ADVERTISEMENT

തിരുവനന്തപുരം∙ ഉപതെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചു പഠിക്കാൻ കോൺഗ്രസിൽ ഇത്തവണ പ്രത്യേക സമിതിയില്ല. പരാജയത്തിനു കാരണം നേതൃത്വത്തിന്റെ ഏകോപനമല്ലായ്മയും സ്ഥാനാർഥിനിർണയത്തിലെ പാളിച്ചയെന്നും രാഷ്ട്രീയ കാര്യ സമിതിയിൽ വിമർശനം ഉയര്‍ന്നു. കൊച്ചി മേയറെ മാറ്റണമെന്നു ബെന്നി ബഹനാൻ യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ അന്തിമ തീരുമാനത്തിന് കെപിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി. തീരുമാനം ഇന്നുണ്ടായേക്കും. 

വട്ടിയൂർക്കാവിലെയും കോന്നിയിലെയും പരാജയത്തിന്റെ ഉത്തരവാദിത്തം പാർട്ടി നേതൃത്വത്തിനാണെന്നു തെരഞ്ഞെടുപ്പു തോൽവി വിലയിരുത്തിയ യോഗത്തിൽ ഭൂരിഭാഗം നേതാക്കളും വിമർശനം ഉന്നയിച്ചിരുന്നു. പാലായിലെ പരാജയത്തിൽ നിന്നു പാഠം ഉൾക്കൊള്ളാത്തതിന്റെ ഫലമെന്നായിരുന്നു എം. എം. ഹസന്റെ വിമർശനം. ബൂത്ത് പ്രസിഡന്റല്ല, കെപിസിസി നേതൃത്വമാണ് തെരഞ്ഞെടുപ്പു പ്രവർത്തനം ഏകോപിപ്പിക്കേണ്ടതെന്നായിരുന്നു യുഡിഎഫ് കൺവീനർ കൂടിയായ ബെന്നി ബഹനാൻ തുറന്നടിച്ചത്. വട്ടിയൂർക്കാവിൽ ഏകോപനം എന്ന കാര്യമേ ഉണ്ടായിരുന്നില്ലെന്ന് വി. ഡി. സതീശൻ പറഞ്ഞു. കോന്നിയിൽ സ്ഥാനാർഥി നിർണയം പാളിയെന്നും വിമർശനം ഉയർന്നു.

പരാജയങ്ങൾ പഠിക്കാൻ സമിതികളെ വയ്ക്കണമെന്നും ആവശ്യമുയർന്നെങ്കിലും കാരണങ്ങൾ എല്ലാവർക്കും അറിയാമെന്നതിനാൽ പ്രത്യേക സമിതി വേണ്ടെന്ന ധാരണയിലെത്തുകയായിരുന്നു. കൊച്ചി മേയറെ മാറ്റുന്ന കാര്യവും സമിതിയിൽ ഗൗരവമായി ചർച്ച ചെയ്തു. മേയറെയും ഭരണ സമിതിയംഗങ്ങളെയും മാറ്റി നഗരസഭയിൽ സമഗ്രമായ അഴിച്ചു പണി വേണമെന്നും അല്ലാത്തപക്ഷം കാര്യങ്ങൾ സങ്കീർണമാകുമെന്നും ബെന്നി ബഹനാൻ നിലപാടെടുത്തു. ഈ അഭിപ്രായത്തോട് വി.ഡി. സതീശനും യോജിച്ചു. ഇതോടെ മേയറെ ഇതിൽ അന്തിമ തീരുമാനം കെപിസിസി പ്രസിഡന്റിന് വിട്ടു. സൗമിനി ജെയിനുമായി മുല്ലപ്പള്ളി ഇന്നു വീണ്ടും ചർച്ച നടത്തിയേക്കും.

പുനസംഘടന കാര്യത്തിൽ ഒരാൾക്ക് ഒരു പദവി എന്ന നിബന്ധന കർശനമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം തന്‍റെ അഭിപ്രായം പരസ്യമാക്കുമെന്നും രാഷ്ട്രീയകാര്യ സമിതിയിൽ പി. ജെ. കുര്യൻ മുന്നറിയിപ്പു നൽകി.

English Summary : Congress on by election failure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com