ADVERTISEMENT

മെക്സിക്കോ സിറ്റി ∙ ലഹരിമരുന്നു രാജാവ് എല്‍ചാപ്പോ ഗുസ്മാന്റെ സാമ്രാജ്യം തകര്‍ക്കാന്‍ മെക്‌സിക്കന്‍ പൊലീസും ഭരണകൂടവും നടത്തിയ അവസാനശ്രമവും തിരിച്ചടിച്ചു. അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ഗുസ്മാന്റെ മകന്‍ ഒവിഡിയോയെ ജയിലിലാക്കിയതോടെ കാര്യങ്ങള്‍ കൈവിടുകയായിരുന്നു.

വടക്കു പടിഞ്ഞാറൻ മെക്സിക്കോയിലെ കുലിയാകാൻ നഗരം അക്ഷരാർഥത്തിൽ നിന്നു കത്തി. മെക്സിക്കോയുടെ പൊലീസും സൈന്യവും നിസ്സഹായരായി നിൽക്കെ, എൽചാപ്പോ ഗുസ്മാന്റെ ലഹരി മാഫിയാ സംഘം സിനലാവോ കാർട്ടൽ എന്ന കൂലിപ്പട്ടാളം നഗരത്തിലങ്ങോളമിങ്ങോളം ഓട്ടമാറ്റിക് തോക്കുകൾ ഘടിപ്പിച്ച വാഹനങ്ങളിൽ പാഞ്ഞുനടന്ന് തുരുതുരാ നിറയൊഴിച്ചു, പൊലീസ് വണ്ടികളടക്കം കത്തിച്ചു. പൊലീസ് പോസ്റ്റുകൾ ആക്രമിക്കുകയും ഗതാഗതസ്തംഭനം സൃഷ്ടിക്കുകയും ചെയ്തു.

ഒടുവിൽ അക്രമം നിർത്താൻ പൊലീസിന് എൽചാപ്പോ ഗുസ്മാന്റെ മകൻ ഒവിഡിയോ ഗുസ്‌മാൻ ലോപ്പസിനെ കസ്റ്റഡിയിൽനിന്നു മോചിപ്പിക്കേണ്ടിവന്നു. നേതാവ് എൽചാപ്പോ ഗുസ്മാൻ അമേരിക്കയിലെ മൻഹാറ്റനിൽ ജയിലിലാണെങ്കിലും സിനലാവോ കാർട്ടലിനെ തളയ്ക്കാൻ മെക്സിക്കൻ സർക്കാരിന്റെ ആവനാഴിയിൽ അമ്പുകളില്ലെന്നു വീണ്ടും തെളിഞ്ഞു.

എൽ‌ ചാപ്പോ എന്നു വിളിപ്പേരുള്ള ഗുസ്മാന്റെ പത്തുമക്കളിൽ ഒരാളാണ് ‘എൽ റാറ്റൺ’ എന്നു വിളിപ്പേരുള്ള, 28 കാരനായ ഒവിഡിയോ ഗുസ്‌മാൻ. മെക്സിക്കോയിലെ മോസ്റ്റ് വാണ്ടഡ് ലഹരിക്കടത്തു കുറ്റവാളികളിലൊരാൾ. ഒരു കെട്ടിടത്തിനകത്തു നടത്തിയ വെടിവയ്‌പ്പിനിടെയാണു മെക്‌സിക്കന്‍ ഗാര്‍ഡ്‌ പൊലീസ്‌ ഒവിഡിയോയെയും സംഘത്തെയും കഴിഞ്ഞ വ്യാഴാഴ്ച പിടികൂടിയത്‌. പക്ഷേ ലഹരിമരുന്നു മാഫിയ ആയുധമെടുത്തിറങ്ങിയതോടെ അയാളെ വിട്ടയ്ക്കുക മാത്രമായിരുന്നു പൊലീസിനു മുന്നിലുള്ള വഴി.

culiacan-mexico
കുലിയാകാൻ നഗരത്തിൽ സിനലാവോ കാർട്ടൽ കത്തിച്ച ട്രക്ക്

കൊലക്കളമായി മാറിയ കുലിയകാൻ ശാന്തമാക്കാൻ 400 ഓളം പട്ടാളക്കാരെ നിയോഗിച്ചിട്ടും സ്ഥിതിഗതികളിൽ ‍മാറ്റമുണ്ടായില്ല. നഗരത്തിലെ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനു വേണ്ടിയാണ് ഒവിഡിയോയെ വിട്ടയച്ചതെന്ന ജനറൽ കാർലോസ് റമണിന്റെ വാക്കുകളിൽ നിസ്സഹായതയുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും പ്രഥമ പരിഗണന നല്‍കുന്നതിനാലാണ്‌ ഒവിഡിയോയെ വിട്ടയയ്‌ക്കുന്നതെന്നു സുരക്ഷാ മന്ത്രി അല്‍ഫോന്‍സോ ഡുറാസോയും പറഞ്ഞു.

ഒരു ഗൃഹപാഠവും ചെയ്യാതെ അറസ്റ്റു ചെയ്ത് നിരുപാധികം വിട്ടയച്ചതിലൂടെ ഒവിഡിയോയെ എൽ ചാപ്പോയുടെ പിൻഗാമിയായി ‘അവരോധിക്കുക’യാണ് മെക്സിക്കൻ സർക്കാർ ചെയ്തതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ വിമർശിച്ചത്. മയക്കുമരുന്ന്‌ മാഫിയയെ അമര്‍ച്ച ചെയ്യുമെന്ന വാഗ്‌ദാനവുമായി അധികാരത്തിലെത്തിയ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുപ്പക്കാരനായ പ്രസിഡന്റ്‌ ആന്‍ഡ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിനു കനത്ത തിരിച്ചടിയായി ഇത്. 

യുഎസ് ൈസന്യം ഉപയോഗിക്കുന്ന അത്യാധുനിക തോക്കുകളും മെഷിൻ ഗണ്ണുകളും ഉപയോഗിച്ചാണ് സിനലോവ കാർട്ടൽ സൈന്യത്തിനു നേരേ തിരിച്ചടിച്ചതെന്ന് സർക്കാർ തുറന്നു സമ്മതിക്കുകയും ചെയ്തു. കാലഹരണപ്പെട്ട ആയുധങ്ങൾ ഉപയോഗിക്കുന്ന മെക്സിക്കൻ െപാലീസിനും സുരക്ഷാസേനയ്ക്കും തങ്ങൾക്കു പറ്റിയ എതിരാളികളല്ല സിനലാവോ കാർട്ടൽ എന്ന് വൈകാതെ മനസ്സിലാകുകയും ചെയ്തു. 

സുരക്ഷാസേനാംഗങ്ങളെ തോക്കിൻമുനയിൽ നിർത്തിക്കൊണ്ട് ഒവിഡിയയോ ഇറക്കികൊണ്ടുപോയതു വഴി, ആന്‍ഡ്രെസ് മാനുവല്‍ ലോപ്പസ് അല്ല സിനലാവോ കാർട്ടലും ഒവിഡിയോ ഗുസ്മാനുമാണ് മെക്സിക്കോയുടെ ഭരണം കയ്യാളുന്നതെന്ന സത്യം പുറത്തുവന്നതായി പ്രതിപക്ഷം ആരോപിക്കുന്നു.

mexican-army
മെക്സിക്കൻ സുരക്ഷാസേന

ഗുസ്മാന്റെ സാമ്രാജ്യം യുഎസിലേക്കു വ്യാപിക്കാതിരിക്കാൻ അതിർത്തിയിൽ മതിൽ പണിയുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം മതി സിനലാവോ കാർട്ടൽ എന്ന കുപ്രസിദ്ധ മാഫിയ സംഘവും അതിന്റെ രാജാവ് എൽ ചാപ്പോ (കുള്ളൻ) വാക്വീൻ ഗുസ്മാനും ആരായിരുന്നുവെന്നു മനസ്സിലാക്കാൻ. കോടതിയിലേക്കുള്ള വഴിയിൽ വാഹനം കുറുകെയിട്ട് വാക്വീൻ ഗുസ്മാനെ പലകുറി മയക്കുമരുന്നു മാഫിയ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.

വാക്വീൻ ഗുസ്മാന്റെ അറസ്റ്റിനു ശേഷം ഹോസെ റോഡ്രിഗോ ഏരെചിക, മെക്സിക്കന്‍ ലഹരിമരുന്നു സാമ്രാജ്യത്തിന്റെ നായിക ക്ലോഡിയ ഓച്ചോവ ഫെലിക്സ് എന്നിവരിലൂടെയാണ് സിനലോവ കാർട്ടൽ വളർന്നത്. ഹോസെ റോഡ്രിഗോ ഏരെചികയെ യുഎസ് തടവിലാക്കി. ക്ലോഡിയ ഓച്ചോവ ഫെലിക്സ് ദുരൂഹസാഹചര്യത്തിൽ െകാല്ലപ്പെട്ടു. എന്നിട്ടും സിനലോവ കാർട്ടലിന്റെ കരുത്തു ചോർന്നിട്ടില്ലെന്ന് ഒവിഡിയോയുടെ മോചനം തെളിയിക്കുന്നു.

joaquin-gusman-mexico
ലഹരിമരുന്നു രാജാവ് എൽചാപ്പോ ഗുസ്മാൻ

പാവപ്പെട്ടവരെ സഹായിച്ചും തന്റെ കീഴിലുള്ള ലഹരികടത്തു ഗ്രാമങ്ങളിൽ സിനലോവ കാർട്ടൽ കമ്പനിയുടെ സിഎസ്ആർ പരിപാടികൾ മുഖേന വികസന പ്രവർത്തനങ്ങൾ നടത്തിയും പ്രദേശവാസികളുടെ പിന്തുണ നേടിയ ഗുസ്മാനെപ്പോലെ തന്നെ തന്ത്രശാലിയാണ് മകൻ ഒവിഡിയോയെന്ന് രാജ്യാന്തരമാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വാക്വീൻ ഗുസ്മാന്റെ നാലാം ഭാര്യ എമ്മ കോർണൽ ഒവിഡിയോയ്ക്കെതിരെ പോസ്റ്റിട്ടെങ്കിലും ഭയം മൂലം പിന്നീടത് പിൻവലിച്ചതും വൻവാർത്തയായി. 

നാലു ഭാര്യമാരും പത്തു മക്കളുമുള്ള വാക്വീൻ ഗുസ്മാൻ ആഡംബരജീവിതം ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഭാര്യമാരും മക്കളും മരുമക്കളുമെല്ലാം ഗുസ്മാനെ ‘ബിസിനസ്സി’ൽ സഹായിക്കുന്നു. മെക്സിക്കോയിലെ പ്രധാന നഗരങ്ങളിലെയെല്ലാം ഓവുചാലുകൾ കൂട്ടിയിണക്കി നിർമിച്ച ഭൂഗർഭ അറയ്ക്കുള്ളിലാണ് ഒളിച്ചു കഴിഞ്ഞിരുന്നതെങ്കിലും എല്ലാ അത്യാധുനിക സൗകര്യങ്ങളും സങ്കേതത്തിലുണ്ടാവണമെന്ന് ഇദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. നഗരത്തിൽനിന്നു യുഎസ് അതിർത്തിവരെ നീളുന്ന ഇത്തരം 62 തുരങ്കങ്ങളാണ് ഗുസ്മാന്റെ അറസ്റ്റിനുശേഷം മെക്സിക്കൻ പൊലീസ് കണ്ടെത്തിയത്.

claudia-ochoa-felix-mexico
ക്ലോഡിയ ഓച്ചോവ ഫെലിക്സ്

2009ല്‍ ഫോബ്‌സ് മാസിക തയാറാക്കിയ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ എല്‍ ചാപ്പോ ഗുസ്മാൻ യുഎസിലേക്ക് ഏറ്റവും കൂടുതല്‍ കൊക്കെയ്നും മരിജുവാനയും കയറ്റിപ്പോകുന്ന മെക്സിക്കൻ നഗരമായ ലോസ് മോചിസാണു തട്ടകമാക്കിയത്.  25 വർഷമായി ലഹരിമരുന്ന് കടത്തുകയും എതിരാളികളെ കൊന്നുതള്ളുകയും പതിവാക്കിയിരുന്ന മാഫിയ രാജാവ് രണ്ടു തവണ തടവുചാടിയിരുന്നു. ജയിൽപ്പുള്ളികളുടെ അലക്കുതുണിക്കെട്ടിനുള്ളിൽ പതുങ്ങിയിരുന്നാണ് നാലരയടി മാത്രം ഉയരമുള്ള എൽ ചാപ്പോ ഒരിക്കൽ രക്ഷപ്പെട്ടത്. 

English Summary: What we know about El Chapo’s son Ovidio Guzmán López

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com