ADVERTISEMENT

മുംബൈ∙വൻ മുന്നേറ്റം  പ്രതീക്ഷിച്ച മഹാരാഷ്ട്രയില്‍ ബിജെപി–ശിവസേന സഖ്യം തിരിച്ചടി നേരിട്ടുവെങ്കിലും ഒരിക്കല്‍കൂടി മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണ്. കോണ്‍ഗ്രസ്–എന്‍സിപി സഖ്യം അപ്രതീക്ഷിത നേട്ടമുണ്ടാക്കിയതോടെ അധികാരം തുല്യമായി പങ്കിടണമെന്ന ആവശ്യവുമായി ശിവസേനയും രംഗത്തുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50:50 ഫോര്‍മുല നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു കഴിഞ്ഞു. ശിവസേനയെ ആശ്രയിക്കാതെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം തികയ്ക്കാനാണ് ബിജെപി പകുതിയിലധികം സീറ്റുകളില്‍ മല്‍സരിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തെ 122 എന്ന സംഖ്യയുടെ അടുത്തെത്താന്‍ പോലും ബിജെപിക്ക് കഴിഞ്ഞില്ല. അധികാരം ലഭിക്കുമെങ്കിലും ബിജെപിക്ക് സഖ്യസര്‍ക്കാരില്‍ വലിയ വിട്ടുവീഴ്ച്ചകള്‍ നടത്തേണ്ടിവരും. തകര്‍ന്നടിയുമെന്ന് എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ച കോണ്‍ഗ്രസും എന്‍സിപിയും അപ്രതീക്ഷിത മുന്നേറ്റമാണുണ്ടാക്കിയത്.ബിജെപി 102, ശിവസേന 57, എൻസിപി 54, കോൺഗ്രസ് 44, മറ്റുള്ളവർ 34 എന്നിവയാണ് നിലവിലെ സൂചനയനുസരിച്ച് മഹാരാഷ്ട്രയിലെ സീറ്റ് നില. പ്രചാരണരംഗത്തുനിന്ന് വലിഞ്ഞുനിന്ന കോണ്‍ഗ്രസിന് പോലും കഴിഞ്ഞ തവണത്തെ സീറ്റുകള്‍ നിലനിര്‍ത്തിനായി. പവാര്‍ പരിവാറിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച ബിജെപി നേതൃത്വത്തിനുള്ള തിരിച്ചടിയായി എന്‍സിപിയുടെ മുന്നേറ്റം. മറാഠാ സ്ട്രോങ്ങ് മാന്‍ ശരത് പവാറിന്റെ മികവില്‍ 2014നേക്കാൾ മികച്ച മുന്നേറ്റമാണ് എന്‍സിപി ലീഡ് പുറത്തെടുത്തത്. പാര്‍ട്ടി തകര്‍ന്നടിയുമെന്ന് കരുതിയ പശ്ചിമ മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള മേഖലകളില്‍ എന്‍സിപി മേല്‍ക്കൈ നിലനിര്‍ത്തി. അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളും സംസ്ഥാന മന്ത്രിയുമായ പങ്കജ മുണ്ടെ ഉള്‍പ്പടെയുള്ള പ്രമുഖരാണ് ഇത്തവണ പരാജയമറിഞ്ഞത്. സ്വന്തക്കാരെ തിരുകിക്കയറ്റിയും മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിയും അധികാരം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കനത്ത തിരിച്ചടിയാണ് നിലവിലെ ഫലം. ഇത്തവണ 126 സീറ്റുകളിലാണ് ശിവസേന മത്സരിച്ചത്. ഇതില്‍ അമ്പതിലേറെ സീറ്റുകളില്‍ അവര്‍ വിജയിക്കുകയും ചെയ്തു.ബിജെപി പിന്നോട്ട് പോയതോടെ സഖ്യസര്‍ക്കാരില്‍ ശിവസേനയുടെ നിലപാടുകള്‍ നിര്‍ണായകമാകും. അതേസമയം എക്സിറ്റ് പോൾ പ്രവചനങ്ങൾ കാറ്റിൽ പറത്തി ഹരിയാനയിൽ എൻഡിഎ – യുപിഎ കക്ഷികളുടെ ഇഞ്ചോടിഞ്ച് പോരാട്ടം. ആകെയുള്ള 90 സീറ്റിലെയും ഫലസൂചനകൾ പുറത്തുവരുമ്പോൾ എൻഡിഎ 40 സീറ്റിലും യുപിഎ 31 സീറ്റിലും ലീഡു ചെയ്യുകയാണ്. ദുഷ്യന്ത് ചൗട്ടാലയുടെ  ജെജെപി 10 സീറ്റിലും മറ്റുള്ളവർ 9 സീറ്റിലും മുന്നിട്ടു നിൽക്കുന്നു. ഇവിടെ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റാണ്. ഇതോടെ, പത്ത് സീറ്റുകളിൽ ലീഡ് ചെയ്യുന്ന ജെജെപിയുടെ പിന്തുണ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും. 

English Summary: Maharashtra, Haryana Assembly Elections 2019, Live Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com