ADVERTISEMENT

വീട്ടിൽ മക്കളും മാതാപിതാക്കളും അപരിചിതരായിക്കൊണ്ടിരിക്കുകയാണോ..? ആശങ്കയുണർത്തുന്ന ഈ ചോദ്യത്തിന് അതേ എന്ന് ഉത്തരം പറയുന്നവരുടെ എണ്ണം കേരളത്തിൽ വർധിക്കുകയാണെന്നു പറഞ്ഞാൽ അവിശ്വസിക്കേണ്ടതില്ല. നിങ്ങളും അക്കൂട്ടത്തിൽപ്പെട്ടിട്ടുണ്ടോ.? ചിന്തിക്കാൻ ചില ചോദ്യങ്ങൾ കൂടി സ്വയം ചോദിക്കാം.

മകന്റെ നെറുകയിൽ വാത്സല്യത്തോടെ ഏറ്റവുമൊടുവിൽ ഉമ്മവച്ചത് എന്നാണ്? അടുത്തത് അമ്മമാരോട്: നിങ്ങൾ മകളെ കെട്ടിപ്പിടിച്ചുകിടന്നു വിശേഷങ്ങൾ പറഞ്ഞിട്ട് എത്രകാലമായി? ദിവസവും അഞ്ചു മിനിറ്റെങ്കിലും മക്കളോടു മനസ്സുതുറന്നു സംസാരിക്കാറുണ്ടോ? ഒരുനേരമെങ്കിലും കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാറുണ്ടോ? മക്കൾ പറയുന്ന ചെറിയ കാര്യങ്ങൾക്കു ചെവിയോർക്കാറുണ്ടോ? ഉത്തരം നിഷേധാത്മകമെങ്കിൽ അറിയുക - നിങ്ങൾ മക്കളിൽനിന്നു വളരെ അകന്നിരിക്കുന്നു. 

അവരുടെ സ്വഭാവവും പ്രവൃത്തികളും നിർണയിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. വീടുകളിലും സമൂഹത്തിലും കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും പീഡനങ്ങളും പലപ്പോഴും അവർ തുറന്നു പറയുന്നത് സ്കൂൾ കൗൺസിലർമാർക്കു മുന്നിലോ അധ്യാപകരോടോ ആയിരിക്കും. അത്തരത്തിൽ കണ്ടെത്തിയ ചില അനുഭവങ്ങളും അവയ്ക്കു പരിഹാരവും തേടാനുള്ള ശ്രമമാണിത്. ഓർക്കുക, ഇതു വെറും കഥകളല്ല.. പൊള്ളുന്ന യാഥാർഥ്യങ്ങളാണ്.

യൂണിഫോമിനൊപ്പമുള്ള ദുപ്പട്ടയ്ക്കുള്ളിലേക്കു (ഷാൾ) കൈകൾ മറയ്ക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്ന എട്ടാം ക്ലാസുകാരി സ്കൂൾ കൗൺസിലർക്കു മുന്നിൽ മുഖം കുമ്പിട്ടിരിക്കുകയാണ്. ക്ലാസിൽ ആരുടെയും മുഖത്തു നോക്കാത്ത, അധികം ആരോടും ഒന്നും സംസാരിക്കാത്ത, വിരലിൽ എണ്ണാവുന്ന കൂട്ടുകാർ മാത്രമുള്ള, എല്ലാവരോടും എപ്പോഴും ദേഷ്യപ്പെട്ടു കൊണ്ടിരിക്കുന്ന ആ പെൺകുട്ടിയെ ക്ലാസ് ടീച്ചറുടെ പ്രത്യേക താൽപര്യപ്രകാരമാണു സ്കൂൾ കൗൺസിലർ വിളിച്ച് കൗൺസിലിങ് മുറിയിൽ ഒപ്പമിരുത്തിയത്. 

അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ആ പെൺകുട്ടി ഒന്നും മിണ്ടുന്നതേയില്ല. മുഖത്തേക്ക് ഊർന്നു വീണ മുടിയൊന്ന് ഒതുക്കുന്നതിനിടെയാണ് ആ പെൺകുട്ടിയുടെ കയ്യിൽ മൂർച്ചയുള്ള എന്തോ വസ്തു കൊണ്ട് വരഞ്ഞ പാടുകൾ കണ്ടത്. ഇതെന്തു പറ്റിയതാണെന്ന് ആ കൈകൾ രണ്ടും ചേർത്തു പിടിച്ച് കൗൺസിലർ ചോദിച്ചപ്പോൾ ‘ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്നു’ തുറന്നടിച്ചു പറഞ്ഞു ആ കുട്ടി. വാക്കുകൾ പുറത്തു വരാനുള്ള ബുദ്ധിമുട്ട് അയഞ്ഞതോടെ ആ കുട്ടി തന്റെ ബാക്കി ജീവിതം കൂടി തുറന്നു പറഞ്ഞു. ‘മുൻപും ആത്മഹത്യ ചെയ്യാൻ നോക്കിയിട്ടുണ്ട്. സാരി കുരുക്കി കഴുത്തിലിട്ടു. അന്ന് അമ്മ കണ്ടു. പൊതിരെ തല്ലുകിട്ടി. എനിക്കു ജീവിതം മടുത്തു ടീച്ചറേ.. എന്നെ ഒന്നിനും കൊള്ളില്ല..’ – അവൾ തേങ്ങിക്കരയാൻ തുടങ്ങി.

representation image
പ്രതീകാത്മക ചിത്രം

മൂന്നു പെൺകുട്ടികളാണ് ആ വീട്ടിലുള്ളത്. മൂത്ത പെൺകുട്ടി പഠിക്കാൻ അത്ര മിടുക്കിയല്ലെങ്കിലും എല്ലാവരോടും നന്നായി ഇടപെടും. എല്ലാവർക്കും ഇഷ്ടമായിരുന്നു ആ കുട്ടിയെ. ഏറ്റവും ഇളയ കുട്ടി എല്ലാക്കാര്യത്തിലും മുൻപന്തിയിലാണ്. പഠിക്കാനും കലകളിലും എല്ലാം മിടുമിടുക്കി. ഇവർക്കിടയിൽക്കിടന്നു ശ്വാസം മുട്ടുകയായിരുന്നു ഈ എട്ടാം ക്ലാസുകാരി. ഓരോ കാര്യത്തിനും കുട്ടികളെ തമ്മിൽ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും താരതമ്യം ചെയ്തു തുടങ്ങിയപ്പോൾ ഈ പെൺകുട്ടിയാകെ തകർന്നു പോയി. ഒന്നിനും കൊള്ളാത്തവൾ എന്ന പേരിൽ അവൾ അറിയപ്പെടാൻ തുടങ്ങിയതോടെ ആത്മഹത്യയെന്ന ചിന്ത അവളിൽ വന്നു. പിന്നീട് സ്വയം ഉൾവലിഞ്ഞു. ഇതോടെയാണ് അധ്യാപിക കുട്ടിയെ കൗൺസിലറുടെ അടുത്തെത്തിച്ചത്. 

വിഷമങ്ങൾ തുറന്നു പറഞ്ഞ് ഒന്നു കരഞ്ഞതോടെ അവളുടെ മനസ്സിലെ ഭാരം കുറഞ്ഞു. തുടർന്നു കൗൺസിലർ ഇടയ്ക്കിടെ ഈ കുട്ടിയെ വിളിച്ചു വിശേഷങ്ങൾ തിരക്കുകയും വേണ്ട പിന്തുണ നൽകുകയും ചെയ്തതോടെ കുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റമുണ്ടായി. കൗൺസിലർ നിർദേശിച്ചതനുസരിച്ച് ക്ലാസ് അധ്യാപിക കൂടുതൽ ഉത്തരവാദിത്തങ്ങളും ക്ലാസ് ലീഡറുടെ ചുമതലയും ഈ കുട്ടിക്കു നൽകി. തനിക്കു ഈ ലോകത്തിലൊരു സ്ഥാനമുണ്ടെന്നു ബോധ്യപ്പെട്ടതോടെ മികച്ച മാർക്കു നേടി ആ കുട്ടി പത്താം ക്ലാസും പാസായി. ഈ കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ച് ഒന്നും പറയാനില്ല. കാരണം ഈ കുട്ടി അനുഭവിച്ച മാനസിക സംഘർഷങ്ങൾക്കു മുഴുവൻ കാരണക്കാർ ആ മാതാപിതാക്കളാണെന്നു പറയേണ്ടി വരും. 

(മാനം കാക്കാൻ ഒരു മണിക്കൂർ ശുചിമുറിയിൽ കഴിയേണ്ടി വരുന്നുണ്ട് ഇവിടെ കുട്ടികൾക്ക്.. ആ അനുഭവം നാളെ..)

English Summary: Domestic Violence, mental torture, humiliation, agony children go through, Awareness 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com