sections
MORE

‘കായ്‌ല മുള്ളർ’: ബഗ്ദാദി ഓപ്പറേഷന് യുഎസ് സൈന്യം നൽകിയ പേര്; ആരാണ് കെ9?

Kayla Mueller
കായ്‌ല മുള്ളർ
SHARE

വാഷിങ്ടൻ ∙ ഭീകരാക്രമണത്തിലൂടെ ഒട്ടേറെ നിരപരാധികളെ കൊന്നൊടുക്കിയ ഭീകരസംഘടന ഐഎസിന്റെ തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ (48) വകവരുത്തിയ ഓപ്പറേഷനു യുഎസ് നൽകിയ ഓമനപ്പേരാണ് ‘കായ്‌ല മുള്ളർ’. ഐഎസ് ബന്ദികളായിരിക്കെ കൊല ചെയ്യപ്പെട്ട യുഎസ് പൗരയായ മനുഷ്യാവകാശ പ്രവർത്തകയുടെ സ്മരണയിലാണു സൈനിക നടപടിക്ക് ഈ പേര് നൽകിയതെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേശകൻ റോബർട്ട് ഒബ്രീൻ പറഞ്ഞു.

സിറിയയിൽ ഇന്നലെ പുലർച്ചെ നടത്തിയ സൈനിക നടപടിക്കൊടുവിൽ, ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണു ലോകത്തോടു വെളിപ്പെടുത്തിയത്. ‘ഞാന്‍ സഹനത്തിലാണു ദൈവത്തെ കണ്ടെത്തുന്നത്’ എന്നു പറഞ്ഞിരുന്ന കായ്‌ല മുള്ളറെ ഐഎസുകാര്‍ ബന്ധിയാക്കുമ്പോൾ പ്രായം 26 വയസ്സ്. തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ സേവനം ചെയ്യാനായി 2013 ഓഗസ്റ്റിൽ കായ്‌ല എത്തിയപ്പോഴാണു ആലെപ്പോയില്‍ ബന്ധിയാക്കപ്പെട്ടത്.

ചെറുപ്പം മുതൽ ഒട്ടേറെ സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു അരിസോണ സ്വദേശിയായ കായ്‍ല. നന്നായി പ്രസംഗിക്കും. താന്‍ സ്‌കൂളില്‍ സമയം പാഴാക്കേണ്ടവളല്ലെന്നു കായ്‌ലയ്ക്കു തോന്നിയിരുന്നു. ഔപചാരികമായി ജോലികൾക്കു മറ്റും ഡിഗ്രി യോഗ്യതയായതിനാൽ പഠനം ഒരുവിധം പൂർത്തിയാക്കി. അനാഥാലയങ്ങളില്‍ സേവനം ചെയ്യാനായി 2009 ഡിസംബറില്‍ കായ്‍ല ഇന്ത്യയിലേക്കു തിരിച്ചു. കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പറ്റാതിരുന്നതിനാൽ സഞ്ചാരം തുടർന്നു.

ടിബറ്റന്‍ അഭയാർഥികളെ ഇംഗ്ലിഷ് പഠിപ്പിക്കുന്നതിലായി അടുത്ത ശ്രദ്ധ. പിന്നീട് ഇസ്രയേല്‍, പലസ്തീന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു. പലസ്തീനില്‍ നിന്നും വീട്ടിലേക്കു പോകവേ കണ്ടുമുട്ടിയ സിറിയക്കാരൻ കായ്‌ലയുടെ മനസ്സിലുടക്കി. അയാൾ പങ്കുവച്ച വിവരങ്ങളാണു സിറിയയിലേക്കു പോകാനുള്ള ആഗ്രഹമുണ്ടാക്കിയത്. സിറിയയിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊണ്ട വേളയിൽ അഭയാർഥികളെ സഹായിക്കാനായി കായ്‌ല എത്തി. ‌ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെടുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്ത സ്ത്രീകളെ ശാക്തീകരിക്കാനായി സംഘടന രൂപീകരിച്ചു.

സ്ത്രീകൾ വീടുകളില്‍ നെയ്‌തെടുത്ത കുഞ്ഞുടുപ്പുകള്‍ വിൽക്കാനും മറ്റും ഈ സംഘടന സഹായിച്ചു. 2013 ജൂണിലാണു കായ്‍ല അവസാനമായി യുഎസിലെത്തി മാതാപിതാക്കളായ മാർഷ– കാൾ മുള്ളർ ദമ്പതികളെ കണ്ടത്. ഇത്തവണ പോകേണ്ടെന്നും ഞങ്ങൾക്കൊപ്പം നിൽക്കൂവെന്നും മാർഷ പറഞ്ഞെങ്കിലും കായ്‍ല ഉറച്ചുനിന്നു. താനുണ്ടാക്കിയ കളിമണ്‍രൂപം അമ്മയ്ക്കു കൈമാറി, ‘എപ്പോഴും എന്റെ കൈകള്‍ ഒപ്പമുണ്ടാകുമെന്ന്’ പറഞ്ഞു കായ്‍‌ല യാത്ര ചോദിച്ചു. 2013 ഓഗസ്റ്റിൽ ബന്ധിയാക്കപ്പെട്ട കായ്‌ലയെ രക്ഷിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല.

ബഗ്ദാദി ഉൾപ്പെടെയുള്ള ഐഎസ് നേതാക്കളുടെ ക്രൂരമായ ശാരീരിക പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും കായ്‌ല വിധേയമായെന്നാണു റിപ്പോർട്ടുകൾ. പിതാവും ഇക്കാര്യം ചൂണ്ടിക്കാട്ടി. 2015 ഫെബ്രുവരിയിൽ കായ്‌ല കൊല്ലപ്പെട്ടു എന്നറിയിച്ചു തകര്‍ന്ന ഒരു കെട്ടിടത്തിന്റെ ഫോട്ടോ ഐഎസ് പുറത്തുവിട്ടു. റാഖയിൽ ജോർദാന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു എന്നായിരുന്നു അറിയിപ്പ്. മരണം സ്ഥിരീകരിച്ചു മുള്ളര്‍ കുടുംബത്തിന് ഇമെയില്‍ ലഭിച്ചു. എന്നാൽ ഇതുവരെ കായ്‍ലയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല.

‘ഈ സർക്കാരിനോടു ഞങ്ങൾ വളരെയേറെ നന്ദിയുള്ളവരാണ്. ഐഎസ് തലവനെ വധിക്കാൻ മുന്നിട്ടിറങ്ങിയ യുഎസ് സൈന്യത്തോടും സ്പെഷൽ ഫോഴ്സിനോടും നന്ദിയുണ്ട്. കായ്‍ലയ്ക്ക് എന്താണു സംഭവിച്ചത് എന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം ഇനി കിട്ടുമെന്നാണു പ്രതീക്ഷ. എപ്പോഴും ജനങ്ങളെ സഹായിക്കുന്നതിലായിരുന്നു കായ്‍ലയുടെ ഹൃദയം. അങ്ങനെ വേണം അവൾ ഓർക്കപ്പെടാനും’– ബഗ്ദാദി കൊല്ലപ്പെട്ട വാർത്തയോടു മാർഷ മുള്ളർ പ്രതികരണം. ഐഎസ് ബന്ദികളായിരിക്കെ കൊല ചെയ്യപ്പെട്ട യുഎസ് പൗരരായ ജയിംസ് ഫോളി, കായ്‌ല മുള്ളർ എന്നിവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നു ട്രംപ് അറിയിച്ചിരുന്നു.

തലയറുക്കപ്പെടാൻ കാത്തു മരുഭൂമിയിൽ ക്യാമറയ്‌ക്കുമുന്നിൽ മുട്ടുകുത്തി നിൽക്കുക. ഭീകരർക്കു പിന്തുണ പ്രഖ്യാപിക്കുന്ന കുറിപ്പ് വായിക്കുക. പിന്നെ, മരണത്തിലേക്കു തലനീട്ടിക്കൊടുക്കുക. 2014ൽ 5 വിദേശികളെ തലവെട്ടിയപ്പോൾ ഐഎസ് പുറത്തുവിട്ട വിഡിയോ ഇങ്ങനെയായിരുന്നു. യുഎസ് പത്രപ്രവർത്തകരായ ജയിംസ് ഫോളി (40), സ്‌റ്റീവൻ സോറ്റ്‌ലോഫ് (31), ബ്രിട്ടിഷ് മനുഷ്യാവകാശ പ്രവർത്തകരായ ഡേവിഡ് ഹെയ്‌ൻസ് (44), അലൻ ഹെനിങ് (47), പീറ്റർ കാസിഗ് (26) തുടങ്ങിയവരാണു കൊല്ലപ്പെട്ടത്. 2015ൽ ജപ്പാനിലെ മാധ്യമപ്രവർത്തകരായ കെൻജി ഗോട്ടോ, ഹാരുണ യുകാവ എന്നിവരെ കഴുത്തറത്തു കൊല്ലുന്നതും ഐഎസ് പുറത്തുവിട്ടു.

രണ്ടു മണിക്കൂർ ഓപ്പറേഷൻ

തുർക്കി അതിർത്തിയോടു ചേർന്നു വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‍ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തിൽ ബഗ്ദാദിയുടെ ഒളിത്താവളം യുഎസ് വളയുകയായിരുന്നു. പിടിക്കപ്പെടുമെന്നായപ്പോൾ, സ്വയം നടത്തിയ സ്ഫോടനത്തിൽ ബഗ്ദാദിയുടെ മൂന്നു കുട്ടികളും കൊല്ലപ്പെട്ടതായി ടിവി സന്ദേശത്തിൽ ട്രംപ് പറഞ്ഞു. ഓപ്പറേഷൻ രണ്ടു മണിക്കൂർ നീണ്ടു. യുഎസ് സൈന്യത്തിന്റെ ഭാഗമായ ജോയിന്റ് സ്പെഷൽ ഓപ്പറേഷൻസ് കമാൻഡോ സംഘത്തിലെ ഡെൽറ്റ ടീം നേതൃത്വം നൽകിയ ഓപ്പറേഷനിൽ എട്ടു ഹെലികോപ്റ്റുകൾ പങ്കെടുത്തു.

ഒരു മാസമായി സിറിയയിലെ ബഗ്ദാദിയുടെ ഒളിത്താവളം യുഎസ് സൈന്യത്തിന്റെ റഡാറിലുണ്ടായിരുന്നു. മൂന്നു തവണ ഓപ്പറേഷൻ മാറ്റി. രണ്ടാഴ്ച മുൻപ് യുഎസ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. കൃത്യസമയത്തിനായി കാത്തിരുന്നു. ഇന്നലെ പുലർച്ചെ സമയം ഒത്തുവന്നു. ഹെലികോപ്റ്ററുകളിലായി ഡെൽറ്റ ടീമിലെ സൈനികർ ബാരിഷ ഗ്രാമത്തിനു മുകളിലേക്ക്. അകമ്പടിയായി യുദ്ധവിമാനങ്ങൾ. ആദ്യം കെട്ടിടത്തിലേക്കു മിസൈൽ വർഷിച്ചു. പിന്നാലെ, സൈനികർ താഴേക്കിറങ്ങി. പരിശീലനം നേടിയ നായ്ക്കളുടെ സഹായത്തോടെയാണു സൈനികർ മുന്നോട്ടു നീങ്ങിയത്. രക്ഷയില്ലാതെ വന്നപ്പോൾ ബഗ്ദാദി ഭയന്നോടി.

കെട്ടിടത്തിനു താഴെയുള്ള തുരങ്കങ്ങളിലൂടെ കുട്ടികളുമായി രക്ഷപ്പെടാനായിരുന്നു ശ്രമം. പക്ഷേ, നായ്ക്കൾ വിട്ടില്ല. പിന്നാലെ കൂടി. സൈനികർ അടുത്തെത്തുമെന്ന് ഉറപ്പായതോടെ ചാവേറായി പൊട്ടിത്തെറിച്ചു. ബഗ്ദാദിയുടെ സിറിയയിലെ ഒളിത്താവളത്തെപ്പറ്റി യുഎസിനു വിശ്വാസയോഗ്യമായ രഹസ്യവിവരം കൈമാറിയത് ഇറാഖാണ്. ബഗ്ദാദിയുടെ സഹോദരൻമാരുടെ ഭാര്യമാർ സിറിയയിലേക്കു പോകുന്നതിനെപ്പറ്റിയുള്ള വിവരം അവർക്കൊപ്പം സഞ്ചരിച്ച മറ്റൊരാളിൽനിന്നാണ് ഇറാഖി സൈന്യത്തിനു ലഭിച്ചത്.

നായയെ പ്രകീർത്തിച്ച് ട്രംപ്

യുഎസ് സൈനിക നടപടിക്കൊടുവിൽ ബഗ്ദാദി കൊല്ലപ്പെട്ടെന്ന വാർത്ത ലോകത്തോടു പങ്കുവച്ചപ്പോൾ, ട്രംപ് പ്രശംസിച്ചവരുടെ കൂട്ടത്തിൽ ഒരു നായയുമുണ്ട്. യുഎസ് സൈന്യത്തിന്റെ ഭാഗമായ ‘കഴിവും സൗന്ദര്യവുമുള്ള’ നായയ്ക്കു പരുക്കേറ്റെന്നാണു മാധ്യമപ്രവർത്തകരോടു ട്രംപ് പറഞ്ഞത്. ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചപ്പോൾ മറുഭാഗത്തുണ്ടായിരുന്ന ആർക്കും പരുക്കേറ്റില്ലെന്നും പ്രസിഡന്റ് പറഞ്ഞു. യുഎസ് പൗരന്മാർക്കു മാത്രമല്ല, സൈന്യത്തിലെ നായ്ക്കൾക്കു പോലും പരുക്കേൽക്കുന്നതു സഹിക്കാനാവില്ലെന്നും പൊറുക്കില്ലെന്നും ട്രംപ് പറഞ്ഞു.

കെ9 എന്നാണ് അവനെ സൈനികർ വിളിക്കുന്നത്. നായ എന്നുതന്നെ വിളിക്കാനാണു ഞാനിഷ്ടപ്പെടുന്നത്. അവനു ചെറിയ പരുക്കുപറ്റിയെങ്കിലും സാരമുള്ളതല്ലെന്നും അഭിമാനത്തോടെ ട്രംപ് കൂട്ടിച്ചേർത്തു. ലാദനെ വകവരുത്തിയ ഓപ്പറേഷനിലും യുഎസ് നേവി സീലിനൊപ്പം കെയ്റോ എന്ന നായയുണ്ടായിരുന്നു. ബഗ്ദാദി ഓപ്പറേഷന് ഉപയോഗിച്ച നായയുടെ കൂടുതൽ വിവരങ്ങൾ യുഎസ് പുറത്തുവിട്ടിട്ടില്ല. ജർമൻ ഷെപ്പേഡ്, ബെൽജിയൻ മലിനോസ് എന്നീ ബ്രീഡുകളിൽ പെട്ട നായകളാകും സൈന്യം ഉപയോഗിച്ചിരിക്കുകയെന്നു മുൻ നാവികനും യുഎസ് വാർ ഡോഗ്സ് അസോസിയേഷൻ പ്രസിഡന്റുമായ റോൺ എയിലോ അഭിപ്രായപ്പെട്ടു.

പരിശീലനം ലഭിച്ച, പ്രതിരോധ സംവിധാനങ്ങൾ ധരിച്ച മികച്ച പട്ടാള നായയ്ക്ക് 2.83 ലക്ഷം ഡോളർ വിലയുണ്ടാകും എന്നാണു നിഗമനം. ‘ലോകത്തെ വിറപ്പിച്ച ആ ഭീകരൻ യുഎസ് സേന പിന്തുടർന്നുചെന്ന അവസാന നിമിഷങ്ങളിൽ ഭയന്നുവിറച്ചു. ഒരു നായയെപ്പോലെ, ഭീരുവിനെപ്പോലെ നിലവിളിച്ചു. അലറിക്കരഞ്ഞു. അയാൾ ഓടിയെത്തിയത് ഒരു തുരങ്കത്തിന്റെ അറ്റത്തേക്കാണ്. ദേഹത്തു കെട്ടിവച്ച സ്ഫോടകവസ്തു പൊട്ടിച്ചു ജീവനൊടുക്കുന്നതിനൊപ്പം തന്റെ മൂന്നു കുട്ടികളുടെയും ജീവനെടുത്തു. അയാൾ ഒരു ഭീരുവിനെപ്പോലെ മരിച്ചു.’– ട്രംപ് വിശദീകരിച്ചു.

English Summary: Kayla Mueller: Baghdadi operation named after ISIS hostage who was killed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA