ADVERTISEMENT

തിരുവനന്തപുരം∙ കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവില്‍നിന്ന് പാര്‍ട്ടി ഒഴിവാക്കിയതോടെ മണ്ഡലത്തില്‍നിന്ന് പാര്‍ട്ടിയെ ജനങ്ങളും ‘ഒഴിവാക്കി’. കുമ്മനത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കിയതോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ആവേശം പ്രവര്‍ത്തകരില്‍ ദൃശ്യമായിരുന്നില്ല.

മൂന്നിടത്ത് യുഡിഎഫ്, രണ്ടിടത്ത് ഞെട്ടിച്ച് എൽഡിഎഫ്, വിഡിയോ കാണാ‍ൻ ക്ലിക്ക് ചെയ്യൂ

2016-ൽ പാര്‍ട്ടി വോട്ടുകള്‍ക്കു പുറമേ കുമ്മനത്തിനു വ്യക്തിപരമായി കിട്ടിയ വോട്ടും മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തുന്നതില്‍ നിര്‍ണായകമായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അപാകതയുണ്ടെന്നു ഒ.രാജഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നേരത്തെ ചൂണ്ടിക്കാട്ടിയത് ശരിവയ്ക്കുന്നതായി ഫലം. കുമ്മനം നേടിയ 43,700 വോട്ടുകള്‍ 27,425 കുറഞ്ഞു. ചോര്‍ന്നത്  പതിനാറായിരത്തില്‍പരം വോട്ടുകള്‍.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 51,322 വോട്ടുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ കുമ്മനം രാജശേഖരന് 43,700 വോട്ടുകളും സിപിഎം സ്ഥാനാര്‍ഥി ടി.എന്‍.സീമയ്ക്ക് 40,441 വോട്ടുകളും ലഭിച്ചു. ബിജെപി ആദ്യമായാണ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 2011ല്‍ ബിജെപി സ്ഥാനാര്‍ഥി വി.വി. രാജേഷ് നേടിയ 13,494 വോട്ടുകളേക്കാള്‍ 30,206 വോട്ടുകളാണ് കുമ്മനം അധികമായി നേടിയത്. അതില്‍ വലിയൊരു പങ്കും ചോര്‍ന്നു. തോല്‍വി മുന്നില്‍ കണ്ടെങ്കിലും ഇത്രയും വലിയ ചോര്‍ച്ച ബിജെപി നേതൃത്വവും പ്രതീക്ഷിച്ചിതല്ല.

ഫലം വരുന്നതിനു മുന്‍പ് പുറത്തുവന്ന മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിന്റെ വാക്കുകളില്‍ വോട്ടു ചോര്‍ച്ചയുടെ സാധ്യതകളാണ് ഉണ്ടായിരുന്നത്. ബിജെപി ക്യാംപിലെ ഭിന്നത മറനീക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിജെപിക്കു പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനാകില്ലെന്നായിരുന്നു കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കാന്‍ മുന്നില്‍നിന്ന ഒ.രാജഗോപാലിന്റെ പ്രതികരണം.

vattiyoorkavu-celebration

സ്ഥാനാര്‍ഥിക്കെതിരെയും വിമര്‍ശനമുണ്ടായി. ‘സ്ഥാനാര്‍ഥിയുടെ പ്രതിച്ഛായ പ്രധാനപ്പെട്ടതാണ്. കുമ്മനത്തെപോലെ അനുഭവ സമ്പത്തുള്ള ഒരാള്‍ മത്സരിക്കാനെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ചിലതെല്ലാം തുറന്നു പറയുന്നതില്‍ പരിമിതിയുണ്ട്’- വോട്ടെടുപ്പിന്റെ പിറ്റേന്നു രാജഗോപാല്‍ പ്രതികരിച്ചതിങ്ങനെ. 

കുമ്മനത്തോട് താല്‍പര്യമുള്ള, എന്നാല്‍ സ്ഥാനാര്‍ഥി എസ്.സുരേഷിനോട് വേണ്ട താല്‍പര്യമില്ലാത്ത ആര്‍എസ്എസ് നിലപാടും വോട്ടു കുറയുന്നതിനു കാരണമായതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ആര്‍എസ്എസ് പ്രചാരണ രംഗത്ത് സജീവമാകാതിരുന്നതോടെ വോട്ടു ചോര്‍ച്ചയ്ക്ക് വേഗം കൂടി. പാര്‍ട്ടിക്ക് ലഭിക്കേണ്ട എന്‍എസ്എസ് വോട്ടുകള്‍ ലഭിച്ചില്ല. മുതിര്‍ന്ന പ്രചാരകനായ കുമ്മനത്തോടുള്ള സംഘത്തിന്റെ പ്രതിപത്തി സുരേഷിനോടുണ്ടായില്ല.

അഞ്ചിലൊന്നിൽ താമര വിടരുമെന്നു ബിജെപി അണികള്‍ പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തില്‍ താമര വാടിയതിനു പ്രധാന കാരണം കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വമാണ്. പകരം വന്ന സുരേഷിനു പാര്‍ട്ടി പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും വിശ്വാസം നേടാനായില്ല. കുമ്മനത്തിന് സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിനെക്കുറിച്ച് പല കാരണങ്ങള്‍ പ്രചരിക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിലെ ഒരു നേതാവിന്റെ ഇടപെടലാണ് കാരണമെന്നും, കുമ്മനത്തിന്റെ താല്‍പര്യമില്ലായ്മയാണെന്നും പ്രചാരണമുണ്ട്.

v-k-prasanth-tvm

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടിലായിരുന്നു കുമ്മനം. പരിസ്ഥിതി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ആർഎസ്എസിനോട് കുമ്മനം അനുവാദവും വാങ്ങിയിരുന്നു. സമ്മര്‍ദത്തെത്തുടര്‍ന്ന് നിലപാട് മാറ്റിയ അദ്ദേഹം വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സമ്മതം അറിയിച്ചതോടെ പ്രവര്‍ത്തകരും ആവേശത്തിലായിരുന്നു. മത്സരിക്കാനില്ലെന്ന കുമ്മനത്തിന്റെ ആവശ്യം നേതൃത്വം പരിഗണിക്കുകയോ സ്ഥാനാര്‍ഥിത്വത്തിനെതിരെ ചില ഇടപെടലുകള്‍ ഉണ്ടാകുകയോ ചെയ്തു. എന്നാല്‍ കുമ്മനത്തിനുവേണ്ടി ഒന്നാംഘട്ട പ്രചാരണം നടത്തിയ പ്രവര്‍ത്തകരുടെ പ്രതികരണം നേതൃത്വത്തിന്റെ ചിന്തയ്ക്കും അപ്പുറത്തായിരുന്നു. 

സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ആവശ്യത്തിനു സമയം കിട്ടിയിട്ടും അവസാന നിമിഷം വരെ നീട്ടികൊണ്ടുപോയ നേതൃത്വത്തിന്റെ നടപടി അണികളില്‍ അമര്‍ഷമുണ്ടാക്കി. കുമ്മനത്തിന്റെ പോസ്റ്ററടിച്ച് പ്രചാരണം തുടങ്ങിയശേഷം മറ്റൊരാള്‍ സ്ഥാനാര്‍ഥിയായെത്തിയത് ആശയക്കുഴപ്പവുമുണ്ടാക്കി. കുമ്മനം എത്തിയാല്‍ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നും അതു പാര്‍ട്ടിക്ക് ഗുണം െചയ്യുമെന്നും പ്രവര്‍ത്തകര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. കുമ്മനം ഇല്ലെന്നറിഞ്ഞതോടെ ഭൂരിഭാഗം പ്രവര്‍ത്തകരും പ്രചാരണത്തില്‍നിന്ന് പിന്‍വാങ്ങി.

സ്ഥാനാര്‍ഥി നിര്‍ണയവും തമ്മിലടിയുമെല്ലാം തിരിച്ചടിയായതായി ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗം പറയുന്നു. സ്ഥാനാര്‍ഥി സുരേഷിനോട് പലര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. തനിക്കെതിരെ ചില നീക്കങ്ങളുണ്ടായെന്ന് എസ്.സുരേഷും തുറന്നു പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ തിരിച്ചടി വലിയ ചലനങ്ങളാകും പാര്‍ട്ടിയിലുണ്ടാക്കുക. ഇപ്പോള്‍ ജില്ലാ പ്രസിഡന്റാണ് സുരേഷ്. ജില്ലയ്ക്കായി പുതിയ ഭാരവാഹി വന്നേക്കാം. സംഘടനാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലുണ്ടായ തിരിച്ചടി സംസ്ഥാന നേതൃത്വത്തിനും കനത്ത പ്രഹരമാണ്.

English Summary: BJP chooses Suresh for Vattiyoorkavu instead of Kummanam and failed miserably

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com