sections
MORE

അമ്മ വെടിയേറ്റുവീണു; ആറു കുരുന്നുകളെ ചേര്‍ത്തു പിടിച്ച് അവന്‍ ഓടി ജീവിതത്തിലേക്ക്

Mormon Family
ലാങ്ഫോഡ് കുടുംബം.
SHARE

ഉറ്റവർ കണ്മുന്നിൽ പിടഞ്ഞുമരിച്ച വേദനയിലും സഹോദരങ്ങളായ ആറു പിഞ്ചുകുട്ടികളെ തോക്കിൻമുനയിൽനിന്നും സാഹസികമായി രക്ഷിച്ച് പതിമൂന്നുകാരൻ ഡെവിൻ ലാങ്ഫഡ്. മെക്സിക്കോ– അരിസോണ അതിർത്തിയിൽ ലഹരിമരുന്നു സംഘത്തിന്റെ വെടിവയ്പിൽ കുട്ടികൾ ഉൾപ്പെടെ ഒൻപതു പേരാണ് കഴിഞ്ഞദിവസം കൂട്ടക്കൊല ചെയ്യപ്പെട്ടത്. എന്നാൽ മരണത്തെ അതിസാഹസികമായി തോൽപിച്ച് തന്റെയും സഹോദരങ്ങളുടെയും ജീവൻ രക്ഷിച്ചെടുക്കുകയായിരുന്നു ഡെവിൻ.

വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവർക്കു നേരെയാണു കഴിഞ്ഞദിവസം ലഹരിമരുന്നു സംഘത്തിന്റെ വെടിവയ്പുണ്ടായത്. എട്ടു മാസം പ്രായമുള്ള ഇരട്ടക്കുട്ടികളും നാലു കുട്ടികളും മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടു. നവംബർ നാലിനു സൊനാറ സംസ്ഥാനത്തു നിന്നും ചിഹുവ സംസ്ഥാനത്തേക്കു യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു ആക്രമിസംഘം 200 തവണ വെടിയുതിർത്തത്. സൊനാറയിൽ താമസിച്ചിരുന്ന മോർമൺ കമ്യൂണിറ്റിയിലെ അംഗങ്ങളാണു കൊല്ലപ്പെട്ടവർ. ഇവർക്കു മെക്സിക്കോ – യുഎസ് ഇരട്ട പൗരത്വമുണ്ട്.

തുടർച്ചയായുള്ള വെടിവയ്പിൽ വാഹനത്തിനു തീപിടിച്ചു കാറിലുണ്ടായിരുന്നവർ കത്തിച്ചാമ്പലായി. കുറച്ചു ചാരവും എല്ലിൻ കഷ്ണങ്ങളും മാത്രമാണു വണ്ടിയിൽനിന്നു കിട്ടിയത്. എതിർസംഘത്തിന്റെ വാഹനമാണെന്നു തെറ്റിദ്ധരിച്ചാണു ലഹരിമാഫിയ വെടിവച്ചതെന്നു കരുതുന്നു. അരിസോണയിലെ ഡഗ്ലസിൽ നിന്നു 110 കിലോമീറ്റർ തെക്ക് ലാമൊറാ എന്ന ചെറുഗ്രാമത്തിൽ താമസിക്കുന്നവരാണു കൊല്ലപ്പെട്ടവർ. വെടിയുണ്ടകളെയും അഗ്നിഗോളങ്ങളെയും ലഹരിമാഫിയയെയും മറികടന്നാണു മരണവായിൽനിന്നു ഡെവിൻ ഉൾപ്പെടെ ഏഴു പേർ രക്ഷപ്പെട്ടത്.

കുറ്റിക്കാട്ടിൽ മരണവുമായി മുഖാമുഖം

ആക്രമണങ്ങൾക്കു സാധ്യതയുള്ള പ്രദേശമായതിനാൽ സുരക്ഷ കണക്കിലെടുത്തു മൂന്നു എസ്‍യുവികളിലായാണു ലാങ്ഫഡ്, മില്ലർ, ജോൺസൺ കുടുംബങ്ങൾ സഞ്ചരിച്ചിരുന്നത്. ചിഹുവ സംസ്ഥാനത്തെ ബന്ധുക്കളെ കാണാനുള്ള യാത്രയിലായിരുന്നു രണ്ടു കുടുംബം. ഫീനിക്സ് വിമാനത്താവളത്തിൽനിന്നു ഭർത്താവിനെ കൊണ്ടുവരാനുള്ള യാത്രയിലായിരുന്നു മറ്റൊരാൾ. തിങ്കളാഴ്ച കുന്നിനോടു ചേർന്ന റോഡിലൂടെ പോകുമ്പോൾ രാവിലെ പത്തോടെ പൊടുന്നനെ മുകളിൽനിന്നും മഴ പോലെ വെടിയുണ്ടകൾ പതിക്കുകയായിരുന്നു.

rhonita miller family
റോണിത മില്ലറുടെ കുടുംബം.

എന്താണു സംഭവിക്കുന്നതെന്നു ചിന്തിക്കുന്നതിനു മുൻപേ മിക്കവരുടെയും തലയിലും ദേഹത്തും വെടിയുണ്ടകൾ തുളഞ്ഞുകയറി. അമ്മമാരും സഹോദരങ്ങളും വെടിയേറ്റു വീഴുന്നതു നിസ്സഹായരായി നോക്കിനിൽക്കാനേ പരുക്കേറ്റ പിഞ്ചുകുട്ടികൾക്കായുള്ളൂ. ഒരു കാറിലുണ്ടായിരുന്ന റോണിത മരിയ മില്ലറും (30) എട്ടു മാസം പ്രായമുള്ള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാലു കുട്ടികളും കാറിനു തീപിടിച്ചു വെന്തുമരിച്ചു. മറ്റൊരു കാറിലുണ്ടായിരുന്ന ക്രിസ്റ്റീന ജോൺസൺ (31) കൊല്ലപ്പെട്ടു. കാറിൽ സീറ്റുബെൽറ്റ് ധരിച്ച് ഇരുത്തിയിരുന്ന എഴു മാസമുള്ള കുട്ടി രക്ഷപ്പെട്ടു.

ഡൗണ ലാങ്ഫഡും (43) അവരുടെ ഒൻപതു കുട്ടികളും മറ്റൊരു കാറിലായിരുന്നു. കുന്നിൻമുകളിൽനിന്നുള്ള വെടിയേറ്റു ഡൗണയും രണ്ടു കുട്ടികളും തൽക്ഷണം മരിച്ചു. പ്രത്യാക്രമണം ഉണ്ടാകാതിരുന്നതു കൊണ്ടായിരിക്കണം കുറച്ചു നേരത്തേക്ക് ആക്രമികൾ വെടിവയ്പ് നിർത്തി. ഈ സമയം കാറിനുള്ളിൽ കമിഴ്ന്നു കിടന്നിരുന്ന ഡെവിൻ പതുക്കെ പുറത്തേക്കിറങ്ങി. ഭയന്നുവിറച്ചു കരയുകയായിരുന്ന സഹോദരങ്ങളെ പുറത്തെടുത്തു. റോഡരികിലൂടെ അവരുമായി ഓടി, ജീവൻ കയ്യിൽപിടിച്ച്. തൊട്ടടുത്തെ കുറ്റിക്കാട്ടിലേക്കു കുഞ്ഞുങ്ങളുമായി ഡെവിൻ പതുങ്ങിയിരുന്നു.

തിരിച്ചു വെടിവയ്പ് ഇല്ലാതിരുന്നതിനാൽ ആക്രമികൾ താഴേക്കിറങ്ങി വാഹനങ്ങൾക്ക് അടുത്തെത്തുകയും ജീവൻ ബാക്കിയായ കുട്ടികളോടു ഓടിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്. കുറ്റിക്കാട്ടിൽ ഏറെ ദൂരം അകത്തേക്കു കുഞ്ഞുങ്ങളെ എത്തിച്ച ഡെവിൻ, താൻ തിരിച്ചുവരുന്നതുവരെ അവിടെ ഒളിച്ചിരിക്കണമെന്നും കരഞ്ഞു ബഹളമുണ്ടാക്കരുതെന്നും സഹോദരങ്ങളോടു നിർദേശിച്ചു. ലാമൊറാ ഗ്രാമത്തിലെത്തി ബന്ധുക്കളെ കണ്ടു സഹായം അഭ്യർഥിക്കുകയായിരുന്നു ഡെവിന്റെ ലക്ഷ്യം.

കുട്ടികളെ സുരക്ഷിതമാക്കി, യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ ഡെവിൻ കാട്ടിലൂടെയും ഇടവഴിയിലൂടെയും റോഡിലൂടെയും നടത്തം ആരംഭിച്ചു. ആറു മണിക്കൂർ കാട്ടിലൂടെ നടന്ന ശേഷമാണു ലാമൊറായിൽ ഡെവിൻ എത്തിയതെന്നു റോണിതയുടെ ഭർതൃ സഹോദരി കെന്ദ്ര ലീ മില്ലർ പറഞ്ഞു. 23 കിലോമീറ്റർ പിന്നിട്ട് വൈകിട്ട് അഞ്ചരയ്ക്ക് എത്തിയ ഡെവിൻ പങ്കുവച്ച അതിജീവനത്തിന്റെയും കൂട്ടക്കുരുതിയുടെയും വാർത്ത കേട്ടു ബന്ധുക്കൾ ഞെട്ടി. അപ്പോഴാണ് ആക്രമണ വാർത്ത പുറംലോകം അറിയുന്നതും.

ഏവരെയും ഭയപ്പെടുത്തി മക്കെൻസി

ആരാണ് അപകടത്തിൽപ്പെട്ടത്, ആരെല്ലാം മരിച്ചു, രക്ഷപ്പെട്ടവർ ആരൊക്കെ തുടങ്ങിയ ആശയക്കുഴപ്പങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു. ഡെവിൻ പറഞ്ഞ സൂചനകൾ അനുസരിച്ചു ലാമൊറായിലെ ബന്ധുക്കളും നാട്ടുകാരും ആയുധങ്ങളുമായി രക്ഷാദൗത്യത്തിനു തിരിച്ചു. കാട്ടിൽ ഒളിച്ചിരുന്ന കുട്ടികളെ കണ്ടെത്തുകയായിരുന്നു ആദ്യ ലക്ഷ്യം. അവരിൽ പലർക്കും പരുക്കേറ്റുവെന്ന വിവരം മുതിർന്നവരിൽ ആശങ്കയുണ്ടാക്കി. ജീവൻ അപകടത്തിലാക്കിയാണു കുട്ടികൾ കുറ്റിക്കാട്ടിൽ കഴിയുന്നതെന്ന് അവർ അറിഞ്ഞിരുന്നില്ലെന്നു മാത്രം.

രാത്രി ഏഴരയോടെ കാട്ടിൽനിന്നു കുട്ടികളെ കണ്ടെത്തി. ക്രിസ്റ്റീനയുടെ കുഞ്ഞ് ഫെയ്ത്തിനെയും ജീവനോടെ കിട്ടി. വെടിയുണ്ടകളേറ്റു തുളകൾ വീണ കാർ സീറ്റിൽ ബെൽറ്റിട്ട് ഇരുത്തിയ നിലയിലായിരുന്നു ഏഴു മാസം പ്രായമായ ഫെയ്ത്ത്. പക്ഷേ തിരച്ചിൽ അപ്പോഴും അവസാനിച്ചില്ല. ഡെവിൻ രക്ഷിച്ച ഒൻപതു വയസ്സുകാരി സഹോദരി മക്കെൻസി റെയ്ൻ ലാങ്ഫഡിനെ കാണാതിരുന്നതാണു കാരണം. ഡെവിനെ കാണാതിരുന്നപ്പോൾ സഹോദരി കെയ്‍ലിയാണു രക്ഷപ്പെടാനുള്ള വഴി തേടാൻ മക്കെൻസിയെ പറഞ്ഞുവിട്ടത്.

ഈ സമയം പട്ടാളവും വിവരമറിഞ്ഞു സ്ഥലത്തെത്തി. അവരും തിരച്ചിലിൽ പങ്കുചേർന്നു. കാട്ടിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ പുരോഗമിച്ചു. വഴി തെറ്റിയ മക്കെൻസിയെ 16 കിലോമീറ്റർ ദൂരെ നിന്നു രാത്രി ഒൻപതരയോടെ കണ്ടെത്തി. ഡൗണയുടെ പരുക്കേറ്റ അഞ്ചു മക്കളെ ആദ്യം ആംബുലൻസിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. പിന്നീട് സൈനിക ഹെലികോപ്ടറിൽ ടക്സണിലെ ആശുപത്രിയിലേക്കു മാറ്റിയതായി ക്രിസ്റ്റീന ജോൺസന്റെ ബന്ധു ലീ സ്റ്റാഡൻ പറഞ്ഞു.

വിട പറഞ്ഞവരും ബാക്കിയായവരും

ഒന്നിലധികം പങ്കാളികളുമായി ജീവിതം പങ്കിടുന്നവരാണു (പോളിഗമി) മോർമണുകൾ. പോളിഗമി യുഎസിലും മെക്സിക്കോയിലും നിരോധിക്കപ്പെട്ടതാണ്. എന്നാൽ ഇരട്ട പൗരത്വമുള്ള ഇവരിൽ ഭൂരിഭാഗവും അതിർത്തി ഗ്രാമങ്ങളിൽ മതവിശ്വാസങ്ങൾ മുറുകെപ്പിടിച്ചു കൂട്ടമായാണു താമസിച്ചിരുന്നത്. മൂവായിരത്തോളം പേരുടെ സംഘമാണു മെക്സിക്കോയിലുള്ളത്. എണ്ണക്കിണറുകളിലെ ജോലിയും ബിസിനസുമാണു വരുമാന സ്രോതസ്സ്. അപകടത്തിൽപ്പെട്ടവർ ലെബറോൺ എന്ന വലിയ കുടുംബത്തിലുള്ളവരാണ്.

‌റോണിത മരിയ മില്ലർ (30), ഹൊവാഡ് ജേക്കബ് മില്ലർ ജൂനിയർ (12), ക്രിസ്റ്റൽ ബെല്ലയിൻ മില്ലർ (10), ഇരട്ടകളായ ടൈറ്റസ് ആൽവിൻ മില്ലർ, ടിയാന ഗ്രിസൽ മില്ലർ (എട്ടു മാസം) എന്നിവർ വെടിയേറ്റും വാഹനത്തിനുണ്ടായ  അഗ്നിക്ക് ഇരയായുമാണു മരിച്ചത്. ഇവരുടെ ചാരം മാത്രമാണു ബന്ധുക്കൾക്കു കിട്ടിയത്. ക്രിസ്റ്റീന മേരി ലാങ്ഫഡ് ജോൺസൻ (31) വെടിയേറ്റു കൊല്ലപ്പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ഏഴു മാസം പ്രായമുള്ള മകൾ ഫെയ്ത്ത് രക്ഷപ്പെട്ടു. വെടികൊള്ളാതിരിക്കാൻ അമ്മ മകളെ കെട്ടിപ്പിടിച്ചതാണു തുണയായത്.

ഡൗണ റേ ലാങ്ഫഡ് (43), ട്രെവർ ഹാർവി ലാങ്ഫഡ് (11), റോഗൻ ജയ് ലാങ്ഫഡ് (രണ്ടര) എന്നിവർ വെടിയേറ്റാണു മരിച്ചത്. ഡൗണയുടെ മക്കളാണു രക്ഷപ്പെട്ടത്. കാലിൽ വെടിയേറ്റ കെയ്‍ലി ഇവ്‌ലിൻ ലാങ്ഫഡ് (14), കയ്യിൽ പരുക്കേറ്റ മക്കെൻസി റെയ്ൻ ലാങ്ഫഡ് (9), താടിയെല്ലിലും കാലിലും വെടിയേറ്റ കോഡി ഗ്രേസൺ ലാങ്ഫഡ് (8) പുറത്തു വെടിയേറ്റ സാൻഡർ ബോ ലാങ്ഫഡ് (4), നെഞ്ചിൽ വെടിയേൽക്കുകയും കണങ്കയ്യിൽ പരുക്കേൽക്കുകയും ചെയ്ത ബ്രിക്സൺ ഒളിവർ ലങ്ഫഡ് (9 മാസം) എന്നിവരാണു രക്ഷപ്പെട്ടവർ.

പിഞ്ചു സഹോദരങ്ങളെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്തിയ ഡെവിൻ ലാങ്ഫഡിനും ആറു വയസ്സുകാരൻ ജെയ്ക് റൈഡർ ലാങ്ഫഡിനും പരുക്കുകൾ ഉണ്ടായിരുന്നില്ല. ലെബറോൺ കുടുംബത്തിനുനേരെ 2009ലും ആക്രമണമുണ്ടായിട്ടുണ്ട്. എറിക് ലെബറോൺ എന്നയാളെ തട്ടിക്കൊണ്ടു പോവുകയും ഒരാഴ്ചയ്ക്കു ശേഷം മോചിപ്പിക്കുകയായുമായിരുന്നു. രണ്ടു മാസത്തിനു ശേഷം സഹോദരനായ ആക്ടിവിസ്റ്റ് ബെഞ്ചമിൻ ലെബറോൺ, ഭാര്യാസഹോദരൻ ലൂയിസ് വിഡ്മർ എന്നിവർ വെടിവയ്പിൽ കൊല്ലപ്പെട്ടു.

Mormon Family Mexico
ലഹരിമരുന്നത് മാഫിയയുടെ ആക്രമണത്തിന് ഇരയായവർ.

കൂട്ടക്കൊലയെക്കുറിച്ചു ലെബറോൺ കുടുംബത്തിലെ കെന്നി പ്രതികരിച്ചത് ഇങ്ങനെ: ‘ഞങ്ങളുടെ കുടുംബം വിട്ടുവീഴ്ചയ്ക്കില്ല. വേഗം വിട്ടുകൊടുക്കുന്ന കൂട്ടരുമല്ല ഞങ്ങൾ. ആരെയെങ്കിലും സഹായിക്കാൻ അവസരം കിട്ടിയാൽ അതു ചെയ്യണം. മറ്റുള്ളവർക്കായി സ്വന്തം ജീവൻ നൽകുന്നതാണു ജീവിതത്തിലെ മഹത്തായ കാര്യമെന്നും ചെറുപ്പത്തിലേ പഠിച്ചിട്ടുണ്ട്’. ലഹരിമാഫിയയുടെ വെടിവയ്പ്പിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്കായും ആശ്രിതർക്കായും ഓൺലൈനിലൂടെ ധനസമാഹരണ യജ്ഞവും ആരംഭിച്ചിട്ടുണ്ട്.

English Summary: Boy Saw Mother, Siblings Die In Mexico Massacre. Walks Miles For Help

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA