ADVERTISEMENT

ചണ്ഡിഗഡ് ∙ ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ ദീപാവലി ദിനമായ ഞായറാഴ്ച സത്യപ്രജ്ഞ ചെയ്യുമെന്നു സൂചന. ബിജെപി നിയമസഭാകക്ഷി യോഗം നേതാവായി ഖട്ടറിനെ തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പത്ത് എംഎൽഎമാരുള്ള ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെയും ഏഴു സ്വതന്ത്രരിൽ ആറു പേരെയും സ്വന്തം പാളയത്തിലെത്തിച്ചാണു ബിജെപി ഹരിയാനയിൽ ഭരണം ഉറപ്പാക്കിയത്.

ഇന്നു ഗവർണറെ കാണുന്ന ഖട്ടർ, സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും. പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക കൈമാറും. ത്രിശങ്കു സഭയിൽ ദുഷ്യന്ത് (31) ഉപമുഖ്യമന്ത്രിയാകും. രാത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായുമായി ദുഷ്യന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. 90 അംഗ സഭയിൽ 40 എംഎൽഎമാരുള്ള ബിജെപിക്കു കേവല ഭൂരിപക്ഷത്തിനു വേണ്ടത് 46 പേരുടെ പിന്തുണയായിരുന്നു. സ്വതന്ത്രരിൽ നാലു പേർ ബിജെപി വിമതരും ഓരോരുത്തർ കോൺഗ്രസ്, ഐഎൻഎൽഡി വിമതരുമാണ്.

ഹരിയാന ലോക്ഹിത് പാർട്ടിയുടെ ഗോപാൽ കാണ്ഡ പിന്തുണ അറിയിക്കുകയും താനാണു സ്വതന്ത്രരെ ബിജെപി ക്യാംപിലെത്തിച്ചതെന്ന് അവകാശപ്പെടുകയും ചെയ്തതിരുന്നു. വ്യാഴാഴ്ച രാത്രി ചാർട്ടേഡ് വിമാനത്തിൽ കാണ്ഡയ്ക്കൊപ്പം സ്വതന്ത്രർ ഇരിക്കുന്ന ചിത്രവും പുറത്തുവന്നു. എയർ ഹോസ്റ്റസും അമ്മയും ജീവനൊടുക്കിയ കേസിൽ പ്രേരണക്കുറ്റം നേരിടുന്ന കാണ്ഡയെ ഒപ്പം കൂട്ടുന്നതിനെതിരെ മുതിർന്ന ബിജെപി നേതാവ് ഉമാ ഭാരതി രംഗത്തെത്തി.

31 അംഗങ്ങളുള്ള കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തിനു ചില ശ്രമങ്ങൾ നടത്തിയെങ്കിലും മുന്നോട്ടുപോയില്ല.

English Summary: ML Khattar's Swearing-In Likely Tomorrow, Set For Second Term In Haryana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com