ADVERTISEMENT

കാസര്‍കോട്∙ മഞ്ചേശ്വരത്തെ യുഡിഎഫ് നേതൃത്വത്തിന്റെ തലയ്ക്കു മീതേ 2016 മുതൽ ഡെമോക്ലിസിന്റെ വാൾ പോലെ തൂങ്ങിക്കിടന്ന 89 എന്ന സംഖ്യയെ അവർ വിജയകരമായി മറികടന്നിരിക്കുന്നു. വോട്ടെണ്ണൽ തുടങ്ങിയതു മുതൽ ലീഡ് നേടിയാണു യുഡിഎഫ് കരുത്തു കാട്ടിയത്. മുസ്‌ലിം ലീഗ് സ്ഥാനാർഥി എം.സി. ഖമറുദ്ദീൻ 7,923 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം നിലനിര്‍ത്തി. ബിജെപി രണ്ടാം സ്ഥാനത്തെത്തി. എം.സി. ഖമറുദ്ദീന്‍ 65,407 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി രവീശതന്ത്രി കുണ്ടാര്‍ 57,484 വോട്ടും നേടി. സിപിഎമ്മിന്റെ ശങ്കര്‍ റൈ 38,233 വോട്ടുമായി മൂന്നാമതായി.

ആദ്യ മണിക്കൂറിൽ എണ്ണൂറിലേറെ വോട്ടുകൾക്കു ലീഡ് ചെയ്ത ലീഗ് സ്ഥാനാർഥി എം.സി. ഖമറുദ്ദീൻ, രാവിലെ ഒൻപതു മണി പിന്നിട്ടപ്പോൾ ലീഡ് 2700 ലേക്ക് ഉയർത്തി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനു മഞ്ചേശ്വരം മണ്ഡലം നഷ്ടമായത് വെറും 89 വോട്ടിനാണ്. അതിനാൽ അരയും തലയും മുറുക്കിയാണ് എൻഡിഎ രംഗത്തിറങ്ങിയത്. ഗായകനായ എം.സി. ഖമറുദ്ദീൻ പാട്ടു പാടി ശക്തമായ മത്സരമാണു കാഴ്ചവച്ചത്.

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രവീശതന്ത്രി കുണ്ടാർ വിട്ടുകൊടുക്കില്ലെന്ന മട്ടിൽ പോരാടിയെങ്കിലും വിജയം നേടാനാകാതെ രണ്ടാംസ്ഥാനത്തു തുടർന്നു. പതിവായി മൂന്നാം സ്ഥാനത്തായിപ്പോകുന്ന ദുഷ്പേര് ഒഴിവാക്കാൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം ശങ്കർ റൈയെ മുൻനിർത്തിയാണ് എൽഡിഎഫ് ശ്രമിച്ചതെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിങ് ഉണ്ടായ രണ്ടാമത്തെ മണ്ഡലമാണു മഞ്ചേശ്വരം– 75.82%. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 0.51 ശതമാനത്തിന്റെ മാത്രം കുറവ്. വനിതകളുടെ വോട്ടാണു മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ നിർണായകമായതെന്നു മുന്നണികൾ വിലയിരുത്തുന്നു.

ദേശീയപാതയുടെ തകർച്ച, ചികിത്സ തേടി മംഗളൂരുവിലേക്കു പോകേണ്ട അവസ്ഥ തുടങ്ങി ജനകീയ പ്രശ്നങ്ങളേറെയുണ്ടെങ്കിലും പ്രചാരണരംഗത്ത് ഇത്തവണ കൂടുതൽ ചർച്ചയായതു ശബരിമലയായിരുന്നു. താൻ വിശ്വാസിയാണെന്നും ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു ശബരിമലയിൽ പോയിട്ടുണ്ടെന്നുമുള്ള എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റൈയുടെ പ്രസ്താവനയിലായിരുന്നു തുടക്കം.

വിശ്വാസികളുടെ വോട്ട് പിടിക്കാനുള്ള കാപട്യമെന്നാണു ബിജെപി തിരിച്ചടിച്ചത്. ശബരിമല വിഷയത്തിലടക്കം വിശ്വാസികൾക്കൊപ്പമുള്ള യഥാർഥ നിലപാട് സ്വീകരിച്ചതു കോൺഗ്രസ് ആണെന്നും ബിജെപി നാടകം കളിക്കുകയാണെന്നും യുഡിഎഫും ആരോപിച്ചു. കഴിഞ്ഞതവണ വിജയിച്ചെങ്കിലും നേരിയ ഭൂരിപക്ഷമെന്ന നാണക്കേട് ഒഴിവാക്കണമെന്ന ചിന്തയിൽ ലീഗും കോൺഗ്രസും ആഞ്ഞുപിടിച്ചതാണു ഭൂരിപക്ഷം വർധിപ്പിച്ചതെന്നു നേതാക്കൾ പറഞ്ഞു.

English Summary : Manjeshwaram Election Result

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com