ADVERTISEMENT

കൊച്ചി ∙ എറണാകുളം ഉപതിരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണങ്ങൾക്കു മറുപടിയുമായി കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിൻ. നഗരസഭയുടെ വികസനത്തിന് എല്ലാ പ്രതിനിധികൾക്കും ഉത്തരവാദിത്തമുണ്ട്. അത് മേയറുടെ മാത്രം ഉത്തരവാദിത്തമല്ല. കൊച്ചി ഇത്രയും വളർന്നതു വിവിധ തട്ടുകളിലുള്ള ജനപ്രതിനിധികളുടെ ശ്രമഫലമായാണ്. നേട്ടങ്ങളുണ്ടാകുമ്പോൾ അതിന്റെ മാത്രം ഭാഗമാകാൻ നോക്കുന്നതും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കുറ്റപ്പെടുത്തലുമായി വരുന്നതും അംഗീകരിക്കാനാവില്ല. മേയറെ നീക്കണമെന്നു പാർട്ടിയുടെ ഭാഗത്തുനിന്ന് ആവശ്യം ഉയർന്നിട്ടില്ലെന്നും സൗമിനി പറഞ്ഞു.

എറണാകുളം നിയമസഭാ മണ്ഡലത്തിൽ വോട്ടു കുറഞ്ഞതിനു കാരണം നഗരസഭയുടെ കാര്യക്ഷമതയില്ലായ്മയാണെന്നു വോട്ടെടുപ്പു ഫലം വന്ന ഉടൻ ഹൈബി ഈഡൻ എംപി പ്രതികരിച്ചിരുന്നു. ജനവികാരം ഉൾക്കൊണ്ടു പ്രവർത്തിക്കുന്നതിൽ കൊച്ചി നഗരസഭ വരുത്തിയ വീഴ്ച മൂലമാണ് ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചത്ര ഭൂരിപക്ഷം കിട്ടാതിരുന്നതെന്നും ഹൈബി കുറ്റപ്പെടുത്തി. മേയർ സ്ഥാനത്തുനിന്നു സൗമിനിയെ മാറ്റുന്നതിനു ജില്ലാ നേതാക്കൾക്കിടയിൽ ചരടുവലി പുരോഗമിക്കുന്നതിനിടെയാണു മറുപടിയുമായി സൗമിനി രംഗത്തെത്തിയത്.

മേയറെ മാറ്റുന്ന കാര്യം ഇപ്പോൾ ആലോചനയില്‍ ഇല്ലെന്നു കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പിലെ വിജയവും പരാജയവും കൂട്ടുത്തരവാദിത്തമാണ്. ആരെയും ഇതിനു ബലിമൃഗമാക്കാൻ ഉദ്ദേശിക്കുന്നില്ല. തിരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യുന്നതിന് 27ന് രാഷ്ട്രീയകാര്യ സമിതി ചേരുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

നഗരസഭയുടെ കാര്യക്ഷമതയില്ലായ്മയും ഭരണപരാജയവും ചൂണ്ടിക്കാട്ടി നഗരസഭാ ഗേറ്റിനു മുന്നിൽ ബിജെപി പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.

English Summary: Kochi Mayor Soumini Jain on Ernakulam Bypoll results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com