ADVERTISEMENT

‘വീണിടം വിദ്യയാക്കുക’ – ഈ പ്രയോഗത്തിന് കഴിഞ്ഞ ദിവസം  ഒരു ഉദാഹരണംകൂടി ലഭിച്ചു. അതും നമ്മുടെ പ്രധാനമന്ത്രിയിൽനിന്ന്. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിൽ ഭാഗമാകേണ്ടതില്ലെന്ന തീരുമാനത്തിന് അദ്ദേഹം മൂന്നു കാരണങ്ങളാണു പറഞ്ഞത്: 

∙ ഓരോ ഇന്ത്യക്കാരന്റെയും താൽപര്യവും കരാറുമായി തുലനം ചെയ്തു നോക്കി, 

∙ തീരുമാനങ്ങളെടുക്കുമ്പോൾ രാജ്യത്തെ ഏറ്റവും ദരിദ്രനെ ഓർക്കണമെന്ന ഗാന്ധിയുടെ വാക്കുകൾ ഓർത്തു, 

∙ സ്വന്തം മനഃസാക്ഷി അനുവദിക്കുന്നില്ല. 

ബാങ്കോക്കിലെ ഉച്ചകോടിയിൽ ഇന്ത്യയുടെ നിലപാടും വ്യക്തമാക്കിയുള്ള സംയുക്ത പ്രസ്താവന വന്നു. പിന്നാലെ, ആഭ്യന്തര മന്ത്രിയും വാണിജ്യ മന്ത്രിയുമൊക്കെ പ്രധാനമന്ത്രിയുടെ ഉറച്ച നിലപാടിനെ പ്രകീർത്തിച്ച് ട്വീറ്റ് ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ, ജാർഖണ്ഡ് തിരഞ്ഞെടുപ്പു പ്രചാരണത്തിലുൾപ്പെടെ ബാങ്കോക്കിൽ കാട്ടിയ കരുത്തിനെക്കുറിച്ച് നമ്മൾ ഏറെ കേൾക്കും. അത്തരം, പതിരു മാത്രമുള്ള ഉദ്ബോധനങ്ങൾ നമുക്കു ശീലമായിക്കഴിഞ്ഞു. 

ദോഷം മനസിലാക്കാഞ്ഞ സർക്കാർ 

ആർസിഇപി നിലവിലെ രൂപത്തിൽ ഇന്ത്യയ്ക്കു ദോഷകരമാണെന്ന ബോധ്യം ഏറ്റവും അവസാനമുണ്ടായത് മോദി സർക്കാരിനാണ്. കൃഷി, പാലുൽപന്നങ്ങൾ തുടങ്ങി പല മേഖലകളെയും ഈ കരാർ പ്രതിസന്ധിയിലാക്കുമെന്ന് എത്രയോ മാസങ്ങളായി വാദിക്കപ്പെടുന്നു. കരാറിന്റെ ദോഷങ്ങൾ അക്കമിട്ടു നിരത്തി ശക്തമായി വാദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റവും കൂടുതൽ അവകാശപ്പെട്ടത് സംഘ് പരിവാർ പ്രസ്ഥാനമായ സ്വദേശി ജാഗരൺ മഞ്ചിനാണ്. അതിൽതന്നെ, മഞ്ചിന്റെ ദേശീയ കോ കൺവീനറായ അശ്വിനി മഹാജൻ – എത്രയോ ബ്ലോഗുകളിലൂടെ അദ്ദേഹം ആർസിഇപിയിലെ ഓരോ വിഷയങ്ങളും എങ്ങനെ നമ്മുടെ രാജ്യത്തിന്റെ താൽപര്യങ്ങളെ ബാധിക്കുമെന്ന് എടുത്തെടുത്തു പറഞ്ഞു. സർക്കാരിനും ബിജെപിക്കുതന്നെയും ഈ വാദങ്ങൾ സ്വീകാര്യമായിരുന്നില്ല എന്നതാണു വാസ്തവം. കരാറിനെതിരെ മഞ്ച് ദേശീയ പ്രക്ഷോഭം പ്രഖ്യാപിച്ചതുതന്നെ അതിനു തെളിവ്. 

മഞ്ചും സംഘും

മഞ്ച് പറഞ്ഞിരുന്നത് ആർഎസ്എസിന്റെ അഭിപ്രായംതന്നെ എന്നതിൽ ബിജെപിക്കും രണ്ടഭിപ്രായമുണ്ടാവില്ല. സാമ്പത്തിക, വ്യാപാര മേഖലകളിൽ സ്വദേശി താൽപര്യങ്ങൾക്കായി വാദിക്കാനെന്നോണമാണ് മഞ്ചിനെ സംഘ് സൃഷ്ടിച്ചത്. നരസിംഹ റാവുവിന്റെ കാലത്തും, വാജ്പേയിയുടെ കാലത്തുമൊക്കെ മഞ്ച് ശ്രദ്ധേയമായ പല നിലപാടുകളുമെടുത്തു. വിദേശ സാമ്പത്തിക നയങ്ങളുടെ വക്താവെന്നു വിമർശിക്കപ്പെട്ട ജസ്വന്ത് സിങ്ങിനെ ധനമന്ത്രിയാക്കാനുള്ള വാജ്പേയിയുടെ താൽപര്യം നടപ്പാക്കുന്നതു വൈകിച്ചതിൽ സംഘിനും മഞ്ചിനും പങ്കുണ്ടായിരുന്നു. വാജ്പേയിയുടെ കാലത്തുതന്നെ, വാർത്താവിനിമയ മേഖലയിൽ യുഎസ് പങ്കാളിത്തത്തോടെ സാംഖ്യവാഹിനി എന്ന പദ്ധതി കൊണ്ടുവന്നപ്പോൾ അതിനെ എതിർത്ത് ഇല്ലാതാക്കിയതിൽ വലിയ പങ്കു വഹിച്ചത് സംഘ്–ബിഎംഎസ് നേതാവ് ദത്തോപാന്ത് ഡെങ്ക്ടിയും ആർഎസ്എസ് പശ്ചാത്തലമുണ്ടായിരുന്ന ചില മാധ്യമപ്രവർത്തകരുമാണ്.  ആർസിഇപിയിലും അത്തരമൊരു ഇടപെടലാണുണ്ടായത്. അതിന്റെ ഫലവുമുണ്ടായി.

അവകാശം മറ്റുള്ളവർക്കും

നേട്ടം അവകാശപ്പെടാവുന്നത് മഞ്ചിനു മാത്രമല്ല, വിവിധ കർഷക സംഘടനകൾക്കും ഇടതു പാർട്ടികൾക്കും കോൺഗ്രസിനുമാണ്. ഒറ്റക്കെട്ടായി ആർസിഇപിയെ എതിർത്ത കേരള നിയമസഭയുടെ നിലപാടും  ശ്രദ്ധേയമായി. ഇക്കൂട്ടത്തിൽ, വൈകിമാത്രം പ്രതിഷേധ സദസിലേക്കു കടന്നുവന്നവരാണ് കോൺഗ്രസ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് തങ്ങളാണ് കരാർ ചർച്ച തുടങ്ങിവച്ചത് എന്നതിന്റെ അനാവശ്യമായ ജാള്യം കോൺഗ്രസിനുണ്ടായിരുന്നു. അതിനെ മറികടക്കാൻ സഹായിച്ചത് മുൻ വാണിജ്യ മന്ത്രികൂടിയായ ജയ്റാം രമേശിന്റെ നിലപാടാണ്. സാമ്പത്തിക വളർച്ചയുടെ കാലത്താണ് യുപിഎ സർക്കാർ ചർച്ചയിൽ ഏർപ്പെട്ടതെന്നും ഇപ്പോൾ അതല്ല സ്ഥിതിയെന്നും ജയ്റാം വാദിച്ചു.

കോൺഗ്രസും പ്രതിഷേധിക്കുന്നു എന്നായപ്പോൾ സർക്കാരും ബിജെപിയും പതറി. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ഫലം അത്ര സന്തോഷകരമല്ലെന്നു വ്യക്തമായപ്പോൾ ആ പതറൽ കൂടി. എന്നിട്ടും, ഇന്ത്യയുടെ നിലപാടുകൾ അംഗീകരിക്കില്ലെങ്കിൽ കരാറിന്റെ ഭാഗമാകില്ലെന്നു പറയാൻ സർക്കാരിൽ ആരുംതന്നെ താൽപര്യപ്പെട്ടില്ല. ദേശീയ താൽപര്യം സംരക്ഷിച്ചുള്ള തീരുമാനമെടുക്കും എന്നാണ് പരമാവധി പറഞ്ഞത്. എന്നാൽ, നമ്മുടെ നിലപാട് മറ്റ് 15 രാജ്യങ്ങളും അംഗീകരിക്കുന്നില്ലെന്നു വ്യക്തമായപ്പോൾ, നവംബർ നാലിന്, മഹാത്മഗാന്ധിയും മനഃസാക്ഷിയും കടന്നുവന്നു. വാസ്തവത്തിൽ, സർക്കാർ പരാജയപ്പെടുകയും എതിർപ്പുകളും പ്രതിപക്ഷ നിലപാടുകളും വഴി ജനാധിപത്യം വിജയിക്കുകയുമാണുണ്ടായത്.  

ചൈനയുടെ കളി

വാണിജ്യപരമായി നോക്കുമ്പോൾ, ബാങ്കോക്ക് ഉച്ചകോടി ചൈനയുടെ വിജയവും ഇന്ത്യയുടെ പരാജയവുമാണ്. യുഎസുമായുള്ള വ്യാപാര യുദ്ധം പരിഹാരമില്ലാതെ തുടരുമ്പോൾ, ബദൽ സംവിധാനമായി ആർസിഇപി കൊണ്ടുവരാൻ ചൈന താൽപര്യപ്പെട്ടു. ചൈനയുടെ താൽപര്യത്തിലുള്ള കരാർ എന്നാണ് പല വിദേശ രാജ്യങ്ങളും ആർസിഇപിയെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ എതിർപ്പുകളെക്കുറിച്ച് കുറെയേറെ നാളായി ആർസിഇപിയിൽ ചർച്ച നടക്കുന്നതാണ്. ഇന്ത്യയില്ലാതെതന്നെ മുന്നോട്ടുപോകാമെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് കഴിഞ്ഞ ജൂണിൽതന്നെ പറഞ്ഞിരുന്നു. ആ രീതിയിൽ കാര്യങ്ങൾ സംഭവിച്ചു.

ഇന്ത്യ  വഴങ്ങാത്തതിനാൽ ആർസിഇപി കരാറില്ല എന്നതാണ് കഴിഞ്ഞ ദിവസം സംഭവിച്ചതെങ്കിൽ നമുക്ക് വിജയം അവകാശപ്പെടാമായിരുന്നു. കാരണം, ഇന്ത്യ വിലപേശൽ ശേഷി നിലനിർത്തുന്നു, നമ്മുടെ കരുത്ത് മറ്റുള്ളവർ അംഗീകരിക്കുന്നു എന്നതാകുമായിരുന്നു സ്ഥിതി. എന്നാൽ, സംഭവിച്ചതോ, ഇന്ത്യയില്ലെങ്കിൽ വേണ്ട, ഞങ്ങൾ മുന്നോട്ടുതന്നെ എന്നു മറ്റു 15 രാജ്യങ്ങൾ വ്യക്തമാക്കി.

അടുത്ത വർഷം കരാർ ഒപ്പിടുമെന്നും. അതിനു മുൻപോ ശേഷമോ തർക്കങ്ങൾക്കു പരിഹാരം സാധ്യമാക്കി കരാറിന്റെ ഭാഗമാകേണ്ടത് നമ്മുടെ മാത്രം ആവശ്യമായി മാറിയിരിക്കുന്നു. ഇന്ത്യയുടെ വലിയ വിപണി മറ്റുള്ളവർക്കു വേണ്ടെന്ന് ഇതിന് അർഥമില്ല. ഇന്ത്യയുടെ വിലപേശൽ ശേഷി കുറയ്ക്കുകയെന്നതാണ് അവരുടെ തന്ത്രം. ഇതുവരെ ഇന്ത്യ ഉന്നയിച്ച വാദങ്ങൾ തള്ളപ്പെട്ട സ്ഥിതിയിൽ, നിലപാടുകളിൽ അയവു വരുത്താതെ ഇന്ത്യയ്ക്ക് മറ്റുള്ളവർ ചെവികൊടുക്കാത്ത സ്ഥിതിയായി. ചുരുക്കത്തിൽ, ദുർബലരായാണ് ഇന്ത്യ ബാങ്കോക്കിൽനിന്നു മടങ്ങിയത്.

ഇല്ലാത്ത വിദേശ സാമ്പത്തിക നയം

മൂല്യവർധിതവും ആഗോള വിപണിക്ക് വേണ്ടതുമായ ഉൽപന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യ വളരെ പിന്നിലാണ്. ഇതുവരെ ഏർപ്പെട്ട വ്യാപാര കരാറുകളൊക്കെയും നമുക്കു നഷ്ടമുണ്ടാക്കുന്നതിന്റെ ഒരു പ്രധാനകാരണം അതാണ് – ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയാണ് പല കരാറുകൾക്കുശേഷവും സംഭവിച്ചത്. വ്യാപാര മേഖലയിൽ യുഎസുമായുള്ള തർക്കം തുടരുകയാണ്, മറ്റൊരു പ്രധാന വിപണിയായ യൂറോപ്യൻ യൂണിയനുമായി കരാറുണ്ടാക്കാനുള്ള ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. ഇപ്പോൾ, ആർസിഇപിയിലെ മറ്റു 15 രാജ്യങ്ങൾക്കും നമ്മുടെ നിലപാട് അംഗീകരിക്കാൻ താൽപര്യമില്ല. ചുരുക്കത്തിൽ, ആഗോള വ്യാപാര രംഗത്ത് ഇന്ത്യ ഒറ്റപ്പെടുന്നതിന്റെ ചിത്രമാണ് തെളിഞ്ഞുവരുന്നത്. സാമ്പത്തിക മാന്ദ്യവുമായി ചേർത്തുവയ്ക്കുമ്പോൾ ആ ചിത്രം ഭയാനകമാകുന്നു. ചിത്രം മാറ്റിവരയ്ക്കുകയെന്നത് മോദി സർക്കാരിന് വളരെ വലിയ വെല്ലുവിളിയാണ്.

നമുക്ക് വിദേശ നയമുണ്ട്, വിദേശ സാമ്പത്തിക നയമില്ല. സാമ്പത്തിക–വ്യാപാര ഫോറങ്ങളിലെ പരാജയം ആ പരിമിതിയാണു വ്യക്തമാക്കുന്നത്.  ആദ്യം വേണ്ടത് വ്യക്തതയുള്ള വിദേശ സാമ്പത്തിക നയമാണ്. അത് നമ്മുടെ കരുത്തുകൾ തിരിച്ചറിഞ്ഞുള്ളതാവണം., നമ്മുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന രീതിയിൽ വിലപേശി കരാറുകളുണ്ടാക്കാൻ സഹായിക്കുന്നതാവണം.

ബാങ്കോക്കും അതുതന്നെയാണു വ്യക്തമാക്കുന്നത്. 16 രാജ്യങ്ങളുടെ കൂട്ടായ്മയിൽ 15–1 ന് ചർച്ച അവസാനിച്ചു, 15ന്റെ കൂട്ടായ്മ കടന്നുപോയി. അതിനെ നേട്ടമായി വ്യാഖ്യാനിച്ചു കൊട്ടിഘോഷിക്കുന്നവരെ ഉദ്ദേശിച്ചാണ്, അവരെ ഉദ്ദേശിച്ചുതന്നെയാണ് ആദ്യം പറഞ്ഞ പ്രയോഗം പണ്ടേ ആരോ തയ്യാറാക്കിവച്ചത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com