ADVERTISEMENT

ന്യൂഡൽഹി∙ ഹരിയാന ലോക്ഹിത് പാർട്ടി നേതാവും മുൻ മന്ത്രിയുമായ ഗോപാൽ ഖണ്ഡയുടെ നേൃത്വത്തിൽ സ്വതന്ത്രർ പിന്തുണ പ്രഖ്യാപിച്ചതോടെ ഹരിയാനയിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലേക്ക്. ഡൽഹിയിൽ ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയുമായി ചർച്ച നടത്തിയ മനോഹർലാൽ ഖട്ടർ, ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മൂന്നു സ്വതന്ത്ര എംഎൽഎമാരോടൊപ്പമാണ് ഖട്ടർ വെള്ളിയാഴ്ച നഡ്ഡയെ വസതിയിൽ എത്തി കണ്ടത്. ബിജെപി നേതാവ് അനിൽ ജെയിനും ഒപ്പമുണ്ടായിരുന്നു.

പാർട്ടി നേതൃ‌യോഗം നാളെ ചണ്ഡിഗഡിൽ നടക്കുമെന്നു അനിൽ ജെയിൻ മാധ്യമങ്ങളോടു പറഞ്ഞു. സർക്കാർ രൂപീകരണ ചർച്ചകൾക്കായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങ് എന്നിവരും ഹരിയാനയിൽ എത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് അഞ്ച് ബിജെപി വിമതർ ഉൾപ്പെടെ ഏഴ് സ്വതന്ത്രരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. കൂടാതെ, ഐഎൻഎൽഡി എംഎൽഎ അഭയ് സിങ് ചൗട്ടാലയുടെയും ഗോപാൽ ഖണ്ഡയുടെയും പിന്തുയുണ്ട്.

ഇവർ രേഖാമൂലം പിന്തുണ അറിയിച്ചതായും അനിൽ ജെയിൻ പറഞ്ഞു. 90 സീറ്റുകൾ ഉള്ള ഹരിയാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 40 സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് 31 ഉം. കേവലഭൂരിപക്ഷിത്ത് 46 സീറ്റുകളാണ് വേണ്ടത്. സ്വതന്ത്രരുടെയും മറ്റു രണ്ടു പേരുടെയും പിന്തുണയോടെ ബിജെപി അംഗബലം 49 ആകും. 

10 എംഎൽഎമാരുടെ ജനനായക് ജനതാ പാർട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിൽ പാർട്ടി എംഎൽഎമാരുടെ യോഗം ഡൽഹിയിൽ നടക്കുന്നുണ്ട്. ബിജെപിക്കൊപ്പം നിൽക്കണോ കോൺഗ്രസിനൊപ്പം നിൽക്കണോ എന്നു തീരുമാനിക്കാനാണ് യോഗം. തന്നെ മുഖ്യമന്ത്രിയാക്കുന്നവർക്കു പിന്തുണ എന്നാണ് ദുഷ്യന്തിന്റെ പ്രഖ്യാപിത നിലപാട്. അതിനു പറ്റില്ലെന്ന് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ അറിയിച്ചിരുന്നു.

ഹൂഡ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ട്. ബിജെപിയെ അകറ്റി നിർത്താൻ എല്ലാ സ്വതന്ത്രരും കോൺഗ്രസിനൊപ്പം നിൽക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ വഴി ബിജെപി ദുഷ്യന്തുമായി ചർച്ച നടത്തിയതിനെത്തുടർന്ന് നിലപാടിൽ അയവു വന്നതായാണു സൂചന. ദുഷ്യന്ത് അമിത് ഷായുമായി ചർച്ച നടത്തുമെന്നും സൂചനകളുണ്ട്.

English Summary: Haryana CM Manohar Lal Khattar is in Delhi to meet BJP Working President JP Nadda 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com