ADVERTISEMENT

ഓരോ വോട്ടിന്റെയും വില മറ്റേതൊരു മണ്ഡലത്തിലുള്ളവരേക്കാൾ മഞ്ചേശ്വരംകാർക്കറിയാം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനു മഞ്ചേശ്വരം മണ്ഡലം നഷ്ടമായത് വെറും 89 വോട്ടിന്. ഇത്തവണ സുരേന്ദ്രന്‍ മത്സരിക്കാനില്ലെങ്കിലും അരയും തലയും മുറുക്കി ബിജെപി രംഗത്തിറക്കിയത് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രവീശതന്ത്രി കുണ്ടാറിനെ. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീൻ യുഡിഎഫ് സ്ഥാനാർഥിയായും സിപിഎം ജില്ലാ കമ്മിറ്റി അംഗം ശങ്കർ റൈ എൽഡിഎഫ് സ്ഥാനാർഥിയായും മത്സരിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിങ് ഉണ്ടായ രണ്ടാമത്തെ മണ്ഡലമാണ് മഞ്ചേശ്വരം–75.82%. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 0.51 ശതമാനത്തിന്റെ മാത്രം കുറവ്. ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 0.06 ശതമാനവും ഇത്തവണ പോളിങ് കുറഞ്ഞു. വനിതകളുടെ വോട്ടായിരിക്കും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ നിർണായകം. ആകെ വനിതാ വോട്ടർമാരുടെ 80 ശതമാനത്തിലധികവും വോട്ടു ചെയ്യാനെത്തി. പുരുഷന്മാരാണു വോട്ടു ചെയ്യാൻ മടി കാട്ടിയത്– അപ്പോഴും 70% പേർ വോട്ട് ചെയ്തു.

ശക്തികേന്ദ്രങ്ങളിൽ വോട്ടു കൂടിയെന്നും എതിരാളികളുടെ വോട്ടു ഭിന്നിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് സ്ഥാനാർഥികൾ ഓരോരുത്തരും. ബൂത്ത് അടിസ്ഥാനത്തിൽ ലീഗിനു വലിയ ഭൂരിപക്ഷം എല്ലായിപ്പോഴും നൽകുന്നത് മംഗൽപാടി പഞ്ചായത്താണ്. 89 വോട്ടുകൾക്ക് യുഡിഎഫ് ജയിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 5204 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ നിന്നു മാത്രം ലഭിച്ചത്. ലോക്സഭയിൽ ഇവിടെ ലീഗും ബിജെപിയും തമ്മിലുള്ള വ്യത്യാസം 7708 വോട്ടായി ഉയർന്നു.

ബിജെപിയുടെ പ്രധാന പ്രതീക്ഷയാകട്ടെ എൻമകജെ പഞ്ചായത്താണ്. ലീഗുമായുള്ള വ്യത്യാസം ക്രമാനുഗതമായി ഇവിടെ ഉയർത്താൻ കഴിയുന്നതാണ് എൻഡിഎയുടെ മോഹങ്ങൾക്ക് അടിസ്ഥാനം. ലീഗിന്റെ കോട്ടകളിലൊഴികെ വോട്ടുകൾ തങ്ങളിലേക്കൊഴുകുമെന്ന പ്രതീക്ഷയിലാണ് ഇടതു വിഭാഗം. മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടാതെ 2006ൽ സി.എച്ച്. കുഞ്ഞമ്പു നേടിയതു പോലെ വിജയവും ലക്ഷ്യമിടുന്നു എൽഡിഎഫ്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലഭിച്ച 11,113 വോട്ടിന്റെ ലീഡിലാണു യുഡിഎഫിന്റെയും മുസ്‌ലിം ലീഗിന്റെയും പ്രതീക്ഷ. ആത്മവിശ്വാസത്തിന്റെ ആ ഏണി മറിച്ചിടാനാണു ബിജെപിയും സിപിഎമ്മും വിയർപ്പൊഴുക്കുന്നത്. മുസ്‌ലിം ലീഗിന്റെ എംഎൽഎ പി.ബി.അബ്ദുൽ റസാഖ് മരിച്ച് കൃത്യം ഒരു വർഷമാവുമ്പോഴായിരുന്നു ഉപതിരഞ്ഞെടുപ്പ്. കള്ളവോട്ട് ആരോപിച്ച് 2016ലെ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ നൽകിയ കേസ് അബ്ദുൽ റസാഖിന്റെ നിര്യാണത്തിനു പിന്നാലെ പിൻവലിക്കുകയും ചെയ്തു. 

ബഹുഭാഷാ  ഭൂമിയിൽ 

1957ൽ സ്വതന്ത്ര സ്ഥാനാർഥി എം.ഉമേഷ് റാവു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിൽ നിന്നു തുടങ്ങുന്നു മഞ്ചേശ്വരത്തിന്റെ നിയമസഭാ മണ്ഡല ചരിത്രം. 1960ൽ കർണാടക സമിതിയുടെ കെ.മഹാബല ഭണ്ഡാരിക്കായിരുന്നു വിജയം. 1965ൽ കോൺഗ്രസ് സ്ഥാനാർഥിയായും 1967ൽ സ്വതന്ത്രനായും ഭണ്ഡാരി തന്നെ മഞ്ചേശ്വരത്തു നിന്നു ജയിച്ചു. പിന്നീടങ്ങോട്ട് 1970, 1977, 1980, 1982 വരെ സിപിഐയുടെ കീഴിലായിരുന്നു മണ്ഡലം. 1987ൽ ചേർക്കളം അബ്ദുള്ളയിലൂടെ മുസ്‍ലിം ലീഗ് മഞ്ചേശ്വരം പിടിച്ചു. 1991, 1996, 2001 വർഷങ്ങളിലും അദ്ദേഹമായിരുന്നു മണ്ഡലത്തിന്റെ ജനപ്രതിനിധി. 2006ൽ സി.എച്ച്. കുഞ്ഞമ്പുവിന്റെ അട്ടിമറി ജയത്തിലൂടെ സിപിഎം ആദ്യമായി മഞ്ചേശ്വരം പിടിച്ചു. 2011ലും 2016ലും പി.ബി.അബ്ദുൽ റസാഖിലൂടെ മുസ്‌ലിം ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്നായിരുന്നു ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പ്.

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരത്ത് എട്ടിലേറെ വൈവിധ്യമാർന്ന ഭാഷാവിഭാഗങ്ങളുണ്ട് - മലയാളത്തിനു പുറമേ തുളു, കന്നഡ, ഉറുദു, മറാഠി, കൊങ്കണി, ബ്യാരി, ഹിന്ദി എന്നിവ. മണ്ഡലത്തിലെ എട്ടിൽ ആറു പഞ്ചായത്തിലും മലയാളത്തെക്കാൾ മറ്റു ഭാഷകൾ സംസാരിക്കുന്നവരാണുള്ളത്. ഈ ഭാഷാന്യൂനപക്ഷങ്ങൾ വിധി നിർണയിക്കുന്നതിൽ നിർണായകം. ഗായകനായ യുഡിഎഫ് സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ പാട്ടു പാടിയും യക്ഷഗാന കലാകാരനായ എൽഡിഎഫിന്റെ ശങ്കർ റൈ ആ രീതിയിലുമായിരുന്നു വോട്ടുപിടിക്കാൻ മുന്നില്‍. ഭാഷാന്യൂനപക്ഷങ്ങളോട് അവരുടെ തന്നെ ഭാഷയിൽ സംസാരിക്കാൻ എൻഡിഎ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാറും ശ്രദ്ധിച്ചു.

ചർച്ചയായി ശബരിമല

ദേശീയപാതയുടെ തകർച്ച, ചികിത്സ തേടി മംഗളൂരുവിലേക്കു പോകേണ്ട അവസ്ഥ തുടങ്ങി ജനകീയ പ്രശ്നങ്ങളേറെയുണ്ടെങ്കിലും പ്രചാരണരംഗത്ത് ഇത്തവണ കൂടുതൽ ചർച്ചയായതു ശബരിമലയായിരുന്നു. താൻ വിശ്വാസിയാണെന്നും ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു ശബരിമലയിൽ പോയിട്ടുണ്ടെന്നുമുള്ള എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റൈയുടെ പ്രസ്താവനയിലായിരുന്നു തുടക്കം. വിശ്വാസികളുടെ വോട്ട് പിടിക്കാനുള്ള കാപട്യമെന്നാണു ബിജെപി തിരിച്ചടിച്ചത്. ശബരിമല വിഷയത്തിലടക്കം വിശ്വാസികൾക്കൊപ്പമുള്ള യഥാർഥ നിലപാട് സ്വീകരിച്ചതു കോൺഗ്രസ് ആണെന്നും ബിജെപി നാടകം കളിക്കുകയാണെന്നും യുഡിഎഫും ആരോപിച്ചു.

യുഡിഎഫിന്റെ ആത്മവിശ്വാസം 

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ മഞ്ചേശ്വരത്ത് 42.39% വോട്ട് നേടിയതിലാണു യുഡിഎഫിന്റെ പ്രതീക്ഷയും ധൈര്യവും. എൻഡിഎ നേടിയത് 35.48%; എൽഡിഎഫിനു ലഭിച്ചതാകട്ടെ 20.38%. നിലവിൽ എട്ടിൽ ആറു പഞ്ചായത്തുകളിലും യുഡിഎഫ് ഭരണമാണെന്നതും അവർക്ക് ആത്മവിശ്വാസം പകരുന്നു. 

മണ്ഡലം കീഴടക്കാൻ ബിജെപി 

ബിജെപിക്കു പണ്ടേ നോട്ടമുള്ള മണ്ഡലമാണു മഞ്ചേശ്വരം. 1987 മുതലുള്ള ഏഴു തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനം നേടി. 2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ 31.28%, 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 33.08%, 2016ൽ 35.74% എന്നിങ്ങനെയാണ് ബിജെപിയുടെ വോട്ടിങ് ശതമാനത്തിലെ വളർച്ച. ഈ ക്രമാനുഗത മുന്നേറ്റം വിജയത്തിലെത്തിക്കാനാണ് ഇത്തവണത്തെ ശ്രമം. 

2006 ആവർത്തിക്കാൻ സിപിഎം 

ഇപ്പോൾ പതിവായി മൂന്നാം സ്ഥാനത്തായിപ്പോകുന്നുവെങ്കിലും 2006ൽ എൽഡിഎഫ് ജയിച്ച മണ്ഡലമാണിത്. സി.എച്ച്. കുഞ്ഞമ്പു അന്നു നേടിയ ജയത്തിന്റെ തുടർച്ചയാണു സിപിഎം ലക്ഷ്യമിടുന്നത്. എഴുപതുകളിലും എൺപതുകളിലും ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുണ്ടായിരുന്ന മണ്ഡലവുമാണിത്. പാർട്ടി വോട്ടുകൾക്കു പുറമേ ഭാഷാന്യൂനപക്ഷ, വിശ്വാസി വോട്ടുകൾ കൂടി സമാഹരിക്കാനാണു ശ്രമം. 

ശക്തമായ ത്രികോണമത്സരത്തിൽ സ്വന്തം വോട്ടുബാങ്ക് കാര്യമായ ഇടിവില്ലാതെ കാക്കാൻ കഴിയുന്നതാണു മുൻ തിരഞ്ഞെടുപ്പുകളിൽ ലീഗിനെ തുണച്ചത്. ഇക്കുറി സിപിഎമ്മിന്റെ പുതിയ കരുനീക്കങ്ങൾ തങ്ങളുടെ വോട്ടുകൾ ചോർത്താതിരിക്കാൻ ബിജെപിയും ജാഗ്രത പുലർത്തുന്നു. രാഷ്ട്രീയവും വികസനവും സാമുദായിക നിലപാടുകളും ഭാഷാ വൈവിധ്യവും കൂടിക്കുഴഞ്ഞ മണ്ണിൽ സ്വന്തം വിജയത്തിനു പറ്റിയ ചേരുവ തേടുകയാണു മൂന്നു കൂട്ടരും. 

With inputs from Nahas P Muhammed (Kasaragod Bureau)

English Summary: Manjeshwar Election Result 2019 Infographics Video analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com