ADVERTISEMENT

കോട്ടയം ∙ അരൂരിലെ ഇടതുകോട്ടയിൽ അട്ടിമറി വിജയം നേടിയ ഷാനിമോൾ ഉസ്മാനെ അഭിനന്ദിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. സാമുദായിക പരിഗണനയോ സിംപതിയോ അല്ല, പൊളിറ്റിക്കൽ ഫൈറ്റിലൂടെ പ്രവർത്തിച്ചു തന്നെയാണ് അരൂരിൽ യുഡിഎഫും ഷാനിമോളും വിജയിച്ചത്. ഈ വിജയം സാധ്യമാക്കിയത് എൽഡിഎഫ് മേഖലകളിൽ യുഡിഎഫിനു നേടാനായ കൃത്യമായ മുന്നേറ്റമാണ്. ഒത്തൊരുമയില്ലാതെ തമ്മിലടിക്കുന്ന സന്ദേശം പൊതുസമൂഹത്തിനു നൽകിയിട്ട് എത്ര പ്രവർത്തിച്ചിട്ടും കാര്യമില്ല. പൊതുസമൂഹം അത് അംഗീകരിക്കില്ല എന്നതാണു വർത്തമാനകാല ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ ഷിബു വ്യക്തമാക്കി.

ഷിബു ബേബി ജോണിന്റെ കുറിപ്പിൽനിന്ന്:

അരൂരിൽ അഡ്വ. ഷാനിമോൾ ഉസ്‌മാൻ നേടിയതു രാഷ്ട്രീയ വിജയം, ഒരുമയോടെ മുന്നേറിയാൽ ഏത് ഉരുക്കുകോട്ടയും ഐക്യജനാധിപത്യ മുന്നണിക്ക് നേടാമെന്നു തെളിയിച്ച വിജയം. തികഞ്ഞ രാഷ്ട്രീയ പോരാട്ട വിജയം തന്നെയാണ് അരൂരിലേത്, പലരും പറയാൻ ശ്രമിക്കുന്നത് പോലെ സഹതാപ വോട്ടുകളോ ന്യൂനപക്ഷ വോട്ടുകളോ കൊണ്ട് നേടിയ വിജയമല്ല അരൂരിലേത്. എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ ഉൾപ്പടെ യുഡിഎഫ് മുന്നേറ്റത്തിലൂടെ നേടിയെടുത്ത ഉജ്വല രാഷ്ട്രീയ വിജയമാണ് അരൂരിലേത്.!

മുസ്‌ലിം ന്യൂനപക്ഷങ്ങൾ കുടുതൽ തിങ്ങിപ്പാർക്കുന്ന അരൂക്കുറ്റിയും യുഡിഎഫിനു പൊതുവെ അനുകൂലമായ അരൂർ പഞ്ചായത്തുകളിൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫ് ലീഡ് അൽപം കുറയുകയാണ് ഉണ്ടായത്. എന്നാൽ എൽഡിഎഫിന് മുൻതൂക്കമുള്ള മിക്ക പഞ്ചായത്തുകളിലും യുഡിഎഫിനു മുന്നേറാൻ സാധിച്ചതാണ് അരൂരിലെ വിജയത്തിന് ആധാരം.!

എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ ഉൾപ്പടെ യുഡിഎഫ് പ്രവർത്തിച്ചു നേടിയ രാഷ്ട്രീയ വിജയമാണ് അരൂരിലേത് എന്ന് പഞ്ചായത്ത് തിരിച്ചുള്ള വോട്ടിങ് കണക്കുകൾ വ്യക്തമാക്കുന്നു.! തുറവൂർ പഞ്ചായത്ത് - കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 3815 വോട്ടുകൾക്കും, പാർലമെന്റ് തിരഞ്ഞെടുപ്പിൽ 101 വോട്ടുകൾക്കും എൽഡിഎഫ് ലീഡ് ചെയ്‌ത ഈ പഞ്ചായത്തിലെ ഇപ്പോഴത്തെ യുഡിഎഫ് ലീഡ് 674 വോട്ടുകൾ.!

തൈക്കാട്ടുശേരി പഞ്ചായത്ത് - 2767 വോട്ടുകൾക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും, 571 വോട്ടുകൾക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിലും എൽഡിഎഫ് ലീഡ് ചെയ്‌ത ഈ പഞ്ചായത്തിൽ ഇത്തവണ 47 വോട്ടുകൾക്ക് യുഡിഎഫിന് ലീഡ് ചെയ്യാനായി.! പള്ളിപ്പുറം പഞ്ചായത്ത് - കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 4293 വോട്ടുകൾക്കും, പാർലമെന്റ് തിരഞ്ഞെടുപ്പിൽ 1511 വോട്ടുകൾക്കും എൽഡിഎഫ് ലീഡ് ചെയ്തിരുന്നത് ഗണ്യമായി കുറച്ച് 875 വോട്ടുകളിലേക്ക് എത്തിക്കുവാൻ യുഡിഎഫിന് സാധിച്ചു.!

പാണാവള്ളി പഞ്ചായത്ത് - എൽഡിഎഫിന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 6753 വോട്ടിന്റെ ലീഡും, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 1221 വോട്ടിന്റെ ലീഡും ഉണ്ടായിരുന്നത് ഇപ്രാവശ്യം 846 വോട്ടുകളിലേക്ക് കുറക്കുവാൻ യുഡിഎഫിന് സാധിച്ചു.! പെരുമ്പളം പഞ്ചായത്ത് - എൽഡിഎഫിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1371 വോട്ടുകളും, പാർലമെന്റ് തിരഞ്ഞെടുപ്പിൽ 1102 വോട്ടുകളും ലീഡ് ഉണ്ടായിരുന്നത് പകുതിയോളം കുറച്ച് 699 വോട്ടുകളിലേക്ക് എത്തിക്കുവാൻ യുഡിഎഫിന് സാധിച്ചു.!

സാമുദായിക പരിഗണനയോ സിമ്പതിയോ അല്ല, മറിച്ച് പൊളിറ്റിക്കൽ ഫൈറ്റിലൂടെ പ്രവർത്തിച്ച് തന്നെയാണ് അരൂരിൽ യുഡിഎഫും ഷാനിമോളും വിജയിച്ചത്. ഈ വിജയം സാധ്യമാക്കിയത് എൽഡിഎഫ് മേഖലകളിൽ യുഡിഎഫിന് നേടാനായ കൃത്യമായ മുന്നേറ്റമാണ്.! ഒത്തൊരുമയില്ലാതെ തമ്മിലടിക്കുന്ന സന്ദേശം പൊതുസമൂഹത്തിന് നൽകിയിട്ട് എത്ര പ്രവർത്തിച്ചിട്ടും കാര്യമില്ല, പൊതുസമൂഹം അത് അംഗീകരിക്കില്ല എന്നതാണ് വർത്തമാനകാല ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്.!

38,519 വോട്ടുകൾക്ക് എൽഡിഎഫ് ജയിച്ച അവരുടെ അരൂർ ഉരുക്കുകോട്ടയിൽ ഐക്യത്തോടെയും അച്ചടക്കത്തോടെയും പ്രവർത്തിച്ചപ്പോൾ യുഡിഎഫിന് സമാനതകൾ ഇല്ലാത്ത വിജയം നേടാനായി. ആകയാൽ വരുംദിവസങ്ങളിൽ ഒരുമയോടെ മുന്നേറിയാൽ ഏത് ഉരുക്കുകോട്ടയും ഐക്യജനാധിപത്യ മുന്നണിക്ക് നേടാമെന്ന വ്യക്തമായ സന്ദേശം കൂടിയാണ് തിരഞ്ഞെടുപ്പ് ചരിത്രങ്ങളിലെ സുവർണ്ണ ലിപികളിൽ എഴുതിയ ഈ ഉജ്ജ്വല അരൂർ വിജയം.!

English Summary: RSP leader Shibu Baby John praises UDF Aroor bypoll victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com