ADVERTISEMENT

ന്യൂഡൽഹി ∙ കള്ളപ്പണം തടയുന്നതിന് നോട്ടുനിരോധനം നടപ്പാക്കിയതുപോലെ കൈവശം വയ്ക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. കള്ളപ്പണത്തിനെതിരെ രണ്ടാമത്തെ വലിയ നീക്കത്തിന് നരേന്ദ്രമോദി സർക്കാർ ഒരുങ്ങുന്നതായാണു റിപ്പോർട്ട്. ഇതിനായി നിയമം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണമുപയോഗിച്ചു കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്.

നിശ്ചിത പരിധിയിൽ കൂടുതൽ കൈവശം വയ്ക്കുന്ന സ്വർണം സംബന്ധിച്ച എല്ലാ വിവരങ്ങളും സമർപ്പിക്കുന്ന രീതിയിലാണു നിയമം കൊണ്ടുവരിക. നോട്ടുനിരോധനത്തിനു ശേഷം കള്ളപ്പണം തടയാനുള്ള ശക്തമായ നടപടിയായാണ് കേന്ദ്രസർക്കാർ ഇതിനെ കാണുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു. പദ്ധതിയിലൂടെ നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കിൽപ്പെടുത്താത്ത സ്വർണം വെളിപ്പെടുത്താനും, വെളിപ്പെടുത്തിയ സ്വർണത്തിന്റെ മൂല്യത്തിനനുസരിച്ച് നികുതി നൽകാനും വ്യക്തികളെ അനുവദിക്കുമെന്നാണ് റിപ്പോർട്ട്.  കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ നിയന്ത്രണ പരിധി പദ്ധതി പ്രകാരം നിശ്ചയിക്കും.

നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കിൽപ്പെടുത്താത്ത സ്വർണം കൈവശംവയ്ക്കുന്നവരിൽ നിന്നു കനത്ത പിഴ ഈടാക്കും. സർക്കാർ അംഗീകാരമുള്ള മൂല്യനിർണ്ണയ സംവിധാനത്തിലൂടെ സ്വർണത്തിന്റെ മൂല്യം നിജപ്പെടുത്തും. വിവാഹിതരായ സ്ത്രീകളുടെ നിശ്ചിത തുകയ്ക്ക് താഴെയുള്ള സ്വർണ്ണാഭരണങ്ങൾ പദ്ധതിയിൽ നിന്ന് ഒഴിവാക്കും. കുറച്ചുകാലം ഗോൾഡ് ആംനെസ്റ്റി സ്കീം ആദായനികുതി ആംനെസ്റ്റി സ്കീമിനൊപ്പമായിരിക്കും. ഒക്ടോബർ രണ്ടാമത്തെ ആഴ്ച പദ്ധതിയെക്കുറിച്ച് ചർച്ചചെയ്യാൻ മന്ത്രിസഭാ യോഗം കൂടാൻ തീരുമാനിച്ചിരുന്നു. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.

ധനകാര്യ വകുപ്പും റവന്യു വകുപ്പും സംയുക്തമായാണ് പദ്ധതി തയാറാക്കിതെന്നാണ് റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി ചേർന്ന് ‘ഗോൾഡ് ബോർഡ്’ രൂപീകരിക്കും. പുതിയ പദ്ധതിക്കൊപ്പം നിലവിലുള്ള സോവറിൻ ഗോൾഡ് ബോണ്ട് സ്കീം നവീകരിക്കും. സോവറിൻ ബോണ്ട് സ്കീം പ്രകാരം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (എച്ച്‌യുഎഫ്) നാല് കിലോ വരെ സ്വർണം വാങ്ങാം. പദ്ധതി പ്രകാരം 20 കിലോ സ്വർണം വാങ്ങാൻ ട്രസ്റ്റുകൾക്ക് അനുമതിയുണ്ട്. കൂടാതെ 2.5 ശതമാനം വാർഷിക കൂപ്പണും ഉണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ വിപണി മൂല്യത്തിൽ സ്വർണം വീണ്ടെടുക്കുകയും ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com