ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമർശനമുയർത്തി കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. പൂര്‍ണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യം ആദ്യം ഉയര്‍ത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന കോടിയേരിയുടെ പ്രസ്താവനയിൽ വസ്തുതാപരമായി നിരവധി പിശകുകളുണ്ടെന്നാണു വിഷ്ണുനാഥിന്റെ വാദം. കമ്യൂണിസ്റ്റായ ഹസ്രത്ത് മൊഹാനി പൂര്‍ണ സ്വരാജിനുള്ള പ്രമേയം അവതരിപ്പിച്ചുവന്നും ഗാന്ധിജി അതിന് അനുകൂലമായില്ലെെന്നുമാണ് കോടിയേരി പറയുന്നത്. പ്രമേയം അവതരിപ്പിച്ച 1921 ലെ അഹമ്മദാബാദ് സമ്മേളനം എന്നാല്‍ എഐസിസി സമ്മേളനമാണ്. അതില്‍ കോണ്‍ഗ്രസ് നേതാവായും പ്രതിനിധിയായുമാണ് ഹസ്രത്ത് മൊഹാനി പങ്കെടുത്തത്. അതു കഴിഞ്ഞ് അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, 1925 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ ഘട്ടത്തില്‍ ഹസ്രത്ത് മൊഹാനി പങ്കെടുത്തിട്ടുണ്ട്– വിഷ്ണുനാഥ് വ്യക്തമാക്കി.

കോടിയേരിയുടെ രണ്ടാമത്തെ വാദം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് നേതൃത്വം കോണ്‍ഗ്രസിന്റെ തലപ്പത്തേക്കു വന്നു എന്നൊക്കെയാണ്. രണ്ടാം ലോക മഹായുദ്ധ ഘട്ടത്തില്‍ സോവിയറ്റ് യൂണിയനും ബ്രിട്ടനും സഖ്യകക്ഷികളായി വന്നപ്പോള്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ചതി കോടിയേരി മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ്. സോവിയറ്റ് യൂണിയന്റെ നിര്‍ദേശപ്രകാരം സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്നു നിന്ന് ഒറ്റുകൊടുക്കുകയായിരുന്നു അവര്‍. കൃത്യമായി പറഞ്ഞാല്‍ 1941 ജൂണ്‍ 21ന് ഹിറ്റ്‌ലര്‍ സോവിയറ്റ് യൂണിയനില്‍ പ്രവേശിച്ചതിനു ശേഷമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ നിലപാട് ബ്രിട്ടന് അനുകൂലമായി മാറിയത്. മോസ്‌കോയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസൃതമായി ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ഘടകമെന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അവര്‍. സര്‍ റജിനാള്‍ഡുമായ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പി.സി. ജോഷി നടത്തിയ നിരവധി കത്തിടപാടുകള്‍ ഇതിന്റെ തെളിവായി പുറത്തുവന്നിട്ടുണ്ടെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ വിഷ്ണുനാഥ് പറയുന്നു.

പി.സി. വിഷ്ണുനാഥിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റ പൂർണരൂപം.

കോടിയേരി 'ജാലിയന്‍ കണാര'നാവരുത്

ചരിത്രത്തെ വളച്ചൊടിക്കാന്‍ സംഘ്പരിവാറുകളെപ്പോലെ തന്നെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളും മിടുക്കരാണെന്നു കാലാകാലങ്ങളായി തെളിയിച്ചുകൊണ്ടിരിക്കയാണ്. തങ്ങളുടെ വിയര്‍പ്പുകൊണ്ടു ദേശീയ പ്രസ്ഥാനത്തിനു വിലപ്പെട്ട സംഭാവനകളൊന്നും നല്‍കാന്‍ പറ്റിയില്ലെന്ന ജാള്യത മറയ്ക്കാന്‍ ചരിത്രനിഷേധവും സത്യത്തോടുള്ള വെല്ലുവിളിയും നടത്തി സ്വയം പരിഹാസ്യരാവുകയാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും പല നേതാക്കളും. പൂര്‍ണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യം ആദ്യം ഉയര്‍ത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസംഗം ചരിത്രയാഥാര്‍ത്ഥ്യങ്ങളോടുള്ള അത്തരമൊരു വെല്ലുവിളിയാണ്. കോടിയേരിയുടെ പരാമര്‍ശത്തില്‍ വസ്തുതാപരമായി നിരവധി പിശകുകള്‍ ഉണ്ട്.

കമ്യൂണിസ്റ്റായ ഹസ്രത്ത് മൊഹാനി പൂര്‍ണ സ്വരാജിനുള്ള പ്രമേയം അവതരിപ്പിച്ചുവെന്നും ഗാന്ധിജി അതിന് അനുകൂലമായില്ലെന്നുമാണ് കോടിയേരി പറയുന്നത്. പ്രമേയം അവതരിപ്പിച്ച 1921 ലെ അഹമ്മദാബാദ് സമ്മേളനം എന്നാല്‍ എഐസിസി സമ്മേളനമാണ്; അതില്‍ കോണ്‍ഗ്രസ് നേതാവായും പ്രതിനിധിയായുമാണ് ഹസ്രത്ത് മൊഹാനി പങ്കെടുത്തത്. അതു കഴിഞ്ഞ് അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, 1925 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ ഘട്ടത്തില്‍ ഹസ്രത്ത് മൊഹാനി പങ്കെടുത്തിട്ടുണ്ട്. 

കോടിയേരിയുടെ രണ്ടാമത്തെ വാദം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് നേതൃത്വം കോണ്‍ഗ്രസിന്റെ തലപ്പത്തേക്കു വന്നു എന്നൊക്കെയാണ്. രണ്ടാം ലോക മഹായുദ്ധ ഘട്ടത്തില്‍ സോവിയറ്റ് യൂണിയനും ബ്രിട്ടനും സഖ്യകക്ഷികളായി വന്നപ്പോള്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ചതി കോടിയേരി മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ്. സോവിയറ്റ് യൂണിയന്റെ നിര്‍ദേശപ്രകാരം സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്നു നിന്ന് ഒറ്റുകൊടുക്കുകയായിരുന്നു അവര്‍. കൃത്യമായി പറഞ്ഞാല്‍ 1941 ജൂണ്‍ 21ന് ഹിറ്റ്‌ലര്‍ സോവിയറ്റ് യൂണിയനില്‍ പ്രവേശിച്ചതിനു ശേഷമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ നിലപാട് ബ്രിട്ടന് അനുകൂലമായി മാറിയത്. മോസ്‌ക്കോവില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസൃതമായി ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ഘടകമെന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അവര്‍. സര്‍ റജിനാള്‍ഡുമായ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പി.സി. ജോഷി നടത്തിയ നിരവധി കത്തിടപാടുകള്‍ ഇതിന്റെ തെളിവായി പുറത്തുവന്നിട്ടുണ്ട്.

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ എതിര്‍ക്കാനും നേതാജിയെ പ്രതിരോധിക്കാനും മുമ്പില്‍ നിന്ന ഡോ. ജി അധികാരി ‘കമ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസത്തിലേക്കുള്ള ഇന്ത്യയുടെ പാതയും’ എന്ന ഗ്രന്ഥത്തില്‍ ചെയ്തുപോയ ‘മഹാ അപരാധ’ത്തിനു ക്ഷമായാചനം നടത്തിയിട്ടുണ്ട്; ബ്രിട്ടീഷ് കമ്യൂണിസ്റ്റ് നേതാവ് രജനി പാല്‍മേ ദത്തിന്റെ വിഖ്യാത കൃതിയായ ‘ഇന്ത്യ ഇന്നും നാളെ’യില്‍ കോണ്‍ഗ്രസ് പ്രമേയത്തെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്ത കാര്യങ്ങള്‍ ആവേശപൂര്‍വം പരാമര്‍ശിക്കുന്നുണ്ട്. ‘ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ക്കുന്ന നിലപാട് കമ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കാന്‍ തുടങ്ങിയപ്പോള്‍ കമ്യൂണിസ്റ്റുകാരെ ത്യാഗശീലരും സമരവീരരുമായ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ സ്‌നേഹിച്ചിരുന്ന അനുഭാവികള്‍ കൂടി വെറുക്കാന്‍ തുടങ്ങി’യെന്ന് സി. അച്യുതമേനോന്‍ (എന്നും മുന്നില്‍ നടന്നവര്‍) സാക്ഷ്യപ്പെടുത്തുന്നു. എം.എന്‍. ഗോവിന്ദന്‍ നായര്‍ തന്റെ ആത്മകഥയിലും, എന്‍.ഇ. ബലറാം ‘കമ്യൂണിസ്റ്റ് പാര്‍ട്ടിയും ലഘുചരിത്രം’ എന്ന പുസ്തകത്തിലും കെ.സി. ജോര്‍ജ് ‘എന്റെ ജീവിതയാത്രയിലും’ സമാനമായ ഏറ്റുപറച്ചിലുകള്‍ മുന്നോട്ടുവെക്കുന്നത് കോടിയേരി കണ്ടില്ലെങ്കിലും പാര്‍ട്ടിയില്‍ വായനാശീലമുള്ള സഖാക്കള്‍ കാണാതെ പോകരുത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ന്യൂ ഏജ് പ്രിന്റിങ് പ്രസ്സിന്റെ ചുമതലയുണ്ടായിരുന്ന ഷറഫ് ആതര്‍ അലി പ്രസ്സിന്റെ പ്രവര്‍ത്തനത്തിനു കൂടുതല്‍ വൈദ്യുതി അനുവദിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് 1944 ജനുവരി 15ാം തീയതി ബ്രിട്ടീഷ് ഭരണത്തിനു കീഴിലുള്ള ഹോം ഡിപാർട്ട്മെന്റ് സെക്രട്ടറിക്ക് ഒരു കത്തയച്ചിരുന്നു. അങ്ങനെ ഒരു ആനുകൂല്യം ലഭിക്കുവാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള ‘യോഗ്യത’ വിശദീകരിച്ചപ്പോള്‍ അദ്ദേഹം വിവരിച്ച രണ്ടു കാര്യങ്ങള്‍ ഞെട്ടലോടെ മാത്രമേ വായിക്കാന്‍ സാധിക്കുകയുള്ളൂ: 1942-43 കാലത്തു രാജ്യരക്ഷയ്ക്കു പിന്തുണ നല്‍കിയ ഏകപാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്; അഞ്ചാം പത്തികളെ എതിര്‍ക്കാനും അവരുടെ അട്ടിമറികളെ ചെറുക്കാനും മുമ്പോട്ടു വന്ന ഏക പാര്‍ട്ടി ഇതാണ്-ഇവയായിരുന്നു ആ 'യോഗ്യതകള്‍. ബ്രിട്ടീഷ്‌രാജിനു കീഴിലുള്ള രാജ്യരക്ഷ സംഭാവന നല്‍കി എന്നതിന്റെ അര്‍ഥം എന്തെന്ന് കോടിയേരിക്ക് പ്രത്യേകം പറഞ്ഞുതരേണ്ടതുണ്ടോ?

നേതാജിക്കെതിരെ 'That Rascal is not our leader, He is the Boot-Licker of the Japanese!' എന്നെഴുതിവിട്ട പീപ്പിള്‍സ് വാറിന്റെയും ‘ഞങ്ങളടെ നേതാവല്ല, ചെറ്റ, ജപ്പാന്‍കാരുടെ ചെരുപ്പു നക്കി!’ ദേശാഭിമാനിയുടെയും താളുകള്‍ നിങ്ങളെ തന്നെ നോക്കി കൊഞ്ഞനം കുത്തുകയാവും.  ക്വിറ്റ് ഇന്ത്യാ സമരത്തിന് എതിരായി, സമരത്തെ ഒറ്റുകൊടുക്കുംവിധം ബ്രിട്ടീഷുകാര്‍ക്ക് ഒപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചവരാണ് അവിഭക്ത ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. അവരാണ് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സ്വാതന്ത്ര്യ സമരത്തില്‍ തങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചെന്ന നുണ പുതുതലമുറയെ പഠിപ്പിക്കുന്നത്. കോമഡി കഥാപാത്രം ജാലിയന്‍ കണാരനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള കോടിയേരിയുടെ പൊങ്ങച്ചവും തരംതാഴലുമായേ ഇതിനെ കാണാനാവൂ.

ഒറ്റുകൊടുത്തപ്പോള്‍ പകരം കിട്ടിയതെന്തെല്ലാമെന്നു ചരിത്ര രേഖകളിലുണ്ട്: കമ്യൂണിസ്റ്റ്കാര്‍ക്കെതിരെ പുറപ്പെടുവിച്ച എല്ലാ വാറന്റുകളും 1942 ഏപ്രിലില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ റദ്ദാക്കി. പാര്‍ട്ടിക്കും പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു; ജയിലില്‍ കഴിഞ്ഞിരുന്ന കമ്യൂണിസ്റ്റ് നേതാക്കളെ വിട്ടയച്ചു; 1942 ജൂലൈ 22 ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം സര്‍ക്കാര്‍ നീക്കി. ദേശാഭിമാനികളെ ഒറ്റുകൊടുത്ത് ഈ പ്രത്യുപകാരങ്ങള്‍ പകരം നേടിയതിനെക്കുറിച്ചു പറയാന്‍ കോടിയേരി തയാറുണ്ടോ?. ത്യാഗധനരായ ദേശീയ സമര പോരാളികളുടെ വിയര്‍പ്പും കണ്ണീരും രക്തവും ചിന്തി നേടിയ സ്വാതന്ത്ര്യത്തെ 1956 വരെ അംഗീകരിക്കുവാന്‍ പോലും തയാറാവാത്തവര്‍ പുതിയ അവകാശവാദം ഉന്നയിക്കുംമുൻപു കാലത്തോടു മാപ്പുപറയുവാനുള്ള ചരിത്രമര്യാദയെങ്കിലും കാണിക്കേണ്ടിയിരുന്നു-പി സി വിഷ്ണുനാഥ്.

ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com