ADVERTISEMENT

കുർദുകൾ ഭയത്തിലാണ്. സിറിയയ്ക്കു പിന്നാലെ തുർക്കിക്കും റഷ്യ കൈകൊടുത്തതാണു കാരണം. ആദ്യ കേൾവിയിൽ ആശ്വാസമെന്നു തോന്നുന്നൊരു കരാറാണു കുർദുകളെ ആശങ്കപ്പെടുത്തുന്നത്. സിറിയൻ അതിർത്തിയിലേക്കു കടന്നുകയറി ആക്രമണം നടത്തിയ സൈന്യത്തെ പിൻവലിക്കാമെന്നു റഷ്യയുമായി കരാറുണ്ടാക്കിയിരിക്കുകയാണു തുർക്കി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനും റഷ്യയിലെ സോച്ചിയിൽ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണു തീരുമാനം. ഐഎസ് ഭീകരരെ അടിച്ചമർത്താൻ സഹായിച്ച കുർദുകളെ പൊടുന്നനെ ഉപേക്ഷിച്ചു യുഎസ് പിൻവാങ്ങിയപ്പോൾ, സിറിയയുടെയും തുർക്കിയുടെയും മധ്യത്തിൽ കയറിനിന്നു മിഡിൽ ഈസ്റ്റിലെ ‘അധികാരശക്തി’ വർധിപ്പിച്ചിരിക്കുകയാണു റഷ്യയും പുടിനും.

യുഎസ് സേന പിന്മാറിയതിനു തൊട്ടുപിന്നാലെ ആക്രമണം തുടങ്ങിയ തുർക്കിക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ പശ്ചിമേഷ്യൻ രാജ്യമായ സിറിയ ഒരുങ്ങിയതോടെയാണു മേഖല കൂടുതൽ രക്തരൂഷിതമായത്. വടക്കുകിഴക്കൻ മേഖലയിലെ കുർദ് സേനയ്ക്കെതിരായ തുർക്കിയുടെ ആക്രമണം പ്രതിരോധിക്കാൻ സിറിയൻ സർക്കാർ പിന്തുണ പ്രഖ്യാപിച്ചപ്പോൾ ആഭ്യന്തരയുദ്ധത്തിന്റെ അന്തരീക്ഷം മാറിമറിഞ്ഞു. കുർദുകളെ ലക്ഷ്യമിടുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന ലോകരാജ്യങ്ങളുടെ ആഹ്വാനം തുർക്കി തള്ളി. ഈ പശ്ചാത്തലത്തിലാണു പുടിനും എർദോഗനും ചർച്ച നടത്തിയത്. ആറു മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ, 150 മണിക്കൂറിനുള്ളിൽ സേനാ പിന്മാറ്റം പൂർത്തിയാക്കാമെന്ന് എർദോഗൻ സമ്മതിച്ചു. 

യുഎസിനു ക്ഷീണം, റഷ്യയ്ക്ക് ഊർജം

പ്രധാനമായും കുർദുകളുടെ പേരിൽ ഏറ്റുമുട്ടുന്ന രണ്ടു രാജ്യങ്ങളാണു സിറിയയും തുർക്കിയും. സിറിയയിലെ കുർദുകളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് സേന (എസ്ഡിഎഫ്) ആയുധം താഴെ വയ്ക്കുംവരെ സൈനിക നടപടി അവസാനിപ്പിക്കില്ലെന്നായിരുന്നു എർദോഗന്‍റെ നിലപാട്. കുർദുകൾക്കൊപ്പം നിന്ന സിറിയൻ സൈന്യത്തിൽ റഷ്യൻ പട്ടാളവും ചേർന്നതോടെ മേഖലയുടെ സ്ഥിതി അതിസങ്കീർണമായി. സിറിയയിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കാൻ തുർക്കിയോടു യുഎസും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഉപരോധ ഭീഷണികളുമുണ്ടായി. അതൊന്നും വകവയ്ക്കാതിരുന്ന തുർക്കി, റഷ്യ നടത്തിയ ചര്‍ച്ചയിൽ മനസ്സുമാറ്റുകയായിരുന്നു.

വടക്കു കിഴക്കൻ സിറിയയിൽ തുർക്കിയുമായി ചേർന്നുകിടക്കുന്ന ഭാഗത്തു 480 കിലോമീറ്റർ നീളത്തിലും 32 കിലോമീറ്റർ വീതിയിലും ‘സുരക്ഷിത മേഖല’ ഉണ്ടാക്കുകയാണു തുർക്കിയുടെ ലക്ഷ്യം. രാജ്യത്തെ 36 ലക്ഷം സിറിയൻ അഭയാർഥികളിൽ 20 ലക്ഷംപേരെ പാർപ്പിക്കാനാണ് ഈ മേഖലയെന്നാണു തുർക്കിയുടെ വിശദീക‌രണം. ഇതിനു തത്വത്തിൽ സാധുത നൽകുന്നതിനാൽ ‘ചരിത്രപരം’ എന്നാണ് കരാറിനെ എർദോഗൻ വിശേഷിപ്പിച്ചത്. കരാർപ്രകാരം, സിറിയൻ മണ്ണിൽ യാതൊരു വിഘടനവാദ അജൻഡയും റഷ്യയും തുർക്കിയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരാർ തുർക്കിയിൽ വലിയ സന്തോഷമുണ്ടാക്കിയപ്പോൾ എസ്ഡിഎഫ് നിരാശയിലായി.

Vladimir Putin, Recep Tayyip Erdogan
വ്ളാദിമിര്‍ പുടിനും തയ്യിപ് എർദോഗനും

പിന്നില്‍നിന്നു കുത്തി യുഎസും ട്രംപും 

സിറിയയുടെ കാര്യത്തിൽ യുഎസ് നയത്തിൽ പെട്ടെന്നാണു മാറ്റങ്ങളുണ്ടാവാറുള്ളത്. ഭീകരസംഘടനയായ ഐഎസിനെ പരാജയപ്പെടുത്തിയെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ 2018 ഡിസംബറിലാണു സിറിയയിൽനിന്നു യുഎസ് സൈന്യത്തിന്റെ പിൻമാറ്റം ആദ്യം തുടങ്ങിയത്. ഐഎസിനെതിരെ പോരാടുന്ന കുർദ്– അറബ് സായുധ വിഭാഗ കൂട്ടായ്‌മയായ എസ്‌ഡിഎഫിനു പരിശീലനം നൽകുകയാണു യുഎസ് സൈന്യം ചെയ്തിരുന്നത്. ട്വിറ്ററിലൂടെയാണ് ഒക്ടോബർ ഒൻപതിനു വീണ്ടും സൈനികപിന്മാറ്റം ട്രംപ് പ്രഖ്യാപിച്ചത്. യുഎസും ട്രംപും പിന്നില്‍നിന്നു കുത്തി എന്നാണു കുര്‍ദുകൾ ഇതിനോടു പ്രതികരിച്ചത്.

അപകടം വിളിച്ചുവരുത്തൽ, കാര്യങ്ങൾ ശരിക്കു മനസ്സിലാക്കാതെയുള്ള തീരുമാനം എന്നിങ്ങനെയാണു ചില മുതിർന്ന റിപ്പബ്ലിക്കൻ സെനറ്റർമാർ ട്രംപിന്റെ തീരുമാനത്തെ പരസ്യമായി വിമർശിച്ചത്. യുഎസുമായി പലപ്പോഴും ഇടഞ്ഞുകൊണ്ടിരിക്കുന്ന തുർക്കി പ്രസിഡന്റിനു പുറമെ സിറിയയിൽ സ്വാധീനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന റഷ്യ, ഇറാൻ എന്നിവയ്ക്കുമായിരിക്കും തീരുമാനത്തിന്റെ പ്രയോജനമെന്നും വിമർശകർ വാദിച്ചു. ആഭ്യന്തര യുദ്ധത്തിനിടയിൽ നഷ്ടപ്പെട്ട പ്രദേശങ്ങളുടെ വലിയൊരു ഭാഗം പ്രസിഡന്റ് ബഷാർ അൽ അസദിന്റെ സൈന്യം തിരിച്ചുപിടിച്ചതു റഷ്യയുടെയും ഇറാന്റെയും സഹായത്തോടെയാണ്.

യുഎസ് സഹായത്തോടെ കുർദുകൾ പരാജയപ്പെടുത്തിയ ഐഎസിനു പുനരുജ്ജീവനം നൽകാൻ പുതിയ സാഹചര്യം സഹായകമായേക്കാമെന്ന ആശങ്കയുമുണ്ട്. ഐഎസിനോടുള്ള തുർക്കിയുടെ എതിർപ്പ് കുർദുകളുടെ അത്രയും രൂക്ഷമല്ലെന്ന സംശയമാണു കാരണം. ഐഎസുമായി ബന്ധപ്പെട്ട ആയിരക്കണക്കിനാളുകൾ ഇപ്പോൾ കുർദുകളുടെ കസ്റ്റഡിയിലുണ്ട്. ഇവരെ വടക്കു കിഴക്കൻ സിറിയയിൽ പല ക്യാംപുകളിലായി പാർപ്പിച്ചിരിക്കുകയാണ്. ആ പ്രദേശം തുർക്കി സൈന്യത്തിന്റെ പിടിയിലാകുന്നതോടെ ഇവർ അവരുടെ നിയന്ത്രണത്തിലാവും. ഇവരിൽ കൂടുതലും ജർമനിയും ഫ്രാൻസും പോലുളള യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ്.

യുഎസിന്റെ പിന്തുണ നഷ്ടപ്പെട്ടതു ക്ഷീണമാണെങ്കിലും എന്തു വിലകൊടുത്തും മാതൃരാജ്യത്തെ സംരക്ഷിക്കുമെന്നു കുർദുകൾ വ്യക്തമാക്കി. ട്രംപിന്റെ തീരുമാനത്തിനു പിന്നാലെ കുര്‍ദുകള്‍ക്കെതിരെ തുര്‍ക്കി സൈനിക നടപടി തുടങ്ങി. ഭീകരവിരുദ്ധ പോരാട്ടത്തിൽ വിശ്വസ്ത പങ്കാളി ആയിരുന്ന കുർദുകളെ ട്രംപ് കൈവിട്ടെന്നു യുഎസിന് അകത്തും പുറത്തും സംസാരമുണ്ട്. മിഡിൽ ഈസ്റ്റിലെ ‘അധികാര സാന്നിധ്യത്തിനുള്ള’ അവസരം ട്രംപ് തുലച്ചെന്നും അതുവഴി ശാക്തിക എതിർചേരിയിലുള്ള റഷ്യയ്ക്കു സുവർണാവസരം ഒരുക്കിക്കൊടുത്തെന്നുമാണു യുഎസ് അനുകൂലികളുടെ വാദം. സന്ദർഭം മുതലെടുത്ത് ഒരേസമയം രക്ഷകനായും ശിക്ഷകനായും പുടിൻ നയതന്ത്ര രംഗത്തെ കേളീമികവ് പുറത്തെടുക്കുകയും ചെയ്തു.

തുർക്കിയുടെ ‘സുരക്ഷിത മേഖല’

സ്വന്തം ചെലവിൽ അതിർത്തിയിൽ ‘സുരക്ഷിത മേഖല’ ഒരുക്കാൻ തുർക്കിക്ക് സമ്മതം കൊടുത്താണു സിറിയയിൽനിന്നു ട്രംപ് യുഎസ് സേനയെ പിൻവലിച്ചത്. സുരക്ഷിത മേഖല ഉണ്ടാക്കാൻ തുർക്കി നേരത്തെ ശ്രമം തുടങ്ങിയിരുന്നുവെങ്കിലും ട്രംപ് സമ്മതിച്ചിരുന്നില്ല. തുർക്കി സൈന്യം കുർദുകളെ വേട്ടയാടുമെന്ന ഭയമായിരുന്നു കാരണം. ഒക്ടോബർ ആറിനു ട്രംപും തുർക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദോഗനും ഫോണിൽ സംസാരിച്ചതിനെ തുടർന്നാണു ട്രംപ് നിലപാടു മാറ്റിയത്. തുർക്കി സൈന്യത്തിന്റെ മുന്നേറ്റത്തിനു തടസ്സം ഉണ്ടാകാതിരിക്കാനാണു വടക്കു കിഴക്കൻ സിറിയയിൽനിന്നു യുഎസ് സൈനികരെ പിൻവലിക്കുന്ന കാര്യം ട്വിറ്ററിലൂടെ ട്രംപ് പ്രഖ്യാപിച്ചത്.

സിറിയയിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും യുഎസ് സൈനികരെ തിരിച്ചുകൊണ്ടുവരുമെന്നത് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലം മുതൽക്കേയുള്ള ട്രംപിന്റെ വാഗ്ദാനമാണ്. ഇത്രനാളും ബലമായിരുന്ന യുഎസ് പിന്മാറിയതും മറുഭാഗത്തുണ്ടായിരുന്ന റഷ്യ ആ സ്ഥാനം കയ്യടക്കുന്നതുമാണു കുർദുകളെ പ്രയാസത്തിലാക്കുന്നത്. കുർദ് സായുധ സേനയായ വൈപിജി, എസ്ഡിഎഫിലെ മുഖ്യഘടകമാണ്. വൈപിജിയെ തുർക്കിവിരുദ്ധ ഭീകര സംഘടനയായിട്ടാണ് അവർ കാണുന്നത്. തുർക്കിയിൽ നിരോധിക്കപ്പെട്ടിട്ടുള്ള പികെകെ എന്ന വിഘടനവാദി സംഘടനയുടെ ഭാഗമാണു വൈപിജിയെന്നും ആരോപിക്കുന്നു.

മൂന്നര ദശകങ്ങളായി തുർക്കിയുമായി യുദ്ധത്തിലാണു പികെകെ. അരലക്ഷത്തോളം പേർ കൊല്ലപ്പെട്ടുവെന്നാണു കണക്ക്. പികെകെയെ യുഎസും നിരോധിച്ചിട്ടുണ്ടെങ്കിലും വൈപിജിയെ ഭീകരരായി കാണുന്നില്ല. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സിറിയയിൽ അവരുമായുള്ള കൂട്ട്. എസ്ഡിഎഫ് നിയന്ത്രണത്തിലുള്ള പ്രദേശത്തു കടന്നുകയറിയാണു തുർക്കി കര– വ്യോമ ആക്രമണങ്ങൾ നടത്തിയത്. ഇപ്പോൾ താൽക്കാലിക വെടിനിർത്തലിലാണ്. പിടിച്ചുനിൽക്കാനായി കുർദുകൾ എതിർപക്ഷത്തുള്ള സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സഹായം തേടി. അങ്ങനെയാണു സിറിയൻ സൈന്യം കുർദുകൾക്കൊപ്പം ചേർന്നതും തുർക്കിക്കെതിരെ പോരാടിയതും.

ഇപ്പോഴത്തെ കരാർ അനുസരിച്ചു റഷ്യൻ–സിറിയൻ സേനകൾ, തുർക്കിയുമായി സിറിയ അതിർത്തി പങ്കിടുന്ന ഭാഗത്ത് ബുധനാഴ്ച ഉച്ചയോടെ പ്രവേശിക്കും. അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ ദൂരെ നിലയുറപ്പിച്ചിട്ടുള്ള കുർദുകളുടെ വൈപിജിയെയും ആയുധശേഖരത്തെയും ‘ഒഴിപ്പിക്കും’. മാൻബിജ്, താൽ റിഫാത്ത് നഗരങ്ങളിൽനിന്നു പിന്മാറാമെന്നു വൈപിജി അറിയിച്ചിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച വരെയാണു സമയം. എസ്ഡിഎഫിന്റെ ‘സാന്നിധ്യമില്ലാത്ത’ അതിർത്തിയിൽ ചൊവ്വാഴ്ച വൈകിട്ട് ആറു മുതൽ റഷ്യൻ സേനയും തുർക്കി സേനയും സംയുക്ത പട്രോളിങ് നടത്തും. തുർക്കി– സിറിയ അതിർത്തി മുഴുവനായാണോ കുർദുകളുടെ സ്വാധീനമുള്ളിടത്താണോ പട്രോളിങ് എന്നതിൽ വ്യക്തതയില്ല.

എന്നാൽ, വടക്കൻ സിറിയയിൽ കടന്നുകയറി കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ചെടുത്ത സ്ഥലങ്ങളുടെ നിയന്ത്രണം തുർക്കി തുടരുമെന്നാണു സൂചന. എസ്ഡിഎഫിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് 2000 ഐഎസ് ഭീകരർ തടവിലുണ്ടെന്നാണു ആരോപണം. സിറിയയുടെ വടക്കുകിഴക്കൻ മേഖല എസ്ഡിഎഫ് നിയന്ത്രണത്തിലാണ്. യുഎസ് സഹായത്തോടെ കഴിഞ്ഞ ചില വർഷങ്ങളിൽ ഐഎസ് ഭീകരരുമായി പോരാടുകയും അവരെ തുരത്തുകയും ചെയ്ത ശേഷമാണു പ്രദേശം എസ്ഡിഎഫ് പിടിച്ചടക്കിയത്. ഐഎസ് ഭീകരരെ പിടികൂടാനാണെന്നു പറഞ്ഞാണു തുർക്കി ആക്രമണം തുടങ്ങിയത്.

സ്വന്തമായി രാജ്യമില്ലാത്ത കുർദുകൾ

മധ്യപൂർവേഷ്യയിലെ പ്രബലമായ വംശമാണു കുർദുകൾ. ലോകത്തു സ്വന്തമായി രാജ്യമില്ലാത്ത ഏറ്റവും വലിയ വംശം. 25 മുതൽ 35 ദശലക്ഷം വരെ ജനസംഖ്യയുള്ള കുർദുകൾ തുർക്കി, ഇറാഖ്, സിറിയ, ഇറാൻ, അർമേനിയ എന്നീ രാജ്യങ്ങളിലായി പരന്നുകിടക്കുന്നു. കുര്‍ദിഷ് ഭാഷ സംസാരിക്കുന്ന, ആഘോഷങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും തനതുശൈലി സൂക്ഷിക്കുന്ന കുർദുകളിൽ സുന്നി മുസ്‌ലിംകൾക്കാണു ഭൂരിപക്ഷം. സ്വന്തമായി 'കുർദിസ്ഥാൻ' എന്നൊരു രാജ്യമാണു പതിറ്റാണ്ടുകളായി ഇവരുടെ സ്വപ്നം. ഒാട്ടോമന്‍ സാമ്രാജ്യത്തിന്‍റെ പതനത്തോളം പഴക്കമുണ്ടു കുര്‍ദുകളുടെ സ്വതന്ത്രരാജ്യ മോഹത്തിന്. ഒാട്ടോമന്‍ പതനത്തെ തുടര്‍ന്നു മധ്യപൂര്‍വദേശത്തു സ്വതന്ത്ര രാജ്യങ്ങളുണ്ടായെങ്കിലും കുര്‍ദുകള്‍ പലയിടങ്ങളിലായി ചിതറിപ്പോയി.

പ്രത്യേക മേഖലാ പദവി, രാഷ്ട്രീയ അവകാശങ്ങള്‍, സ്വതന്ത്രരാജ്യം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുര്‍ദുകള്‍ പലപ്പോഴും നീക്കങ്ങള്‍ നടത്തിയെങ്കിലും എല്ലാം കൊടും പീഡനങ്ങളിലാണ് അവസാനിച്ചത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണു കുര്‍ദുകള്‍ക്കു രാജ്യാന്തരശ്രദ്ധ ലഭിക്കുന്നത്, പ്രത്യേകിച്ചും ഇറാഖില്‍. 2003ലെ ഇറാഖ് അധിനിവേശകാലത്തു യുഎസ് സഖ്യസേനയുടെ മുഖ്യപങ്കാളികളായിരുന്നു പെഷ്മര്‍ഗ എന്നുമറിയപ്പെടുന്ന കുര്‍ദിഷ് പോരാളികള്‍. സദ്ദാം ഹുസൈന്‍റെ പതനവും സിറിയന്‍ ആഭ്യന്തരയുദ്ധവും ഐഎസിന്റെ ഉദയവും കുര്‍ദിസ്ഥാന്‍ മോഹങ്ങളെ മരവിപ്പിച്ചു. ഐഎസ് എന്ന പൊതുശത്രുവിനെ തുരത്താന്‍ ഇറാഖിലും സിറിയയിലും സൈന്യത്തിനൊപ്പം ചേർന്നു കുര്‍ദുകള്‍ പോരാടി.

സിറിയയുടെ തെക്കൻ അതിർത്തിയോടു ചേർന്നു കുർദുകൾ ശക്തി പ്രാപിക്കുന്നതു ഭീഷണിയാണെന്നു തുർക്കി കരുതുന്നു. ‘ഓപ്പറേഷൻ പീസ് സ്‌പ്രിങ്‌’ എന്ന പേരിൽ പ്രദേശത്തെ കുർദുകളെ ഉന്മൂലനമാണു അവരുടെ ലക്ഷ്യം. സ്വയംഭരണവും കൂടുതൽ രാഷ്ട്രീയ അധികാരവും ആവശ്യപ്പെട്ടു പതിറ്റാണ്ടുകളായി തുർക്കിയിൽ കുർദുകളുടെ അവകാശ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. സിറിയൻ കുർദുകൾ കരുത്തരാകുന്നതു തുർക്കിയിലെ കുർദുകൾക്കു ആവേശമാകുമെന്നും പ്രക്ഷോഭങ്ങളെ ആളിക്കത്തിക്കുമെന്നും പ്രസിഡന്റ് എർദോഗൻ ഭയപ്പെടുന്നു. ‘സംഘർഷഭരിത’ പ്രദേശങ്ങളിൽനിന്നു കുർദുകളെ ഒഴിപ്പിക്കാമെന്നു റഷ്യ വാക്കുനൽകുമ്പോൾ, ഒട്ടും ചെലവില്ലാതെ കാര്യസാധ്യം നേടിയിരിക്കുകയാണ് എർദോഗൻ.

സിറിയയിൽ തുർക്കി നടത്തിയ ആക്രമണം 80,000 കുട്ടികളടക്കം 1.76 ലക്ഷം സാധാരണക്കാരെ അഭയാർഥികളാക്കിയെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. തുർക്കിയുടെ ആക്രമണത്തെ തുടർന്ന്, ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങളെ താമസിപ്പിച്ചിരുന്ന ക്യാംപിൽനിന്ന് എണ്ണൂറോളം പേർ രക്ഷപ്പെട്ടു. കുർദ് സായുധ സേനയായ വൈപിജിയിലെ അഞ്ഞൂറോളം പേരെ വധിച്ചതായി തുർക്കി അവകാശപ്പെട്ടു. 120 സാധാരണക്കാർ, 259 കുർദ് പോരാളികൾ, തുർക്കി പിന്തുണയുള്ള 196 സിറിയൻ വിമതർ, ഏഴ് തുർക്കി സൈനികർ തുടങ്ങിയവർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്സർവേറ്ററി വ്യക്തമാക്കി. കുർദുകൾ നടത്തിയ പ്രത്യാക്രമണത്തിൽ തു‍ർക്കിയിൽ 20 പേരും കൊല്ലപ്പെട്ടു.

തുർക്കി സൈന്യം ആഞ്ഞടിക്കുകയും യുഎസ് കയ്യൊഴിയുകയും ചെയ്തപ്പോൾ ആത്മരക്ഷയ്ക്ക് അസദിനോടൊപ്പം കൂടുകയേ കുർദുകൾക്കു വഴിയുണ്ടായിരുന്നുള്ളൂ. എർദോഗൻ നിറയൊഴിച്ചപ്പോൾ, ഏറെക്കാലം ശത്രുപക്ഷത്തുനിന്ന് ആഞ്ഞടിച്ചയായാളണ് അസദ് എന്നതു മറക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ കുർദുകൾക്ക്. അസദിന്റെയും എർദോഗന്റെയും കൈപിടിച്ചു രക്ഷകന്റെയും ശിക്ഷകന്റെയും ‘ഡബിൾ റോളിൽ‌’ പുടിൻ പ്രത്യക്ഷപ്പെടുമ്പോൾ കുർദുകളെ കാത്തിരിക്കുന്നതു ജീവിതമാണോ മരണമാണോ? കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

English Summary: Vladimir Putin and Recep Tayyip Erdogan did a deal on Syria. The US is the biggest loser

ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com