ADVERTISEMENT

കൊച്ചി ∙ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ഹൗസ് സർജൻമാരും സീനിയർ വിദ്യാർഥികളും അടങ്ങുന്ന 12 അംഗ സംഘം റാഗ് ചെയ്തതു യാതൊരു പ്രകോപനവുമില്ലാതെയാണെന്നു മർദനമേറ്റ അനെക്സ് റോൺ ഫിലിപ്പ് എന്ന ഒന്നാംവർഷ വിദ്യാർഥി. കഴിഞ്ഞ ദിവസം ആർട്സ് ഡേ ആയതിനാൽ ഹോസ്റ്റലിലേക്കു മടങ്ങാൻ വൈകിയിരുന്നു. ഈ സമയമാണു ജൂനിയർ വിദ്യാർഥിയെ ഒറ്റയ്ക്കു കിട്ടിയപ്പോൾ ആക്രമണം അഴിച്ചുവിട്ടത്. ദേശീയ പവർലിഫ്റ്റിങ് ചാംപ്യനായ അനെക്സ് റോൺ ഫിലിപ്പിനെ നേരത്തെ പലപ്രാവശ്യം റാഗിങ്ങിനു സമീപിച്ചിട്ടുണ്ടെങ്കിലും ഉയർന്ന ശാരീരിക ക്ഷമതയുള്ളതിനാൽ ശ്രമം വിജയിച്ചിരുന്നില്ല.

സ്വയരക്ഷയ്ക്കായി അനെക്സ് തിരിച്ച് ആക്രമണം നടത്തി. ഇതിനിടെ തോളെല്ലിനു പൊട്ടലുണ്ടായി. ഹൗസ്‍ സർജൻമാരെ അടുത്ത പരിചയമില്ലാത്തതിനാൽ ആരൊക്കെയാണു സംഘത്തിലുള്ളത് എന്ന് വ്യക്തമല്ലെന്നു അനെക്സ് പറഞ്ഞു. ഒന്നോ രണ്ടോ പേരെ മാത്രമെ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ. പിന്നെ ഗ്രൂപ്പ് ഫോട്ടോകളിൽ നോക്കിയാണു പ്രതികളെ മനസ്സിലാക്കിയത്. സംഭവം നടന്ന ശേഷം ഒറ്റയ്ക്കു ഹോസ്റ്റലിൽ വന്ന ശേഷമായിരുന്നു ഡോക്ടറെ കാണാൻ കാഷ്വാലിറ്റിയിലേയ്ക്കു പോയതെന്നു സഹപാഠികൾ മനോരമ ഓൺലൈനോടു പറ‍ഞ്ഞു. 

സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം നേടിയ അനെക്സ് റോണിന്റെ വലതു തോളെല്ലിനു പരുക്കേറ്റിട്ടുണ്ട്. ഒരുമാസത്തെ വിശ്രമമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടർ പറയുന്നത്. ജനുവരിയിൽ മുംബൈയിൽ നടക്കുന്ന ദേശീയ പവർ ലിഫ്റ്റിങ് മൽസരത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വരും. അനെക്സിന്റെ പരാതി പൊലീസിനു കൈമാറുമെന്നു കോളജ് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജ് ക്യാംപസിൽ റാഗിങ് പതിവാണെങ്കിലും കായികമായി ആക്രമിക്കുന്നതു പരാതിപ്പെടില്ലെന്ന് ഉറപ്പുള്ളവരോടു മാത്രമാണെന്നു വിദ്യാർഥികൾ പറഞ്ഞു.

ജീൻസിടരുത്, ഉൾവസ്ത്രവും പാടില്ല

ജൂനിയർ വിദ്യാർഥികൾക്കു പ്രാകൃത നിയമങ്ങളാണു റാഗിങ്ങിന്റെ ഭാഗമായി സീനിയർ വിദ്യാർഥികൾ ഏർപ്പെടുത്തിയിരിക്കുന്നത്. ജൂനിയർ വിദ്യാർഥികളെ അസഭ്യം വിളിക്കുകയും രാത്രി വരെ ഗ്രൗണ്ടിൽ നിർത്തുന്നതുമെല്ലാം പതിവാണ്. സീനിയർ വിദ്യാർഥികൾ കളിക്കുമ്പോൾ പന്ത് പെറുക്കുന്ന ജോലി ഒന്നാം വർഷക്കാർക്കുള്ളതാണ്. കാണുമ്പോഴെല്ലാം അസഭ്യം പറയും. ഒരിക്കൽ ജീൻസ് ധരിച്ചതിനു ചീത്തവിളിച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സീനിയർ വിദ്യാർഥിയുടെ കയ്യിൽ പിടിച്ചതിനു വിദ്യാർഥിയെ ചിലർ മർദിച്ചിരുന്നു. ഇതിനെതിരെ നൽകിയ പരാതി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഒന്നാം വർഷ വിദ്യാർഥി പറഞ്ഞു. 

ജീൻസിട്ട് ജൂനിയർ വിദ്യാർഥികൾ ക്യാംപസിൽ വരാൻ പാടില്ല. ടീ ഷർട്ടിട്ട് ഹോസ്റ്റലിൽ പോലും നടക്കാൻ‍ പാടില്ല. മീശയും താടിയും വളർത്തരുത്. ഉൾവസ്ത്രം ധരിക്കരുതെന്നും നിബന്ധനയുണ്ട്. മെസ്സിൽ പോകുന്നവർ കൈലി മാത്രമേ ഉടുക്കാവൂ. ഈ സമയം ഉൾവസ്ത്രം ധരിക്കരുത്. സീനിയറിനെ നോക്കി ചിരിച്ചാൽ ശിക്ഷ കൂടും. ഹൗസ് സർജൻസ് ക്വാർട്ടേഴ്സിന്റെ മുകളിലെ നിലയിലാണ് ഒന്നാം വർഷ വിദ്യാർഥികളെ താമസിപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നു റാഗിങ്ങിനായി മറ്റൊരു കെട്ടിടത്തിലുള്ള മെൻസ് ഹോസ്റ്റലിലേക്കു വിളിപ്പിക്കും. പരാതിപ്പെടുന്നവരെ അധികൃതരും ഒറ്റപ്പെടുത്താറുണ്ടെന്ന് ആക്ഷേപമുണ്ട്.

English Summary: Ragging shocker: Medicos displace shoulder bone of powerlifting champion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com