ADVERTISEMENT

ന്യൂഡല്‍ഹി/ഇസ്‌ലാമാബാദ്∙ ഹിമാലയത്തില്‍ ഉത്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകുന്ന ആറു നദികള്‍ പാക്കിസ്ഥാനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന അധികജലം വഴിതിരിച്ചുവിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന ഓരോ നീക്കവും ഏറെ ആശങ്കയോടെയാണു പാക്കിസ്ഥാന്‍ നിരീക്ഷിക്കുന്നത്. സിന്ധു, ചിനാബ്, ഝലം നദികളിലെ ജലം വഴിതിരിച്ചു വിടാന്‍ ഇന്ത്യ നടത്തുന്ന ഏതു ശ്രമവും പ്രകോപനമായി കണക്കാക്കുമെന്നു പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ഖുറേഷി.

പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന അധിക നദീജലം വഴിതിരിച്ച് ഇന്ത്യന്‍ മണ്ണിലേക്കു തന്നെ ഒഴുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും യോഗത്തില്‍ ചര്‍ച്ചയായി. അത്തരത്തില്‍ ശ്രമമുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്നും ഖുറേഷി വ്യക്തമാക്കി. പാക്കിസ്ഥാനിലേക്കൊഴുകുന്ന നദീജലത്തിലെ ഇന്ത്യയുടെ വിഹിതം ഹരിയാനയിലെയും രാജസ്ഥാനിലെയും കര്‍ഷകര്‍ക്കു നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ചര്‍ഖി ദാദ്രിയില്‍ ഗുസ്തിതാരം ബബിത ഫോഗട്ടിന്റെ പ്രചാരണാര്‍ഥമുള്ള റാലിയില്‍ പങ്കെടുക്കുന്നതിനിടെ മോദി നടത്തിയ പ്രസ്താവനയാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്.

70 വര്‍ഷമായി ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം പാക്കിസ്ഥാനിലേക്ക് ഒഴുകുകയാണെന്നു മോദി പറഞ്ഞു. ഇതു ഹരിയാനയിലെയും രാജസ്ഥാനിലെയും കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. അത് അവര്‍ക്കു ലഭിക്കാന്‍ നടപടിയെടുക്കുമെന്നും മോദി പറഞ്ഞു. സിന്ധു നദീജല കരാര്‍ ലംഘിക്കാതെ തന്നെ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന അധികജലം വഴിതിരിച്ചു വിടാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചുവെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും ഓഗസ്റ്റില്‍ പറഞ്ഞിരുന്നു.

വൃഷ്ടി പ്രദേശത്തിനു പുറത്തുള്ള അണക്കെട്ടുകളിലേക്കു ജലം വഴിതിരിച്ചുവിട്ടു സംഭരിച്ച് റാവി നദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ ആക്രമണത്തിനും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനും ശേഷം ഇന്ത്യ-പാക്ക് ബന്ധം വഷളായ പശ്ചാത്തലത്തിലാണ് നദീജല പ്രശ്‌നം ഉയര്‍ന്നുവന്നിരിക്കുന്നത്. സത്‌ലജ് നദിയിലെ അണക്കെട്ട് യാതൊരു അറിയിപ്പും കൂടാതെ ഇന്ത്യ തുറന്നുവിട്ടത് പാക്ക് പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയെന്നും ‘അഞ്ചാം തലമുറ യുദ്ധതന്ത്രം’ പയറ്റുകയാണ് ഇന്ത്യയെന്നും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തിയിരുന്നു.

സിന്ധു നദീജല കരാർ

സിന്ധു നദീശൃംഖലയിലെ ജലം പാക്കിസ്ഥാനുകൂടി ലഭ്യമാക്കുന്ന കരാറാണ് സിന്ധു നദീജല വിനിയോഗ കരാര്‍. 1960 സെപ്റ്റംബര്‍ 19നു പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവും പാക്ക് പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയില്‍വച്ചാണ് കരാര്‍ ഒപ്പിട്ടത്. ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ബിയാസ്, റാവി, സത്‌ലജ് നദികളിലെ വെള്ളത്തിന്റെ പൂര്‍ണനിയന്ത്രണം ഇന്ത്യക്കും സിന്ധു, ചിനാബ്, ഝലം നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്. ഇന്ത്യയില്‍നിന്നു കൂടുതല്‍ വെള്ളം പാക്ക് നദികളിലേക്ക് ഒഴുകുന്ന സാഹചര്യത്തില്‍ സിന്ധു, ചിനാബ്, ഝലം നദികളിലെ വെള്ളം നിയന്ത്രിത ജലസേചനത്തിനും ഊര്‍ജോത്പാദനത്തിനും ഉപയോഗിക്കാമെന്നു കരാറിലുണ്ട്. ബിയാസ്, റാവി, സത്‌ലജ് എന്നീ കിഴക്കന്‍ നദികളിലെ വെള്ളം എന്തു ചെയ്താലും പ്രശ്‌നമില്ലെന്നാണു പാക്ക് നിലപാട്. എന്നാല്‍ മറ്റു മുന്നു പടിഞ്ഞാറന്‍ നദികളിലെ ജലം വഴിതിരിച്ചുവിടാന്‍ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

സിന്ധു നദിയില്‍നിന്നുള്ള 80 ശതമാനം ജലവും പാക്കിസ്ഥാനു നല്‍കാന്‍ കരാര്‍ പ്രകാരം ഇന്ത്യ സമ്മതിച്ചിരുന്നു. ഈ ആറു നദികളില്‍നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് 2.6 കോടി ഏക്കറില്‍ ജലസേചനം നടക്കുന്നത്. പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 20 ശതമാനത്തിലേറെ വരുന്ന മേഖലയില്‍ ആകെ ജനസംഖ്യയുടെ 60 ശതമാനമാണ് അധിവസിക്കുന്നത്. സിന്ധു നദീജല കരാര്‍ ഇന്ത്യ ലംഘിച്ചാല്‍ വന്‍ തോതില്‍ ജല, ഊര്‍ജ ദൗര്‍ലഭ്യമാകും പാക്കിസ്ഥാനു നേരിടേണ്ടിവരിക. ഏക്കറു കണക്കിനു സ്ഥലം വരണ്ടുണങ്ങി കൃഷിയോഗ്യമല്ലാതാകും.

ഒട്ടുമിക്ക നദികളിലും ഇന്ത്യ അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിന്റെ ഷട്ടറുകള്‍ അടച്ചിട്ടു മറ്റു നദികളിലേക്കുള്ള ജലം വഴിതിരിച്ചു വിടുക മാത്രമേ ഇന്ത്യക്കു ചെയ്യേണ്ടതുള്ളു. ജലം ഗുജറാത്തിലേക്കും രാജസ്ഥാനിലേക്കും വഴിതിരിച്ചുവിട്ടാല്‍ പാക്കിസ്ഥാന്‍ മരുഭൂമിയായി മാറുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കരാര്‍ ലംഘിക്കാതെ തന്നെ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിന്റെ അളവ് കുറയ്ക്കാന്‍ ഇന്ത്യക്കു കഴിയുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. റാവി നദിയില്‍ ഷാപുര്‍-ഖാണ്ഡി മേഖലയില്‍ അണക്കെട്ടിന്റെ നിര്‍മാണം ആരംഭിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു.

ജമ്മു കശ്മീരില്‍ ഉപയോഗിച്ചതിനു ശേഷം അധിക ജലം മറ്റു സംസ്ഥാനങ്ങള്‍ക്കു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 1948-ല്‍ പാക്കിസ്ഥാനിലേക്കുള്ള നീരൊഴുക്ക് ഇന്ത്യ തടഞ്ഞെങ്കിലും പെട്ടെന്നു തന്നെ പുനഃസ്ഥാപിച്ചിരുന്നു. തുടര്‍ന്നാണ് ലോക ബാങ്ക് ഇടപെട്ട് സിന്ധു നദീജല കരാറിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഒമ്പതു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കരാര്‍ യാഥാര്‍ഥ്യമാകുകയായിരുന്നു. ഇരുരാജ്യങ്ങളുടെയും ജല കമ്മിഷണര്‍മാര്‍ വര്‍ഷത്തില്‍ രണ്ടു തവണ കൂടിക്കാഴ്ച നടത്തി കരാര്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യാറുണ്ട്. 2016-ല്‍ ഉറി ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ റദ്ദാക്കിയിരുന്നു.

ഉപതിരഞ്ഞെടുപ്പ് ഫലം തൽസമയം ഒക്ടോബർ 24 രാവിലെ 8 മുതൽ മനോരമ ഓൺലൈനിൽ, സന്ദർശിക്കുക www.manoramaonline.com/elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com