ഇടതോരം ചേർന്നു സഞ്ചരിച്ചിരുന്ന അരൂരിൽ ചെങ്കൊടി മാറ്റിക്കെട്ടി ഷാനിമോൾ ഉസ്മാൻ. ഉപതിരഞ്ഞെടുപ്പു നടന്ന മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റ് അട്ടിമറിയിലൂടെ യുഡിഎഫ് നേടി. ഷാനിമോള്‍ ഉസ്മാന്‍ (യുഡിഎഫ്) - 69,356 വോട്ടും മനു സി പുളിയ്ക്കല്‍ (എല്‍ഡിഎഫ്) - 67,277 വോട്ടും പ്രകാശ് ബാബു (എന്‍ഡിഎ) - 16,289 വോട്ടും നേടി.
അഞ്ചിടത്തേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തതും എക്സിറ്റ്പോളുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചതുമായ മണ്ഡലമാണ് അരൂർ. രാവിലെ മുതൽ ഉച്ചയ്ക്കു വോട്ടെണ്ണിത്തീരുന്നതു വരെ ആകാംക്ഷ മുറ്റിനിന്നു. സംസ്ഥാനത്തെ രണ്ടു പ്രധാന എക്സിറ്റ് പോളുകളും അരൂരിൽ പ്രവചിച്ചത് കടുത്ത പോരാട്ടം. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലം കൈവിട്ടെങ്കിലും അരൂർ നിയമസഭാ മണ്ഡലം ഷാനിമോൾ ഉസ്മാനൊപ്പം നിന്നു. രാഷ്ട്രീയത്തിനതീതമായ ആ വിശ്വാസവും സ്നേഹവും ഉപതിരഞ്ഞെടുപ്പിലും സൂക്ഷിച്ച അരൂർ, ആലപ്പുഴക്കാരിയായ അയൽക്കാരിക്കു രണ്ടായിരത്തിലേറെ വോട്ടിന്റെ ലീഡ് നൽകിയാണ് അഭിമാനവിജയം സമ്മാനിച്ചത്.
648 വോട്ടുകളുടെ ഭൂരിപക്ഷമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ അരൂർ നിയമസഭാ മണ്ഡലത്തിൽ ഷാനിമോൾ സ്വന്തമാക്കിയത്. ഇതു കൂടി പരിഗണിച്ചായിരുന്നു അരൂരിൽ ഇത്തവണ ഷാനിമോളെത്തന്നെ സ്ഥാനാർഥിയാക്കിയത്. പ്രതീക്ഷിച്ചതുപോലെ അങ്കത്തട്ടിൽ തീപാറി. എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎമ്മിലെ മനു സി.പുളിക്കലും എൻഡിഎ സ്ഥാനാർഥിയായി ബിജെപിയുടെ കെ.പി.പ്രകാശ് ബാബുവുമായിരുന്നു രംഗത്ത്.
മൂന്നു മുന്നണികൾക്കും ഏറെ പ്രതീക്ഷ പകർന്നു ജനം കൂട്ടമായെത്തി വോട്ടുചെയ്തപ്പോൾ അഞ്ചു മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിങ്ങും അരൂരിലായി– 80.47%. ലോക്സഭാ തിരഞ്ഞെടുപ്പിലെ വീഴ്ചയിൽനിന്ന് എഴുന്നേൽക്കുക എന്നത് എൽഡിഎഫിന് അഭിമാനപ്രശ്നമായിരുന്നു. അന്ന് എതിർ സ്ഥാനാർഥിയുടെ കോട്ടയിലുണ്ടാക്കിയ ഇത്തിരി വിള്ളൽ വളർത്താൻ യുഡിഎഫ് നന്നായി അധ്വാനിച്ചു.
1957 ൽ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 15 തിരഞ്ഞെടുപ്പുകളിൽ പത്തിലും (1965, 1967, 1970, 1980, 1982, 1987, 1991, 2006, 2011, 2016) അരൂർ ഇടത്തേക്കാണു ചാഞ്ഞത്. വലത്തേക്കു ചിന്തിച്ചപ്പോഴാകട്ടെ, രണ്ടു തവണ (1996, 2001) യുഡിഎഫിലായിരുന്ന ഗൗരിയമ്മയ്ക്കൊപ്പവും ഒരു തവണ (1977) കോൺഗ്രസിന്റെ പിന്തുണയോടെ ഗൗരിയമ്മയെ തോൽപിച്ച സിപിഐക്ക് ഒപ്പവും. ആദ്യത്തെ രണ്ടു തിരഞ്ഞെടുപ്പുകളിൽ മാത്രമാണ് (1957, 1960) നിയമസഭയിൽ അരൂരിൽ നിന്നുള്ള കോൺഗ്രസ് പതാക പാറിയത്.
ചേർത്തലയിൽ നിന്നു കെ.ആർ.ഗൗരിയമ്മ അരൂരിലേക്കു ചുവടുമാറ്റിയത് 1965 ൽ ആണ്. ആ തവണ നിയമസഭ ചേർന്നില്ല. അന്നു മുതൽ 11 തിരഞ്ഞെടുപ്പുകളിൽ ഗൗരിയമ്മ അരൂരിൽ മത്സരിച്ചപ്പോൾ 9 തവണയും അരൂർ മാറിച്ചിന്തിക്കാതെ ഗൗരിയമ്മയെ പിന്തുണച്ചു. 1977, 2006 തിരഞ്ഞെടുപ്പുകളിലാണ് ഗൗരിയമ്മയെ അരൂർ കൈവിട്ടത്. സിറ്റിങ് സീറ്റായ അരൂരിലെ ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും എന്ന നിലയ്ക്കായിരുന്നു ഇടതുപ്രചാരണം. രണ്ടുദിവസം പൂർണമായും അരൂർ കേന്ദ്രീകരിച്ച് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ചെലവിട്ടു. എന്നാൽ അരൂരിൽ ഇത്തവണ രാഷ്ട്രീയക്കാറ്റ് വലത്തേക്കാണു വീശിയത്.
English Summary: Aroor Bypoll Result, Shanimon Usman wins.