ADVERTISEMENT

തിരുവനന്തപുരം ∙ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സാങ്കേതിക സര്‍വകലാശാലയുടെ ചോദ്യപേപ്പര്‍ തയാറാക്കലും പരീക്ഷാ നടത്തിപ്പും പരിഷ്‌ക്കരിച്ചു കെ.ടി.ജലീല്‍ നേരിട്ട് ഉത്തരവ് പുറപ്പെടുവിച്ചതായും സര്‍വകലാശാലാ സിന്‍ഡിക്കേറ്റോ അക്കാദമിക് സമിതികളിലോ ചര്‍ച്ച ചെയ്യാതെയാണു വിസിക്ക് ഉത്തരവ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നടപടിയാണിത്. 

സര്‍വകലാശാലയുടെ പരീക്ഷ സംബന്ധിച്ച കാര്യങ്ങളുടെ നടത്തിപ്പിനായി ഒരു എക്‌സാമിനേഷന്‍ മാനേജിങ് കമ്മറ്റി രൂപീകരിച്ചു കൊണ്ടുള്ളതാണ് മന്ത്രിയുടെ ഉത്തരവ്. നേരത്തെ എക്‌സാമിനേഷന്‍ മാനേജ്‌മെന്റ് സിസ്റ്റംസ് എന്ന സംവിധാനമാണ് സാങ്കേതിക സര്‍വകലാശാലയില്‍ പരീക്ഷയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അതു പരീക്ഷാ കണ്‍ട്രോളറുടെ നിയന്ത്രണത്തിലായിരുന്നു. അതു മാറ്റിയാണ് ആറു പേരടങ്ങുന്ന കമ്മിറ്റിക്കു പരീക്ഷാ ചുമതല നല്‍കിയത്.

ചോദ്യപേപ്പര്‍ തയാറാക്കുന്നതിനുള്ള ചുമതലയും ഈ കമ്മിറ്റിക്കു നല്‍കിയതാണ് ഉത്തരവിലെ സംശയകരമായ വസ്തുത. അതീവ രഹസ്യ സ്വഭാവത്തോടെയാണു ചോദ്യപേപ്പര്‍ തയാറാക്കേണ്ടത്. നേരത്തെ അതു പരീക്ഷാ കണ്‍ട്രോളറുടെ മാത്രം ചുമതലയിലായിരുന്നു. സാധാരണ അഞ്ചു സെറ്റ് ചോദ്യപേപ്പറുകള്‍ തയാറാക്കുകയും വിദഗ്ദ്ധ സമിതി അവ പരിശോധിച്ചു കവറുകളിലാക്കുകയും ചെയ്യും. ആ കവറുകള്‍ പൊട്ടിച്ചു നോക്കാതെ അതിലൊന്നു പരീക്ഷാകണ്‍ട്രോളര്‍ അച്ചടിക്കാനായി തിരഞ്ഞെടുക്കും. അത്രയും രഹസ്യ സ്വഭാവത്തോടെ നടത്തുന്ന പരീക്ഷാ പേപ്പര്‍ തയാറാക്കലില്‍ വെള്ളം ചേര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്.

പരീക്ഷാ കണ്‍ട്രോളര്‍ക്കു പകരം ആറു പേരുള്ള വിപുലമായ എക്‌സാമിനേഷന്‍ മാനേജിങ് കമ്മിറ്റിക്കു ചുമതല നല്‍കിയതു വഴി ചോദ്യപേപ്പര്‍ തയാറാക്കലിലെ രഹസ്യ സ്വഭാവം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഘടനാപരമായ ഇത്രയും വലിയ മാറ്റം വരുത്തുമ്പോള്‍ അതു സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. മന്ത്രിയുടെ ഓഫിസില്‍ പദ്ധതി നിര്‍ദേശം തയാറാക്കുകയും അതു മന്ത്രി അംഗീകരിച്ച ശേഷം നടപ്പാക്കാന്‍ വിസിയോട് ആജ്ഞാപിക്കുകയുമായിരുന്നു. വിസിക്ക് ഇങ്ങനെയൊരു ഉത്തരവ് നല്‍കാന്‍ മന്ത്രിക്ക് അധികാരമില്ലെന്നും ചെന്നിത്തല പറഞ്ഞു.

English Summary: Opposition leader Ramesh Chennithala against Minister KT Jaleel with fresh allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com