ADVERTISEMENT

ന്യൂഡൽഹി∙ രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പു ചൂടിലേക്ക്. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 30 മുതൽ അഞ്ചു ഘട്ടങ്ങളിലായി നടക്കും. ഡിസംബർ 23നാണു വോട്ടെണ്ണലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 81 അംഗ നിയമസഭയുടെ കാലാവധി ജനുവരി അഞ്ചിനു തീരാനിരിക്കെയാണ് തിരഞ്ഞെടുപ്പ്. 2014ലും അഞ്ചു ഘട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. നവംബർ 30, ഡിസംബർ 7, 12, 16, 20 എന്നിങ്ങനെയാണു വോട്ടെടുപ്പ് തീയതികൾ. 

ആദ്യഘട്ടത്തിൽ 13ഉം രണ്ടാം ഘട്ടം 20, മൂന്നിൽ 17, നാലിൽ 15, അഞ്ചാം ഘട്ടത്തിൽ 16 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 13 ജില്ലകൾ മാവോയിസ്റ്റ് ബാധിതമാണ്. സംസ്ഥാനത്തു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അംഗപരിമിതർക്കും 80 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും രാജ്യത്ത് ആദ്യമായി തപാൽ വോട്ടു ചെയ്യാനുള്ള സൗകര്യം ജാർഖണ്ഡ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.

അവശ്യസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ളവർക്കും തപാൽ വോട്ടു ചെയ്യാൻ അനുമതിയെന്ന നിർദേശം ഡൽഹി തിരഞ്ഞെടുപ്പു മുതൽ നടപ്പാക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറ വ്യക്തമാക്കി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും ഇതോടൊപ്പം പ്രഖ്യാപിക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കമ്മിഷൻ വ്യക്തമാക്കിയില്ല. 

ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർദാസിന്റെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണു ബിജെപി പ്രത്യാശ. 2014ൽ 37 സീറ്റാണ് പാർട്ടി സ്വന്തമാക്കിയത്. സഖ്യകക്ഷിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എജെഎസ്‌യു) നേടിയ 5 സീറ്റുമായാണ് അന്നു ബിജെപി സർക്കാർ രൂപീകരിച്ചത്.

ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) 19 എംഎൽഎമാരാണുള്ളത്. കോൺഗ്രസിന് ആറും. ജാർഖണ്ഡ് വികാസ് മോർച്ച (പ്രജാതാന്ത്രിക്) പാർട്ടി എട്ടും മറ്റുള്ളവർ ആറു സീറ്റുകളും സ്വന്തമാക്കി. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജെഎംഎമ്മും കോൺഗ്രസും ഒരുമിച്ചു മത്സരിക്കാനാണു തീരുമാനം. ബിജെപിക്കെതിരെ മഹാസഖ്യത്തിനാണ് കോൺഗ്രസ് നീക്കം. എന്നാൽ സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ജെഎംഎം 44ഉം കോൺഗ്രസ് 27ഉം സീറ്റുകളിൽ മത്സരിക്കാനാണു ധാരണ. ആർജെഡിയും ഇടതു പാർട്ടികളും ഉൾപ്പെടെയുള്ള മറ്റു കക്ഷികൾക്കായിരിക്കും ശേഷിക്കുന്ന സീറ്റ് വിട്ടുനൽകുക.

സംസ്ഥാനത്തെ 14ൽ 11 ലോക്സഭാ സീറ്റുകളും ഇത്തവണ ബിജെപി സ്വന്തമാക്കിയിരുന്നു. കോൺഗ്രസും ജെഎംഎമ്മും ഓരോ സീറ്റുവീതം നേടി. എജെഎസ്‌യുവിനായിരുന്നു ഒരു സീറ്റ്. ഹരിയാന, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് ജാർഖണ്ഡിലും തിരഞ്ഞെടുപ്പിനു കാഹളം മുഴങ്ങുന്നത്. 

English Summary: Jharkhand polls in five phases between Nov 30-Dec 20; result on Dec 23: EC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com