കുറഞ്ഞ പോളിങ്ങില്‍ കൂടിയ ആശങ്ക; ‘വെള്ളത്തിൽ’ മുങ്ങുമോ വട്ടിയൂർക്കാവ്?

Vattiyoorkavu Election Results Infographics
SHARE

തിരുവനന്തപുരം നോർത്ത് രൂപം മാറി 2011ൽ വട്ടിയൂർക്കാവ് മണ്ഡലമായതിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറവ് പോളിങ് ആയിരുന്നു ഇത്തവണ ഉപതിരഞ്ഞെടുപ്പിൽ– 62.66%. പ്രതീക്ഷിച്ച പോളിങ് വട്ടിയൂർക്കാവിലുണ്ടാകാഞ്ഞത് ആശങ്കയുണ്ടാക്കുന്നുവെങ്കിലും സാമാന്യം ഭേദപ്പെട്ട ഭൂരിപക്ഷത്തിനു കടന്നുകൂടുമെന്നാണ് യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാറിന്റെ പ്രതീക്ഷ. യുഡിഎഫിന്റെ സുരക്ഷാകോട്ടകളിലൊന്നായ മണ്ഡലത്തിൽ മറിച്ചൊന്നും അവർ പ്രതീക്ഷിക്കുന്നുമില്ല. എന്നാൽ വട്ടിയൂര്‍ക്കാവിന്റെ മനസ്സു മാറ്റാന്‍ മഴയ്ക്കായോയെന്ന ചോദ്യവും ഉയരുന്നുണ്ട്. 

അപ്രതീക്ഷിതമായി പെയ്ത മഴയിൽ കൊച്ചി മുങ്ങിയപ്പോൾ തമ്പാനൂരിനെ അത്തരമൊരു വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷിച്ചത് എൽഡിഎഫ് സ്ഥാനാർഥി കൂടിയായ മേയർ വി.കെ.പ്രശാന്തിന്റെ കഴിവാണെന്ന് വോട്ടെടുപ്പ് ദിവസം വ്യാപകപ്രചാരണമുണ്ടായിരുന്നു. ‘മേയർ ബ്രോ’ മണ്ഡലത്തിൽ അദ്ഭുതം കാണിക്കുമോയെന്നു മണിക്കൂറുകൾക്കകം അറിയാം.

പോളിങ്ങിലെ ഏറ്റക്കുറച്ചിലിനേക്കാൾ എക്സിറ്റ് പോൾ ഫലങ്ങളാണ് ബിജെപിയെ അസ്വസ്ഥമാക്കുന്നത്. വട്ടിയൂർക്കാവി‍ൽ ഇരു മുന്നണികൾക്കുമൊപ്പം പൊരുതുന്നവരെന്ന പ്രതീതി ജനിപ്പിക്കാനായെങ്കിലും എക്സിറ്റ് പോളുകളിൽ അതു പ്രതിഫലിച്ചിട്ടില്ല. സ്ഥാനാർഥിയായി ജില്ലാ അധ്യക്ഷൻ എസ്. സുരേഷിനെത്തന്നെയിറക്കിയിട്ടും മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയ രണ്ടാംസ്ഥാനം നിലനിർത്താൻ കഴിയുമോയെന്ന ആശങ്കയും ബിജെപിക്കുണ്ട്. 

കുറഞ്ഞ പോളിങ് എന്ന ആശങ്ക

നാലു വർഷത്തിന്റെ ഇടവേളയിലുണ്ടായ രണ്ട് തിരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുറഞ്ഞത് വെറും 97 വോട്ടായിരുന്നു, പക്ഷേ ആറു മാസത്തിനിടെ നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിൽ കുറഞ്ഞത് 11,819 വോട്ട്! പോളിങ്ങിലെ ഈ കുറവ് മൂന്നു മുന്നണികൾക്കും സമ്മാനിച്ച ഞെട്ടൽ ചെറുതൊന്നുമല്ല. 2016 നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും ഏറെക്കുറേ ഒരേ വോട്ടിങ് ശതമാനം നിലനിർത്തിയ വട്ടിയൂർക്കാവിൽ ഇത്തവണ പോളിങ് ശതമാനത്തിലുണ്ടായ ഭീമമായ കുറവ് ഏതു മുന്നണിക്ക് ഗുണമാകുമെന്നാണ് ഇനി അറിയേണ്ടത്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ 69.34 ശതമാനായിരുന്ന പോളിങ് ഇത്തവണ 62.66 ശതമാനമായി ചുരുങ്ങി. അതായത് 6.68 ശതമാനത്തിന്റെ കുറവ്. 2016ൽ 70.23 ശതമാനവും 2011ൽ ഇത് 64.24 ശതമാനവുമായിരുന്നു. 64.77 ശതമാനമായിരുന്നു 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ പോളിങ്. ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിങ് ബൂത്തിലെത്തിയ സ്ത്രീകളുടെ എണ്ണത്തിലുണ്ടായ കുറവ് 6735 ആണ്. പുരുഷന്മാരുടെ വോട്ടിൽ 5580 എണ്ണത്തിന്റെ കുറവും.  

2016നെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഏപ്രിലിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പുരുഷന്മാരുടെ വോട്ടിൽ 772 എണ്ണത്തിന്റെ വർധനവുണ്ടായിരുന്നുവെന്നും ഇതോടൊപ്പം കൂട്ടിവായിക്കണം. അക്കാലയളവിൽ സ്ത്രീകളുടെ വോട്ടിലുണ്ടായ വ്യത്യാസം 869 മാത്രവുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1969 പേർ മാത്രമാണ് ഉപതിരഞ്ഞെടുപ്പിനായി പുതുക്കിയ വോട്ടർ പട്ടികയിൽ അധികമായുണ്ടായിരുന്നത്. 2016നെ അപേക്ഷിച്ചുള്ള വർധന കണക്കിലെടുത്താൽ ഇത്തവണ 3226 പേർ മാത്രം അധികം. എന്നിട്ടും 11,819 വോട്ട് കുറഞ്ഞതിന്റെ കാരണമാണ് മുന്നണികളെ കുഴപ്പിക്കുന്നത്. 

മറ്റു സ്ഥലങ്ങളിൽ‌ അവധിയില്ലാത്തതിനാൽ മിക്കവരും മണ്ഡലത്തിലില്ലെന്ന കാരണമാണ് മുന്നണികൾ മുന്നോട്ടുവയ്ക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലെ അവധിക്ക് ശേഷം പലരും മണ്ഡലത്തിൽ തിരികെയെത്തിയിട്ടുണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു. എന്നാൽ പോളിങ് കുറയാൻ മഴയുൾപ്പെടെ കാരണമായെന്നു പേരിനു പറയാമെങ്കിലും, മറ്റ് തിരഞ്ഞെടുപ്പുകളിൽ നിന്നു വിഭിന്നമായി ഒരു മണ്ഡലം മാത്രം കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയിട്ടും വോട്ട് ഇത്രയും കുറഞ്ഞതിന്റെ കാരണം മുന്നണികൾ കണ്ടെത്തിയേ തീരൂ. മഴ മാറിയ സമയങ്ങളിലും മണ്ഡലത്തിലെ പല ബൂത്തുകളും കാലിയായിരുന്നുവെന്നതാണു യാഥാർഥ്യം.

നോർത്തിൽ നിന്ന് വട്ടിയൂർക്കാവിലേക്ക്...

രൂപീകരിക്കപ്പെട്ട 1977 മുതൽ തിരുവനന്തപുരം നോർത്ത് മണ്ഡലം ആയിരുന്നതാണ് 2011ൽ വട്ടിയൂർക്കാവായി മാറിയത്. ഉള്ളൂർ, കടകംപള്ളി, വട്ടിയൂർക്കാവ്, കടപ്പനക്കുന്ന് പഞ്ചായത്തുകളും തിരുവനന്തപുരം കോർപറേഷനിലെ 10 വാർഡുകളും ചേർന്നതായിരുന്നു നോർത്ത് മണ്ഡലം. എന്നാൽ 2011ൽ  ഉള്ളൂർ, കടകംപള്ളി പഞ്ചായത്തുകൾ കഴക്കൂട്ടം മണ്ഡലത്തിനോടു ചേർത്തു. വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകളും കോർപറേഷനിലെ 10 വാർഡുകളും ശാസ്തമംഗലം, കുന്നുകുഴി, നന്തൻകോട്, കണ്ണമ്മൂല വാർഡുകളും ചേർന്നാണ് പുതിയ വട്ടിയൂർക്കാവ് മണ്ഡലം രൂപപ്പെട്ടത്. പഞ്ചായത്തുകൾ കോർപറേഷനോട് കൂട്ടിച്ചേർത്തതോടെ 24 വാർഡുകളും നാലാഞ്ചിറ വാർഡിന്റെ പകുതി പ്രദേശവും നിലവിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരം നോർത്തിൽ 1977ൽ എൻഡിപി, 1980ൽ സിപിഎം, 1982ൽ കോൺഗ്രസ്, 1987, 1991, 1996 വർഷങ്ങളിൽ സിപിഎം, 2001ൽ കോൺഗ്രസ്, 2006ൽ സിപിഎം എന്നിങ്ങനെയായിരുന്നു വിജയം. എന്നാൽ വട്ടിയൂർക്കാവ് മണ്ഡലം രൂപപ്പെട്ടതിനു ശേഷം ഇതുവരെ കോൺഗ്രസ് തോറ്റിട്ടില്ല. രണ്ടുവട്ടവും കെ.മുരളീധരൻ ജയിച്ചു. കോൺഗ്രസ് സംസ്കാരവും യുഡിഎഫിന്റെ സാമുദായിക മിശ്രണവും കൃത്യമായി ഇഴചേർന്ന മണ്ഡലം എന്നതിൽ തന്നെയാണ് നോർത്ത് മുൻ എംഎൽഎ കൂടിയായ കെ.മോഹൻകുമാറിന്റെ പ്രതീക്ഷകൾ.

യുഡിഎഫിന്റെ അടിത്തറയെന്നു പറയാവുന്ന ന്യൂനപക്ഷങ്ങളുടെ സ്വാഭാവിക പിന്തുണയും ഭൂരിപക്ഷവിഭാഗത്തിലെ പ്രബല സമുദായത്തിന്റെയും അതിനു നേതൃത്വം നൽകുന്ന എൻഎസ്എസിന്റെയും വാശിയോടെയുള്ള പരസ്യ പിന്തുണയും കൂടിയാകുമ്പോൾ സ്ഥിതി ഏറ്റവും അനുകൂലം കോൺഗ്രസിനാണ്. 2016ലെ പോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിലാക്കി മാറ്റിയ കുമ്മനം രാജശേഖരന്റെ അസാന്നിധ്യം നില കൂടുതൽ സുരക്ഷിതമാക്കുന്നുവെന്നും യുഡിഎഫ് കരുതുന്നു.

പടരുന്ന വേരുകളോടെ ബിജെപി

വട്ടിയൂർക്കാവിലെ പ്രകടനം അവലോകനം ചെയ്ത് 2016ൽ സിപിഎം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ‘ബിജെപിയുടെ വോട്ടുനിലയിൽ വലിയ തോതിലുള്ള വളർച്ച ഉണ്ടായിട്ടുണ്ട്’ എന്നാണ്. വട്ടിയൂർക്കാവിന്റെ ഭാഗമായ 24 കോർപറേഷൻ വാർഡുകളിൽ ഒൻപതിലും ബിജെപി പ്രതിനിധികളാണെന്നതു പാർട്ടിയുടെ കരുത്തു വിളിച്ചോതുന്നു. ബിജെപിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലങ്ങളിലൊന്നിൽ കെ.മുരളീധരനെ വിറപ്പിച്ച കുമ്മനത്തെ മാറ്റിനിർത്തിയതിന്റെ കാരണത്തെക്കുറിച്ച് അദ്ദേഹത്തിനു തന്നെ ഉൾക്കൊള്ളാവുന്ന ഉത്തരമില്ല എന്നതു പ്രചാരണരഥത്തെ ആദ്യം കിതപ്പിച്ചെങ്കിലും എസ്.സുരേഷ് എന്ന തീപ്പൊരി പ്രസംഗകൻ മറ്റു രണ്ടു മുന്നണികൾക്കും നല്ല മത്സരം സമ്മാനിച്ചിരുന്നു.

അഭിമാനം വീണ്ടെടുക്കാൻ എൽഡിഎഫ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെയും രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പിലെയും മൂന്നാം സ്ഥാനം എന്ന നാണക്കേടിന് അവസാനം കുറിക്കുകയാണ് മേയർ വി.കെ.പ്രശാന്തിനെ കളത്തിലിറക്കിയ എൽഡിഎഫിന്റെ ആദ്യ ലക്ഷ്യം. പക്ഷേ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ മുന്നണിക്കു ലഭിച്ചത് 29,414 വോട്ട് മാത്രം. കെ. മുരളീധരൻ 2016ൽ നേടിയ 51,322 വോട്ട് ജയിക്കാൻ വേണ്ട ശരാശരിയായി കണക്കാക്കിയാൽ ഇരുപത്തിരണ്ടായിരത്തോളം അധിക വോട്ട് സമാഹരിക്കണം. 

ജനങ്ങളുമായി അടുത്തിടപഴകുന്നവരിൽ ഒരു വിഭാഗം റേഷൻ കടയുടമകളാണ് എന്ന നിഗമനത്തിൽ അവരുടെയെല്ലാം വീട്ടിലെത്തി പിന്തുണ തേടുക, മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിനു ‘ടാർഗറ്റ്’ നൽകുക തുടങ്ങിയ പരീക്ഷണങ്ങളായിരുന്നു വട്ടിയൂർക്കാവിൽ എൽഡിഎഫ് നടപ്പാക്കിയത്. ട്രേഡ് യൂണിയൻ – സർവീസ് സംഘടനകളുടെ തട്ടകത്തിൽ അവരെ അണിനിരത്തി യുദ്ധസന്നാഹം തന്നെ തീർത്തു. ‘മേയർ ബ്രോ’ പരിവേഷത്തിൽ പ്രശാന്തിനു രാഷ്ട്രീയാതീത പിന്തുണ നേടാനായാൽ അദ്ഭുതം സംഭവിക്കാമെന്നു തന്നെയാണു പാർട്ടിയുടെ പ്രതീക്ഷ.

With inputs from Sujith Nair, VR Prathap (Trivandrum Bureau)

English Summary: Vattiyoorkavu Election Result 2019 Infographics Video analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ