഇതേ ചോദ്യമാണ് ഉയർന്നതെന്ന് വ്യക്തമാക്കുന്നതാണ് പിന്നീടങ്ങോട്ടു കണ്ട പോളിങ് ശതമാനത്തിലെ ഇടിവ്. ഈ മഴയത്ത് നനഞ്ഞു കുളിച്ച് എന്തിന് വോട്ടു ചെയ്യാൻ പോകണം എന്ന മനോഭാവം. കനത്ത മഴയിൽ ഉച്ചവരെ തണുത്തു നിന്ന പോളിങ് ശതമാനം അൽപമെങ്കിലും ചൂടുപിടിച്ചത് ഉച്ചയോടെ മഴയൊന്ന് ശാന്തമായ ശേഷം. 

പൊളിഞ്ഞ റോഡും കൊതുകും കുടിവെള്ളവുമായിരുന്നു ഇന്നലെ വരെ എറണാകുളം മണ്ഡലത്തിലെ പ്രചാരണ വിഷയമെങ്കിൽ ഒറ്റ ദിവസം കൊണ്ട് കാര്യങ്ങൾ ആകെ മാറി മറിയുന്നതായിരുന്നു രാവിലത്തെ കാഴ്ച. പത്തു മണിക്കൂറിൽ താഴെ മാത്രം മഴ നിന്നു പെയ്തതപ്പോഴേയ്ക്ക് റോഡുകളും റെയിൽവേ സ്റ്റേഷനും തുടങ്ങി കൊച്ചി നഗരം ആകെ വെള്ളക്കെട്ടിനുള്ളിലായി.

അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും എറണാകുളം നിയോജക മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു വിജയത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി അറിയേണ്ടത്. സാധാരണ നിലയിൽ ഉയർന്ന പോളിങ് ശതമാനം പ്രകടമാകേണ്ട മണ്ഡലത്തിൽ വളരെ കുറവ് പോളിങ് മാത്രമാണ് ഇന്ന് നടന്നിട്ടുള്ളത്.

kochi-rain-4
എറണാകുളത്ത് കനത്ത മഴയിലുണ്ടായ വെള്ളക്കെട്ട്. ചിത്രം – ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

രാവിലെ എറണാകുളം മണ്ഡലത്തിലെ ആദ്യ പോളിങ് ശതമാനം വരുമ്പോൾ തന്നെ അപകടം മണത്തു തുടങ്ങി. ഏഴുമണിക്ക് പല ബൂത്തുകളിലും വോട്ടെടുപ്പു തുടങ്ങാനേ സാധിച്ചില്ല. പലയിടത്തും വെള്ളക്കെട്ടിൽ നിന്ന് വോട്ടിങ് തുടങ്ങിയെങ്കിലും ബൂത്തുകൾ മാറ്റി സ്ഥാപിക്കേണ്ടി വന്നു. എട്ടുമണിക്ക് ആദ്യ പോളിങ് ശതമാനം വരുമ്പോൾ അത് മൂന്നു ശതമാനത്തിൽ താഴെ മാത്രം.

തുടർന്നുള്ള മണിക്കൂറുകളിൽ മറ്റ് നാലു മണ്ഡലങ്ങളിലും മികച്ച പോളിങ് ശതമാനം പ്രകടമായപ്പോൾ എറണാകുളം മാത്രം പിന്നോട്ടു നിന്നു. വോട്ടെടുപ്പു മാറ്റിവയ്ക്കേണ്ടി വന്നേക്കുമെന്ന ആശങ്കയും ഇതിനിടെ ഉയർന്നു. ഇക്കാര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനമെടുക്കുമെന്നായിരുന്നു കലക്ടറുടെ പ്രഖ്യാപനം. കലക്ടറോട് റിപ്പോർട് തേടിയതായും അതിനനുസരിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നുമായിരുന്നു കലക്ടറുടെ പ്രഖ്യാപനം. 

ഉത്തരവാദികൾ കോർപ്പറേഷൻ? വോട്ടെടുപ്പിനെ ബാധിക്കുമോ?

എറണാകുളം നഗരത്തിലെ വെള്ളക്കെട്ടുകൾ പരിഹരിക്കേണ്ടത് ആരെന്ന ചോദ്യത്തിന് അർഥശങ്കയ്ക്കിടയില്ലാത്ത ഉത്തരമുണ്ട്. കൊച്ചി കോർപ്പറേഷൻ തന്നെ. ഉത്തരവാദികൾ കോർപ്പറേഷൻ ഭരിക്കുന്നവർ എന്നു വോട്ടർമാർക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. കോർപ്പറേഷൻ ഡപ്യൂട്ടി മേയർ നിയമസഭയിലേയ്ക്ക് മൽസരിക്കുമ്പോൾ ഉത്തരം പറയാൻ അദ്ദേഹവും ബാധ്യസ്ഥനാണെന്ന നിലപാടിലാണ് വോട്ടർമാർ.

ഇതിനിടെ മണ്ഡല സന്ദർശനത്തിനെത്തിയ യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദിന് വോട്ടർമാരുടെ പ്രതികരണത്തിന്റെ ചൂടറിയേണ്ട സാഹചര്യവുമുണ്ടായി. ഒരുവേള മാധ്യമങ്ങൾക്കും സ്ഥാനാർഥിക്കും മുന്നിൽ പ്രതിഷേധം അണപൊട്ടിയൊഴുകി. ഇതെല്ലാം വോട്ടിൽ പ്രതിഫലിച്ചാൽ തിരഞ്ഞെടുപ്പു ഫലം പ്രതീക്ഷിച്ചതിന് അപ്പുറത്താകാനും മതിയെന്നാണ് വിലയിരുത്തൽ. 

എറണാകുളം മണ്ഡലത്തിനു കിട്ടാവുന്ന മികച്ച സ്ഥാനാർഥിയാണ് ടി.ജെ. വിനോദ് എന്നകാര്യത്തിൽ സംശയമില്ല. കാര്യങ്ങളെ പഠിച്ച് കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്നയാൾ എന്ന് എതിർ പാളയവും സമ്മതിക്കും. പാർലമെന്റിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലും നേരത്തെ നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലും ഹൈബി ഈഡൻ സ്വന്തമാക്കിയ വിജയ ശതമാനത്തിലും പ്രതീക്ഷ വച്ചായിരുന്നു തുടക്കം മുതൽ യുഡിഎഫിന്റെ പ്രചാരണം.

വിജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ഓരോ ഘട്ടത്തിലും ടി.ജെ. വിനോദ് പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുമുണ്ട്. റോഡിലെ കുഴികൾക്ക് ഉത്തരവാദി വാട്ടർ അതോറിറ്റിയാണെന്നും റോഡുകൾ പുനർനിർമിക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമായിരുന്നു തുടക്കം മുതൽ ഡപ്യൂട്ടി മേയറും സ്ഥാനാർഥിയുമായ ടി.ജെയുടെ മറുപടി. 

വോട്ടെടുപ്പു ദിനമായിട്ടു പോലും സ്വന്തം വാർഡായ എളങ്കുളത്തേയ്ക്ക് മേയർ തിരിഞ്ഞു നോക്കിയതു പോലുമില്ലെന്നു വോട്ടർമാരിൽ നിന്നു പരാതി ഉയർന്നിരുന്നു. വെള്ളക്കെട്ടിൽ ജനങ്ങൾ വലയുകയും ഉത്തരവാദികൾ സ്ഥാനാർഥി ഉൾപ്പെടുന്ന കോർപ്പറേഷൻ ഭരിക്കുന്നവരാണെന്നും ആരോപണം ഉയർന്നതോടെ വോട്ടറോട് മറുപടി പറയാൻ പോലും അവസരമില്ലാത്ത സാഹചര്യമുയർന്നു. പോളിങ് ശതമാനം കുറഞ്ഞതും യുഡിഎഫ് പാളയത്തെ ഭീതിയിലാക്കി. പെട്ടെന്നുണ്ടായ പ്രതികൂല സാഹചര്യം എങ്ങനെ മറികടക്കുമെന്ന ആശങ്കയിലായി യുഡിഎഫ് പാളയം. എന്നിരുന്നാലും വെള്ളക്കെട്ട് യുഡിഎഫിന് പ്രതികൂല സാഹചര്യമുണ്ടാക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് പ്രചാരണ രംഗത്തുണ്ടായിരുന്നവർ. എറണാകുളം നഗരത്തിലെ വെള്ളക്കെട്ടിന് കോർപ്പറേഷനെ മാത്രം കുറ്റം പറയാനാവില്ലെന്ന നിലപാടിലാണ് മേയറും കൂട്ടരും. 

പോളിങ് ശതമാനം കുറഞ്ഞത് പതിവുപോലെ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ഇടതു പാളയം. വെള്ളക്കെട്ട് ഉൾപ്പടെ കോർപ്പറേഷന്റെ വീഴ്ചകൾ അവസാന ഘട്ടത്തിൽ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. പോളിങ് ശതമാനം കുറഞ്ഞതോടെ ഇടതു വോട്ടർമാരെ പരമാവധി പോളിങ് സ്റ്റേഷനിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പാർട്ടി പ്രവർത്തകരും. പോളിങ് ശതമാനം ഉയർത്താൻ വാഹനങ്ങളിൽ വോട്ടർമാർക്ക് വാഹന സൗകര്യം ഒരുക്കുമെന്ന കലക്ടറുടെ പ്രഖ്യാപനവും ഇടതു പ്രവർത്തകർക്കു നേട്ടമായി. ഇതോടെ കൂടുതൽ ആളുകളെ സ്റ്റേഷനിലെത്തിക്കുന്ന ദൗത്യം പാർട്ടി പ്രവർത്തകർ ഏറ്റെടുത്തു. കൊച്ചി കോർപ്പറേഷൻ ഭരിക്കുന്നവരോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് പോളിങ് നിരക്കിലുണ്ടായിട്ടുള്ള കുറവെന്നാണ് ഇടതു നേതാക്കളുടെ വാദം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA