യുഡിഎഫിന്റെ കോന്നിക്കോട്ട തകർത്ത് എൽഡിഎഫ്; തുണയായത് ‘തമ്മിലടി’

konni-ldf-janeesh-kumar
കോന്നി മണ്ഡലത്തിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി കെ. യു ജനീഷ് കുമാറിനെ തോളിലേറ്റി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ
SHARE

സ്വന്തം കോട്ടയാണെന്ന അമിത ആത്മവിശാസത്തിൽ യുഡിഎഫ് നേതൃത്വത്തിൽ തമ്മിലടി മൂത്തപ്പോൾ ‘ലോട്ടറിയടിച്ചത്’ എൽഡിഎഫിന്. 23 വർഷമായി യുഡിഎഫ് കുത്തകയാക്കി വച്ച മണ്ഡലത്തിൽ, 9953 വോട്ടിന്റെ ലീഡ് സ്വന്തമാക്കി ഇടതുപക്ഷം ശക്തി തെളിയിച്ചു.എൽഡിഎഫിന്റെ സിപിഎം സ്ഥാനാർഥി കെ.യു. ജനീഷ് കുമാർ 54,099 വോട്ടും പി. മോഹന്‍രാജിന് 44,146 വോട്ടും ബിജെപിയുടെ കെ. സുരേന്ദ്രന് 39,786 വോട്ടുമാണു ലഭിച്ചത്.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ അഞ്ഞൂറിലേറെ വോട്ടിനു പി.മോഹൻരാജിനായിരുന്നു ലീഡ്. എൽഡിഎഫിന്റെ സിപിഎം സ്ഥാനാർഥി കെ.യു. ജനീഷ് കുമാർ തൊട്ടുപിന്നിൽനിന്നു. ഒൻപത് മണിയോടെ 343, ഒൻപതരയ്ക്ക് 2347, ഒൻപതേമുക്കാലിന് 4851, 5000 എന്നിങ്ങനെ ലീഡ് ക്രമാനുഗതമായി ഉയർത്തി നാട്ടുകാരനായ ഡിവൈഎഫ്ഐ നേതാവ് ജനീഷ് മത്സരം അനുകൂലമാക്കി. ബിജെപിയുടെ കെ.സുരേന്ദ്രൻ ഒരിക്കൽപോലും ലീഡ് ചെയ്യാതെ മൂന്നാം സ്ഥാനത്തു തുടർന്നു. 

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളിൽ പ്രതീക്ഷയർപ്പിച്ച എൽഡിഎഫ് ക്യാംപ് എണ്ണയിട്ട യന്ത്രം പോലെയാണു പ്രവർത്തിച്ചത്. യുഡിഎഫുമായുള്ള വ്യത്യാസം 2,721 വോട്ടു മാത്രമാണെന്നും ആഞ്ഞുപിടിച്ചാൽ വിജയമുറപ്പെന്നും അണികളെ വിശ്വസിപ്പിച്ചു. മറുഭാഗത്ത് അടൂർ പ്രകാശിന്റെ നോമിനിയായി അവതരിപ്പിച്ച റോബിൻ പീറ്ററെ പരിഗണിക്കാതിരുന്നതും എ ഗ്രൂപ്പ് പ്രതിനിധി സ്ഥാനാർഥിയായതും യുഡിഎഫ് പ്രവർത്തകർക്കു ദഹിച്ചില്ല.

പിണങ്ങിയ അടൂർ പ്രകാശിനെ അനുനയിപ്പിച്ചെന്നു നേതൃത്വം അവകാശപ്പെട്ടെങ്കിലും തൃപ്തി പോരായിരുന്നു പ്രകാശിനും അനുയായികൾക്കും. അടൂർ പ്രകാശ് മത്സരത്തിനില്ലാത്തതും നേതൃത്വവുമായി ഇടഞ്ഞതും ആശ്വാസവും ആത്മവിശ്വാസവുമായി സിപിഎമ്മിന്. അടൂർ പ്രകാശിന്റെ വികസന പ്രവർത്തനങ്ങൾക്കു പണം നൽകിയതു തങ്ങളാണെന്നും എൽഡിഎഫ് പ്രചരിപ്പിച്ചു.

യുഡിഎഫിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിക്കുക അസാധ്യമല്ലെന്നു തൊട്ടുമുൻപത്തെ പാലാ വിജയം ചൂണ്ടിക്കാട്ടി ഇടതു പ്രവർത്തകരെ ആവേശം കൊള്ളിക്കാനും നേതാക്കൾക്കായി. 89 വോട്ടിനു തോറ്റ മഞ്ചേശ്വരം വിട്ടു കോന്നിയിൽ പൊരുതാനിറങ്ങിയ എൻഡിഎയുടെ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ നല്ല മത്സരം കാഴ്ചവച്ചെങ്കിലും എൽഡിഎഫിനോ യുഡിഎഫിനോ ഭീഷണിയായില്ല.

1965ൽ രൂപം കൊണ്ട കോന്നി മണ്ഡലത്തിന് ഇടത്, വലത് മുന്നണികളെ മാറിമാറി തുണച്ച ചരിത്രമാണുള്ളത്. 1996ൽ 806 വോട്ടിനു ജയിച്ച പ്രകാശ്, 2016ൽ തുടർച്ചയായ അഞ്ചാം ജയത്തിൽ ഭൂരിപക്ഷം 20,748 ആയി ഉയർത്തിയതിലായിരുന്നു യുഡിഎഫിന്റെ നോട്ടം. പ്രകാശിന്റെ വ്യക്തിപ്രഭാവത്തിനു കിട്ടിയിരുന്ന വോട്ടുകൾ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ മറുഭാഗത്തേക്കു പോയെന്നാണു യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തൽ.

English Summary: Kerala by election results 2019 live updates,Konni Election Result 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ