ADVERTISEMENT

തിരുവനന്തപുരം∙ മഞ്ചേശ്വരത്തു കള്ളവോട്ടിനു ശ്രമം നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. 43-ാം നമ്പര്‍ ബൂത്തില്‍ നബീസയെന്ന വനിതയാണ് കള്ളവോട്ട് ചെയ്യാനെത്തിയത്. അവര്‍ക്ക് ആ ബൂത്തില്‍ വോട്ടില്ല. ലീഗ് അനുഭാവിയായ നബീസയ്ക്കെതിരെ കേസെടുത്തതായും ടിക്കാറാം മീണ പറഞ്ഞു. വ്യാഴാഴ്ച 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണും. സുതാര്യത ഉറപ്പാക്കാനായി വിവിപാറ്റ് കൗണ്ടിങ് ബൂത്തിലെ സ്ലിപ്പ് വിഡിയോയില്‍ പകര്‍ത്തും.

എന്‍എസ്എസ് വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അവര്‍ അയച്ച തപാല്‍ ഓഫിസില്‍ കിട്ടിയിട്ടുണ്ടെന്നും ഉള്ളടക്കം പരിശോധിച്ചിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. 32 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ സംഘടനകളെയും ബഹുമാനിക്കുന്നയാളാണ്. തിരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തിലാണ് എന്‍എസ്എസിനു മറുപടി പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ അതിനെക്കുറിച്ചു പറയുന്നില്ല. ഖേദപ്രകടനത്തിന്റെ ആവശ്യമില്ല. തന്റെ പ്രസ്താവന സംഘടനയ്ക്ക് എതിരാണെന്ന് എങ്ങനെ വ്യാഖ്യാനിച്ചു എന്നറിയില്ല. ഈ വിഷയത്തില്‍ പ്രസ്താവനയുമായി എന്‍എസ്എസ് മുന്നോട്ടു പോയാല്‍ അപ്പോള്‍ മറുപടി പറയാമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചിൽ ആര്? വിഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ

എന്‍എസ്എസിന്റെ ശരിദൂരമാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ ‘മുഖാമുഖം’ പരിപാടിയില്‍ പങ്കെടുക്കവേ ടിക്കാറാം മീണ പറഞ്ഞത്. എന്‍എസ്എസ് കേരളത്തില്‍ വര്‍ഗീയ പ്രവര്‍ത്തനം നടത്തുന്നു എന്നു പൊതുസമൂഹത്തില്‍ ധാരണ പരത്തുന്ന പ്രസ്താവന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നടത്തിയതായി ആരോപിച്ചാണു സംഘടന വക്കീല്‍ നോട്ടിസ് അയച്ചത്. യുഡിഎഫിനു വോട്ടു ചെയ്യാന്‍ എന്‍എസ്എസ് ആഹ്വാനം െചയ്തതായി കാട്ടി മൂന്നു പരാതികള്‍ ലഭിച്ചിട്ടുണ്ട്. പരാതികളില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടി സ്വീകരിക്കും. റീപോളിങ് ആവശ്യപ്പെട്ടു നിവേദനം ലഭിച്ചിട്ടില്ലെന്നു ടിക്കാറാം മീണ പറഞ്ഞു.

വോട്ടെടുപ്പിന്റെ സമയം നീട്ടാന്‍ പ്രിസൈഡിങ് ഓഫിസറോ പോളിങ് ഓഫിസറോ ആവശ്യപ്പെടണം. തിരഞ്ഞടുപ്പ് കമ്മിഷനല്ല ഇക്കാര്യം തീരുമാനിക്കുന്നത്. വോട്ടു ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ഓഫിസര്‍മാര്‍ റിപ്പോര്‍ട്ടു നല്‍കണം. അതനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുക്കുന്നത്. ഇടയ്ക്ക് ആശങ്ക ഉണ്ടായെങ്കിലും ഉച്ചയ്ക്കുശേഷം മഴ കുറഞ്ഞു. വോട്ടെടുപ്പ് പിറ്റേദിവസത്തേക്കു മാറ്റിയാല്‍ അന്നും മഴ വന്നാല്‍ നേരത്തേ തീരുമാനിച്ച തീയതിയില്‍ വോട്ടെണ്ണാന്‍ കഴിയില്ല. എല്ലാവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കാനാണ് വൈകിട്ട് 6 മണിക്ക് ക്യൂവിലുള്ളവര്‍ക്കു വോട്ടിങിന് അനുമതി നല്‍കിയത്. ഉപതിരഞ്ഞെ‍ടുപ്പില്‍ വിവിപാറ്റ്, ഇവിഎം മെഷീനുകള്‍ക്ക് എതിരെ ആര്‍ക്കും പരാതി ഉണ്ടായില്ല. മഞ്ചേശ്വരത്ത് 24 വിവിപാറ്റ് കേടുവന്നതിനെപറ്റി പരിശോധിക്കും. പരിശീലനത്തിന്റെ കുറവു കാരണം തകരാര്‍ സംഭവിച്ചിരിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.

ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക www.manoramaonline.com/elections

മനസ്സു തുറക്കാതെ മഞ്ചേശ്വരം, വി‍ഡിയോ സ്റ്റോറി കാണാം

English Summary: CEO Kerala Teeka Ram Meena admits bogus vote attempt at Manjeshwaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com