ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു; സേനയ്‌ക്കെതിരെ കടുത്ത വിമര്‍ശനം

Devendra Fadnavis
SHARE

മുംബൈ∙ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഫഡ്‌നാവിസും ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്കു രാജിക്കത്തു കൈമാറുകയായിരുന്നു. അതിനിടെ ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, ശരദ് പവാറുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. കാവല്‍മന്ത്രിസഭയുടെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാന്‍ ഇരിക്കെയാണ് ഫഡ്‌നാവിസ് രാജി സമര്‍പ്പിച്ചത്.

മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്നു ശിവസേനയ്ക്കു വാക്കു നല്‍കിയിട്ടില്ലെന്ന് പിന്നീടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫഡ്‌നാവിസ് ആവര്‍ത്തിച്ചു. സേനയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഫഡ്‌നാവിസ് ഉന്നയിച്ചത്. ജനവിധി അട്ടിമറിക്കുകയാണ് ശിവസേന ചെയ്‌തതെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെക്കുറിച്ച് യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. ഇക്കാര്യം അമിത്ഷായും നിതിന്‍ ഗഡ്കരിയും വ്യക്തമാക്കുകയും ചെയ്തിരുന്നു. ബിജെപിയുമായി ചര്‍ച്ച നടത്താതെ എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ച നടത്തുകയാണ് ശിവസേന ചെയ്തത്. ഉദ്ധവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ പോലും കൂട്ടാക്കിയില്ല. ബിജെപിയും സേനയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ശരദ് പവാര്‍ വരെ പറഞ്ഞുവെന്നും ഫഡ്‌നാവിസ് പറഞ്ഞു. 

English Summary: Devendra Fadnavis quits as Maharashtra CM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ