ADVERTISEMENT

തിരുവനന്തപുരം∙ പരീക്ഷാതട്ടിപ്പിനെത്തുടര്‍ന്നു വിവാദമായ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ തീരുമാനം. ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ പട്ടിക റദ്ദാക്കാനോ തടയാനോ തെളിവില്ലെന്നും നിയമന നടപടികളുമായി മുന്നോട്ടു പോകുമെന്നും പിഎസ്‌സി ചെയർമാൻ എം.കെ സക്കീർ പറഞ്ഞു.

ക്രൈംബ്രാഞ്ച് റിപ്പോർട്ട് അടുത്ത പിഎസ്‌സി യോഗത്തിൽ പരിഗണിക്കും അഡ്വൈസ് മെമോ അയയ്ക്കുന്നത് അതിനു ശേഷം തീരുമാനിക്കുമെന്നും പിഎസ്‌സി ചെയർമാൻ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും കോപ്പയടിച്ചത് മൂന്ന് പേര്‍ മാത്രമെന്നും കാണിച്ച് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മൂവായിരം പേര്‍ക്കെങ്കിലും നിയമനം നല്‍കുമെന്നു എം.കെ. സക്കീര്‍ പറഞ്ഞു.

കേരള പൊലീസിന്റെ അഞ്ചാം നമ്പര്‍ ബറ്റാലിയനിലേക്ക് 2018 ജൂലായില്‍ നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും എസ്എഫ്ഐ നേതാക്കളുമായ നസീം, ശിവരഞ്ജിത്, പ്രണവ് എന്നിവര്‍ കോപ്പിയടിച്ചത് ഏറ്റവും ഉയര്‍ന്ന റാങ്ക് നേടി.

ഇതിനെക്കുറിച്ച് അന്വേഷിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പിഎസ്‌സിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ മൂന്നുപേർ മാത്രമാണ് കോപ്പിയടിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.  സ്മാര്‍ട് വാച്ച് ഉപയോഗിച്ച് പരീക്ഷാഹാളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. തട്ടിപ്പ് ആഴമുള്ളത് അല്ലാത്തതിനാല്‍ പ്രതികളൊഴിച്ചുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കുന്നതില്‍ ക്രൈംബ്രാഞ്ചിന് എതിര്‍പ്പില്ല. റിപ്പോര്‍ട്ട് കിട്ടിയതിന് തൊട്ടുപിന്നാലെ നിയമനത്തിനുള്ള തീരുമാനം പിഎസ്‌സി എടുത്തു.

പിഎസ്‌സി സംവിധാനത്തില്‍ ക്രമക്കേടില്ലെന്ന് ഉറപ്പായതിനാല്‍ നിലവിലുള്ള മൂവായിരം ഒഴിവിലേക്ക് ഒരുമിച്ച് അഡ്വൈസ് മെമ്മോ നല്‍കുമെന്നും പിഎസ്‌സി അറിയിച്ചു. നിയമനം ആവശ്യപ്പെട്ട് സമരം ചെയ്ത ഉദ്യോഗാര്‍ഥികളെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ് തീരുമാനം. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നത് എങ്ങനെയെന്നുള്ള ശാസ്ത്രീയ തെളിവ് ശേഖരണവും കേസ് അന്വേഷണവും പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കും മുന്‍പാണ് തട്ടിപ്പിനെ ലളിതവല്‍കരിച്ചുള്ള ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടെന്നതും ശ്രദ്ധേയമാണ്.

English Summary: Cancelling Civil Police Officer test not required, PSC Says After Crime Branch Report 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com