വെള്ളക്കെട്ടിലും വീഴാതെ വിനോദിന് തിളക്കം; മനുവിന് തിരിച്ചടിയായത് അപരന്‍

t-j-vinod-eklm-celebration
എറണാകുളത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെത്തി വി.ഡി സതീശൻ എംഎൽഎ ആശ്ലേഷിക്കുന്നു. അബ്ദുൽ മുത്തലിബ്, ഹൈബി ഈഡൻ എംപി എന്നിവർ സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
SHARE

കൊച്ചി ∙ കടുത്ത പ്രതികൂല സാഹചര്യങ്ങൾക്കിടയിലും എറണാകുളം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദിന് 3673 വോട്ടുകളുടെ തിളങ്ങുന്ന വിജയം. ഇടതു സ്ഥാനാർഥി മനു റോയിയുടെ അപരൻ കെ.എം. മനു 2544 വോട്ടുകൾ പിടിച്ചിട്ടുണ്ട്. വിനോദ് 37516 വോട്ടുകൾ പിടിച്ചപ്പോൾ മനു റോയ്ക്ക് 33843 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി സി.ജി. രാജഗോപാൽ 13259 വോട്ടുകൾ സ്വന്തമാക്കി. 15000 വോട്ടെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപി സ്ഥാനാർഥിയുടെ പ്രതീക്ഷ. 

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹൈബി ഈ‍ഡൻ 21949 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. മണ്ഡലത്തിൽ നിലനിന്ന പ്രതികൂല സാഹചര്യങ്ങളും കനത്ത മഴയും ഭൂരിപക്ഷത്തിൽ കുറവുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

സർവീസ്, പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ബിജെപിയുടെ സി.ജി. രാജഗോപാൽ മുന്നിട്ടു നിന്നത് ഒരു നിമിഷത്തേയ്ക്കെങ്കിലും ഇടത് – വലത് പാളയങ്ങളെ ഞെട്ടിച്ചു. തുടർന്ന് ചേരാനല്ലൂർ, വടുതല പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴേക്ക് ടി.ജെ. വിനോദ് ലീഡ് ചെയ്തത് യുഡിഎഫിനു പ്രതീക്ഷ നൽകി. 

10000 വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ചെങ്കിലും പെട്ടെന്നുണ്ടായ മഴയും കോർപറേഷൻ ഭരണത്തിനെതിരെ ഉയർന്ന ജനവികാരവും ഭൂരിപക്ഷം കുറച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. 

ഒരു ഘട്ടത്തിൽ നാലായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷം ടി.ജെ. വിനോദ് ഉറപ്പിച്ചെങ്കിലും തേവര മേഖല എണ്ണിക്കഴിഞ്ഞപ്പോഴേക്ക് ഭൂരിപക്ഷത്തിൽ ഇടിവുണ്ടായി. ലഭിക്കുമായിരുന്ന 15000 വോട്ടെങ്കിലും പോൾ ചെയ്യപ്പെടാതെ പോയിട്ടുണ്ടെന്നാണ് യുഡിഎഫ് വിലയിരുത്തൽ. അയ്യപ്പൻകാവ്, കലൂർ, സൗത്ത് ഐലൻഡ് മേഖലകളിൽ യുഡിഎഫ് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ പോയതും ഭൂരിപക്ഷം ഇടിയാൻ ഇടയാക്കി. 

English Summary: Kerala by election results 2019, UDF retains Ernakulam; T J Vinod wins by 3673 votes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA