ADVERTISEMENT

ടൊറന്റോ∙ ‘ഡഗ് ഫോർഡ് ഈ വീടിന്റെ ഐശ്യര്യം’ എന്ന ബോർഡ് ലിബറൽ പാർട്ടി ആസ്ഥാനത്തോ കുറഞ്ഞപക്ഷം ജസ്റ്റിൻ ട്രൂഡോയുടെ വസതിയിലോ വച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം ഒന്റാരിയോ പ്രവിശ്യ തൂത്തുവാരിയ ലിബറൽ പാർട്ടി ഭരണത്തിൽ തുടരും. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന ബലത്തിൽ. ആകെയുള്ള 338 സീറ്റിൽ 157 സീറ്റിലാണ് ലിബറൽ പാർട്ടി വിജയിച്ചത്. പകുതിയിലേറെ സീറ്റ് ഒൻറാരിയോ പ്രവിശ്യ സമ്മാനിച്ചതാണ്. സീറ്റ് മെച്ചപ്പെടുത്തി ആൻഡ്രൂ ഷീയർ മികവു കാട്ടിയെങ്കിലും അന്തിമലക്ഷ്യം നേരിടുന്നതിൽ കൺസർവേറ്റീവ് പാർട്ടി പരാജയപ്പെട്ടു.

121 സീറ്റ് നേടിയ ടോറികൾ പ്രതിപക്ഷമായി തുടരും. ആകെ പോൾ ചെയ്തതിൽ 34.4% വോട്ട് നേടി പക്ഷേ കൺസർവേറ്റീവ് പാർട്ടി കരുത്ത് തെളിയിച്ചു. ലിബറലിന് 33% വോട്ടാണ് ലഭിച്ചത്. ഒന്റാരിയോ പ്രവിശ്യയിലെ പ്രീമിയറായ കൺസർവേറ്റീവ് പാർട്ടി നേതാവ് ഡഗ് ഫോർഡിന്റെ സർക്കാർ എടുത്ത പല തീരുമാനങ്ങളും നടപ്പിലാക്കിയ പല പരിഷ്കാരങ്ങളും നടപടികളും ഈ മേഖലയിൽ, പ്രത്യേകിച്ച് ഗ്രേറ്റർ ടൊറന്റോ മേഖലയിൽ പാർട്ടിയുടെ പതനത്തിനും കാരണമായെന്നാണ് പ്രവർത്തകരുടെപോലും വിശ്വാസം. പ്രവിശ്യയിൽ ലിബറൽ 79 സീറ്റ് നേടിയപ്പോൾ കൺസർവേറ്റീവിന് 36 സീറ്റേ നേടാനായുള്ളു. 

മലയാളികൾക്ക് ഒരിക്കൽക്കൂടി നിരാശയുടെ ഫലമാണ് പാർലമെന്റ് ഫലം സമ്മാനിച്ചത്. ഏക സ്ഥാനാർഥി ടോം വർഗീസ് മിസ്സിസാഗ-മാൾട്ടൺ മണ്ഡലത്തിൽ ഫെഡറൽ മന്ത്രിയും ട്രൂഡോ മന്ത്രിസഭയിലെ മൂന്നാമനെന്നും വിലയിരുത്തപ്പെടുന്ന നവദീപ് ബെയ്ൻസിനോട് പരാജയപ്പെട്ടു. പ്രചാരണത്തിൽ എതിരാളികളെ അമ്പരിപ്പിച്ചു മുന്നേറിയെങ്കിലും ഒന്റാരിയോയിലെ കൺസർവേറ്റീവ് വിരുദ്ധ തരംഗത്തിൽ ടോമിനും അടിപതറുകയായിരുന്നു.

ഏറെ നഷ്ടം സംഭവിച്ചത് ട്രൂഡോയുടെ ലിബറൽ പാർട്ടിക്കാണ്- 27 സീറ്റ്. കഴിഞ്ഞതവണ 184 സീറ്റുകളുമായി അധികാരത്തിലേറിയ ലിബറൽ ഇക്കുറി 157 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകും. കൺസർവേറ്റീവ് പാർട്ടി 22 സീറ്റ് അധികമായി നേടി 121ൽ എത്തി. സിഖുകാരനായ ജഗ്മീത് സിങ്ങിന്റെ എൻഡിപിയുടെ സീറ്റ് നാൽപത്തിനാലിൽനിന്ന് 24 ആയി കുറഞ്ഞു, മൂന്നാം സ്ഥാനത്തുനിന്നു നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പ്രചാരണവേളയിൽ ഉടനീളം ജഗ്മീത് മികവു കാട്ടി റാങ്കിങ് ഉയർത്തിയെങ്കിലും അവ സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് ഉപകാരപ്പെട്ടില്ല. എങ്കിലും ട്രൂഡോയുടേത് ന്യൂനപക്ഷ സർക്കാരാകുമെന്നതിനാൽ ജഗ്മീതിന്റെ നിലപാടുകൾ നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്.

പത്ത് സീറ്റിൽനിന്ന് 32 സീറ്റിലേക്ക് കുതിച്ച ബ്ളോക്ക് കെബെക്വ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞതവണ ദേശീയ കക്ഷി എന്ന അംഗീകാരം പോലും നഷ്ടപ്പെട്ട സ്ഥിതിയിൽനിന്നാണ് ബ്ളോക്ക് കെബെക്വ മാനം വീണ്ടെടുത്തതും കെബെക്കിന്റെ പ്രാധാന്യം വീണ്ടെടുത്തതും. ഇതു താൻ മനസിലാക്കുന്നതായി ജസ്റ്റിൻ ട്രൂഡോ മറുപടി പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു. 

justin-trudeau-canada-pm
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

വിജയത്തിലും ജസ്റ്റിൻ ട്രൂഡോയെ അലോസരപ്പെടുത്താവുന്ന ഒട്ടേറെ ഘടകങ്ങളാണുള്ളത്. ന്യൂനപക്ഷ സർക്കാരായി ചുരുങ്ങിയെന്നതു മാത്രമല്ല, തിരഞ്ഞെടുപ്പ് ഗോദയിലെ ഏറ്റവും വലിയ രാഷ്ട്രീയ വിവാദമായിരുന്ന ലാവലിനുമായി ബന്ധപ്പെട്ട ട്രൂഡോയുമായി ഇടഞ്ഞ് രാജിവച്ച ജോഡി വിൽസൻ റേബോൾഡിൻറെ വിജയവും ഏറെ വിഷമിപ്പിക്കും. ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെ, സ്വതന്ത്ര്യയായി മൽസരിച്ചാണ് ജോഡി റേ വിജയിച്ചതെന്നത് ഇരട്ടിമധുരം പകരുന്നു. പാർലമെന്റിലെ ഏക സ്വതന്ത്ര അംഗം. കാലാവസ്ഥാ വ്യതിയാനവും കാർബൺ ടാക്സുമെല്ലാം സജീവ വിഷയമായിരുന്ന തിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടിയും നില മെച്ചപ്പെടുത്തി. ഒന്നിൽ നിന്ന് മൂന്ന് സീറ്റ്, പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം. 

ഏതാനും തോൽവികളും രാജ്യം ചർച്ച ചെയ്യും. ട്രൂഡോ മന്ത്രിസഭയിൽ അംഗമായിരുന്ന റാൽഫ് ഗുഡാലെ റെജൈന-വസ്കാനയിൽ തോറ്റപ്പോൾ മറ്റൊരു മന്ത്രി ഇന്ത്യൻ വംശജനായ അമർജീത് സോഹി എഡ്മിന്റനിലെ മിൽ വുഡ്സിൽ ടിം ഉപ്പലിനോട് തോറ്റു. കൺസർവേറ്റീപ് പാർട്ടി ഡപ്യൂട്ടി ലീഡർ ലിസ റെയ്റ്റ് മിൽട്ടണിൽ പരാജയമറിഞ്ഞു. പാർട്ടി നേതൃസ്ഥാനത്തേക്ക് ആൻഡ്രൂ ഷീയറിനെതിരെ മൽസരിച്ചു പരാജയപ്പെട്ടതിനു പിന്നാലെ പീപ്പിൾ പാർട്ടി ഓഫ് കാനഡയ്ക്ക് രൂപം നൽകിയ മാക്സിം ബെർണിയെയാണ് തോറ്റ മറ്റൊരു പ്രമുഖൻ. ലാവലിൻ വിവാദത്തിൽ ജോഡി വിൽസൻ റേബോൾഡിന് പിന്തുണ പ്രഖ്യാപിച്ച് കാബിനറ്റിൽനിന്നു രാജിവച്ച് ജെയ്ൻ ഫിൽപോട്ട് മാർകം- സ്റ്റോവിൽ റൈഡിങ്ങിൽ സ്വതന്ത്രയായി മൽസരിച്ചു പരാജയം രുചിച്ചു. ലിബറൽ സ്ഥാനാർഥി ഹെലെനയാണ് ഇവിടെ ജയിച്ചതെന്നതും ശ്രദ്ധേയം. 

ലാവലിൻ കമ്പനിയിലെ ആളുകളുടെ തൊഴിൽ സംരക്ഷിക്കാനായി വഴിവിട്ട് സഹായഹസ്തം നീട്ടിയ ട്രൂഡോയ്ക്ക് കെബെക്കിൽ പക്ഷേ അടിതെറ്റി. മുപ്പത്തിയഞ്ച് സീറ്റേ നേടാനായുള്ളു. ബ്ളോക്കെ കെബെക്വ 32 സീറ്റ് നേടി നഷ്ടപ്രതാപം വീണ്ടെടുത്തു. കൺസർവേറ്റീവിന് പത്തും എൻഡിപിക്ക് ഒന്നും സീറ്റാണ് ലഭിച്ചത്. സസ്കാച്വാനിലും ആൽബർട്ടയിലും കൺസർവേറ്റീവ് തേരോട്ടമായിരുന്നു.

andrew-scheer-jill-scheer
ആൻഡ്രൂ ഷീയറും ഭാര്യ ജിൽ ഷീയറും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ആൽബർട്ടയിൽ മുപ്പത്തിമൂന്ന് സീറ്റ്, സസ്കാച്വാനിൽ പതിനാല്. രണ്ടിടത്തും ലിബറലിന് ഒറ്റ സീറ്റുമില്ല. ആൽബർട്ടയിൽ എൻഡിപിക്ക് ഒരു സീറ്റ് ലഭിച്ചു. ബ്രിട്ടിഷ് കൊളംബിയയിലും കൺസർവേറ്റീവിനായിരുന്നു മുൻകൈ. പതിനേഴ് സീറ്റ്. ലിബറൽ, എൻഡിപി കക്ഷികൾ പതിനൊന്ന് സീറ്റുകൾ വീതം പങ്കുവച്ചു. മാനിറ്റോബയിൽ കൺസർവേറ്റീവ് ഏഴ് സീറ്റ് നേടിയപ്പോൾ ലിബറലിന് നാല്, എൻഡിപിക്ക് മുന്ന് എന്നിങ്ങനെയാണ് സീറ്റ്നില. ന്യു ബ്രൺസ്വിക്കിൽ ലിബറലിന് ആറ്, കൺസർവേറ്റീവിന് മൂന്ന്, ഗ്രീനിന് ഒന്ന് എന്നിങ്ങനെയാണ് സീറ്റു ലഭിച്ചത്. ന്യുഫിൻലൻഡ് ആൻഡ് ലാബ്രഡേറിലു ലിബറൽ ആറ് സീറ്റ് പേരിലാക്കി. കൺസർവേറ്റീവിന് ഒരു സീറ്റും നേടാനായില്ല. എൻഡിപി ഒരു സീറ്റ് നേടി. നോവസ്കോഷ്യയും ലിബറലിനൊപ്പം നിന്നു- പത്ത് സീറ്റ്. കൺസർവേറ്റീവിന് കിട്ടിയത് ഒന്ന്. 

English Summary: Canada election: Trudeau's Liberals win but lose majority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com