ADVERTISEMENT

ന്യൂഡൽഹി ∙ ഡല്‍ഹി വായുമലിനീകരണത്തില്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വീണ്ടും കടുത്ത പരാമര്‍ശങ്ങളുമായി സുപ്രീംകോടതി. വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് ബദല്‍ പരിഹാര മാര്‍ഗങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. സര്‍ക്കാര്‍ വീഴ്ചകള്‍ക്ക് കര്‍ഷകര്‍ ശിക്ഷിക്കപ്പെടുന്നത് അനുവദിക്കാനാകില്ല.

അവശിഷ്ടങ്ങള്‍ കത്തിക്കുമെന്ന് അറിയാമായിരിന്നിട്ടും മുന്‍കൂട്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷം എന്താണ് പണിയെന്നും കോടതി ചോദിച്ചു. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിമാരുടെ സാന്നിധ്യത്തിലാണ് കോടതി വാദം കേട്ടത്.

വയല്‍ അവശിഷ്ടങ്ങള്‍ തിന്നാല്‍ കാലികള്‍ ചാകുമെന്നും അതുകൊണ്ടാണ് കത്തിക്കുന്നതെന്നും പറഞ്ഞ പഞ്ചാബ് ചീഫ് സെക്രട്ടറിയോട് മനുഷ്യ ജീവനേക്കാള്‍ വലുതാണോ കാലികളുടെ ജീവനെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ചോദ്യം. ഉത്തരവാദിത്വം നിറവേറ്റാനാകുന്നില്ലെങ്കില്‍ രാജിവക്കാന്‍ പഞ്ചാബ് ചീഫ്സെക്രട്ടറിയോട് കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വയല്‍ അവശിഷ്ടങ്ങളും കര്‍ഷകരില്‍ നിന്ന് ഏറ്റെടുക്കാനും ഭാവിയിലേക്കുള്ള മാര്‍ഗരേഖ തയാറാക്കാൻ പഞ്ചാബ് സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.

ഡല്‍ഹി ചീഫ് സെക്രട്ടറിയെയും ജസ്റ്റിസ് അരുൺ മിശ്ര രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്തിന്റെ വായുമലിനീകരണ തോത് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നു കോടതി ചോദിച്ചു. നിയമങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശം നൽകി.

English Summary: Top Court Raps States Over Stubble-Burning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com