സിക്‌സർ സ്വപ്നം, ഒടുവിൽ സമനില; ബൗണ്ടറി തടഞ്ഞ് ഷാനിമോൾ, എറണാ’കുള’ത്ത് ഡക്‌വർത്ത്

mlas
എംഎൽഎമാരായ ടി.ജെ. വിനോദ്, ഷാനിമോൾ ഉസ്മാൻ, എം.സി. ഖമറുദ്ദീൻ, വി.കെ. പ്രശാന്ത്, മാണി സി. കാപ്പൻ, ജനീഷ് കുമാർ എന്നിവർ. ചിത്രം∙ മനോജ് ചേമഞ്ചേരി
SHARE

പാലായിലേക്കും മറ്റ് അഞ്ച് മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പു ഫലം ക്രിക്കറ്റ് വിശകലനക്കണ്ണിൽ...

ക്രിക്കറ്റുമായി ബന്ധപ്പെട്ടായിരുന്നല്ലോ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പ് ഉൽസവങ്ങളെയും കേരളം വീക്ഷിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ‘ട്വന്റി20’ ജയം നേടുമെന്നായിരുന്നു യുഡിഎഫ് പ്രഖ്യാപനം. ഏതാണ്ട് അത് ശരിവയ്ക്കുന്നതായിരുന്നു സ്കോർ ബോർഡ്. ഈ പിന്തുണയിൽനിന്നുള്ള അമിതാവേശം ഉൾക്കൊണ്ടാകണം ഉപതിരഞ്ഞെടുപ്പിൽ ആറിടത്തും സിക്സറടിക്കും എന്ന പ്രഖ്യാപനമുണ്ടായത്. പക്ഷേ, പരമ്പരയിലെ ആദ്യ കളിയിൽ പാലായിൽ തെറിച്ചത് മിഡിൽ സ്റ്റംപാണ്. ജോസ് ടോം ‘ബി’ കാപ്പൻ.

എന്നാപ്പിന്നെ അരൂരിലെ ഒരു ഓവർത്രോയിൽനിന്നുള്ള ബൌണ്ടറിയടക്കം അഞ്ചടിക്കാമെന്ന കണക്കുകൂട്ടിയിരിക്കെയാണ് യുഡിഎഫിന് രണ്ടു വിക്കറ്റുകൾക്കൂടി കൈമോശം വന്നത്. അതിൽ വട്ടിയൂർക്കാവ് മാച്ചിൽ മേയർബ്രോ ഭൂരിപക്ഷം തന്നെ അഞ്ചക്കം കടത്തിയതോടെ മൂന്നു സ്റ്റംപുകളും തെറിച്ച അവസ്ഥയിലായി യുഡിഎഫ്. ക്രിക്കറ്റ്പ്രേമിയായ തരൂർജിയുടെ വാക്ക് കടമെടുത്താൽ, ഒരുമാതിരി ‘ഫോക്സിനോക്സിനൈഹിലിപ്ളിഫിക്കേഷനായി’ പോയി അവിടുത്തെ കളി. കോന്നിയിലും ക്ളീൻ ബോൾഡ്. ഇവിടങ്ങളിൽ സിലക്ടർമാരായി അടൂർ പ്രകാശും കെ. മുരളീധരനുമുണ്ടായിരുന്നു എന്നുകൂടി ഓർക്കണം. ഇവർ നിർദേശിച്ച ബാറ്റ്സ്മാന്മാരെ കളത്തിലിറക്കാതിരുന്നതാണ് യുഡിഎഫിനു തിരിച്ചടിയായതെന്നു കരുതുന്നവരെ കുറ്റംപറയാനാകില്ല. ടീം മാനേജ്മെന്റ് യോഗം കൂടുമ്പോഴറിയാം ഇനി ഇതിന്റെ പേരിലുള്ള കശപിശ. 

‘ഡ‌ക്‌വർത്ത് ലൂയിസ്’ നിയമംകൂടി കണക്കിലെടുക്കേണ്ടിവന്നു കൊച്ചിയിലെ മൽസരഫലം കണ്ടെത്താൻ. മഴ സാരമായി ബാധിച്ച മൽസരത്തിൽ യുഡിഎഫ് കഷ്ടിച്ച് ജയിച്ചു. അപരനും അത്യാവശ്യം കളിച്ച പോരാട്ടത്തിൽ നേരേ വാ, നേരേ പോ ലൈനാകാം എൽഡിഎഫ് താരത്തിന് വിനയായത്. 

മഞ്ചേശ്വരം ലീഗിൽ മാത്രമാണ് ടീം യുഡിഎഫ് നന്നായി കളിച്ചത്. അതാകട്ടെ ഖമറുദീന്റെ സ്വന്തം ക്ളബിന്റെ നേട്ടമായികൂടി വിലയിരുത്തേണ്ടിവരും. യഥാർഥത്തിൽ ഒരു ട്വന്റി20 മൽസരാവേശം ഒരുക്കിയത് അരൂരാണ്. യുഡിഎഫ് റൺഔട്ട് ആകാനുള്ള സാധ്യത അവസാന ഓവർവരെ നിലനിന്നെങ്കിലും അൽപം പുളിച്ചിട്ടാണെങ്കിലും വിന്നിങ് റൺ കുറിക്കാൻ ഷാനിമോളിനായി. മിനി കേരളകപ്പിൽ സിക്സർ അടിക്കാൻ കാത്തിരുന്ന യുഡിഎഫിന് ഫലത്തിൽ ഷാനിമോൾ വേണ്ടിവന്നു, എൽഡിഎഫിന്റെ ബൗണ്ടറി തടയാൻ… ക്രിക്കറ്റ് അവസാനം ഫുട്ബോളിന് വഴിമാറിയെന്നുകൂടി പറയേണ്ടിവരും. ആറ് ഉപതിരഞ്ഞെടുപ്പിന്റെ പരമ്പരയിൽ യുഡിഎഫ് സമനില വഴങ്ങി (3-3).  

കോന്നിയിൽ ജനീഷ് ജയിച്ചെങ്കിലും സുരേന്ദ്രനെ ഒരു കാര്യത്തിൽ സമ്മതിക്കണം. ഒരു പരിധിവരെ നേമം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളുടെ നിലവാരത്തിലേക്ക് കോന്നിയെയും എത്തിച്ചതിൽ. ഇനിയങ്ങോട്ട് കോന്നിയിലും ബിജെപിക്ക് അവസാനനിമിഷംവരെ ആകാംക്ഷ നിലനിർത്താനാകും. ഇത്രയൊക്കെയായിട്ടും പിടികിട്ടാത്ത ഒരു ചോദ്യമുണ്ട്- കഴിഞ്ഞതവണ നിസാര റണ്ണിന് മൽസരം കൈവിട്ട മഞ്ചേശ്വരത്ത് സുരേന്ദ്രനെയും വട്ടിയൂർക്കാവിൽ അവസാന പന്തുവരെ ആവേശം നിലനിർത്തിയ കുമ്മനത്തെയും ബിജെപി ടീം മാനേജ്മെന്റ്  ഇക്കുറി ഒഴിവാക്കിയത് എന്തിനെന്ന്. ആരെങ്കിലും അതിന്റെ ഗുട്ടൻസ് ഒന്നു വ്യക്തമാക്കുമോ എന്നതാണ് കമന്ററികളിലെ പ്രതീക്ഷ. വട്ടിയൂർക്കാവിലെങ്കിലും  സ്കോർബോർഡിൽ ഇന്ദ്രജാലം കാട്ടിയേനെ, കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാർഥിയെങ്കിൽ എന്നു വിശ്വസിക്കുന്ന ആരാധകർ ബിജെപി ടീമിൽ ഏറെയുള്ളപ്പോൾ.

ടീം യുഡിഎഫ് ഇനിയെങ്കിലും ഒരു കാര്യം മനസിലാക്കണം. ഉപതിരഞ്ഞെടുപ്പിനെ സീസണിലേക്കുള്ള ഒരുക്കമായി കണ്ടാൽ മതിയാകും. ഫൈനൽ പോരാട്ടത്തിന് ഇനി വേണ്ടുവോളം സമയമുണ്ട്. പരിചയസമ്പന്നതയ്ക്കൊപ്പം പുതുമുഖങ്ങൾക്കുകൂടി അവസരം കൊടുത്തില്ലെങ്കിൽ നേരിടുന്ന ഓരോ ചുവന്നപന്തിനെയും സിക്സറടിച്ച് ചെറുപ്പക്കാരുടെ ചെമ്പട ആരവമുയർത്താനുള്ള സാധ്യതകൂടി യുഡിഎഫ് ടീമിനെ പ്രഖ്യാപിക്കുമ്പോൾ മാനേജ്മെന്റ് കണക്കിലെടുക്കണം. പഴയ പടക്കുതിരകൾക്കൊപ്പം യുവസിങ്കങ്ങളെയും കളത്തിലിറക്കിയാലെ ടഫ് ഫൈറ്റ് കൊടുക്കാനാകൂ എന്നു ചുരുക്കം. വിധിയെഴുത്ത് മാറ്റിമറിക്കാൻമാത്രം സ്വാധീനമുണ്ടെന്നു കരുതുന്ന ‘തേർഡ് അംപയർ’മാരെ മാത്രം നമ്പിയാൽ കേരളകപ്പ് യുഡിഎഫിന് കിട്ടാക്കനിയാകും. 

English Summary: Kerala Byelections in a Cricket angle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA