sections
MORE

ആനവണ്ടി ഇഷ്ടപ്പെടുന്ന, മലയാളം ദിനപത്രം വായിക്കുന്ന ഒരു ഇംഗ്ലിഷുകാരൻ

tom-and-shefiq
ലണ്ടൻ സ്വദേശി ടോം, എടത്വ ഡിപ്പോയിലെ കെഎസ്ആർടിസി ബസ് കണ്ടക്ടർ ഷെഫീക് ഇബ്രാഹിം. ചിത്രം മനോരമ
SHARE

ആലപ്പുഴ ∙ ആനവണ്ടി ഇഷ്ടപ്പെടുന്ന, മലയാള മനോരമ വായിക്കുന്ന ഇംഗ്ലിഷുകാരൻ. ലണ്ടൻ സ്വദേശി ടോം എന്ന ‘മലയാളി’ സായിപ്പിനെ ബസിൽ കണ്ട കഥ പറയുകയാണ് എടത്വ ഡിപ്പോയിലെ കെഎസ്ആർടിസി ബസ് കണ്ടക്ടർ ഷെഫീക് ഇബ്രാഹിം. എറണാകുളത്തു നിന്നു കായംകുളത്തേക്കുള്ള കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലിരുന്നു മലയാള മനോരമ പത്രം വായിക്കുന്ന സായിപ്പിനെ കണ്ട അദ്ഭുതത്തിലാണ് കണ്ടക്ടർ ഷെഫീക് ഇബ്രാഹിം പരിചയപ്പെടാൻ പോയത്. ആ പരിചയപ്പെടലിന്റെ കഥ ഷെഫീക് പറയുന്നു:

‘ടോം, ആനവണ്ടി യാത്ര ഇഷ്ടപ്പെടുന്ന, മലയാള മനോരമ വായിക്കുന്ന ലണ്ടന്‍ സ്വദേശിയാണ്. കഴിഞ്ഞ ദിനം എറണാകുളം– കായംകുളം ഡ്യൂട്ടിക്കിടയിലാണ് ഇദ്ദേഹത്തെ പരിചയപ്പെട്ടത്. എറണാകുളത്തു നിന്ന് ആലപ്പുഴയിലേക്കുള്ള യാത്ര. ലളിതവസ്ത്ര ധാരണം. അതിലും ലളിതമായ ഇടപെടല്‍. സാധാരണ വിദേശ സഞ്ചാരികളുടെ ഗൗരവമില്ലാതെയുള്ള ഇടപെടൽ.

എറണാകുളം സ്റ്റാന്‍ഡില്‍ നിന്ന് അദ്ദേഹം മുന്‍വശത്തെ വാതിലിലൂടെ പ്രവേശിച്ച് ബസിന്റെ മധ്യഭാഗത്തെ സൈഡ് സീറ്റിലിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ രണ്ടു പത്രങ്ങളുണ്ടായിരുന്നു. ഒരു മലയാളം പത്രവും ഒരു ഇംഗ്ലിഷ് പത്രവും. മലയാള പത്രമായിരുന്നു ആദ്യം ബസിലിരുന്ന് അദ്ദേഹം വായിച്ചത്. ടിക്കറ്റ് എല്ലാം കൊടുത്തുകഴിഞ്ഞപ്പോഴാണ് ഈ കൗതുകക്കാഴ്ച എന്‍റെ കണ്ണിലുടക്കിയത്. യാത്രക്കാരുടെ എണ്ണം കൃത്യമാണ് എന്ന് ഉറപ്പാക്കിയതിന് ശേഷം അദ്ദേഹത്തെ കൂടുതല്‍ അറിയണമെന്ന ആഗ്രഹത്തോടെ അരികിലെത്തി. ഇംഗ്ലിഷിൽ ഓരോ കാര്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് മലയാളത്തിലാണ്. 

പേര് ചോദിച്ചു. ‘ടോം’ എന്നു മറുപടി. സ്ഥലം ഇംഗ്ലണ്ട്. അദ്ദേഹത്തിനായി സോഫ്റ്റ്‌വെയര്‍ ഡെവലപ് ചെയ്യാൻ‌ മലപ്പുറത്ത് എത്തിയതാണ്. ആലപ്പുഴയിലേക്കുള്ള യാത്ര ഇതാദ്യമല്ല. നമ്മളുടെ നാടിന്‍റെ ഭംഗിയെക്കുറിച്ച് അദ്ദേഹം വാചാലനായി. വളരെയധികം ഇഷ്ടപ്പെടുന്നു, പ്രത്യേകിച്ച് ആലപ്പുഴ. മലയാളത്തിലാണ് അദ്ദേഹം എന്നോടു സംസാരിച്ചത്. സംസാരിക്കാൻ മാത്രമല്ല, മലയാളം വായിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയില്‍ തിങ്കളാഴ്ചത്തെ പണിമുടക്കിനെക്കുറിച്ചും അദ്ദേഹം ചോദിച്ചു. ഒരു വിഭാഗം മാത്രമാണ് പണിമുടക്കിയത് എന്നു ‍ഞാൻ പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ ആണ് ടോം കേരളത്തിലെത്തിയത്. 

പണിമുടക്ക് ദിനം പണികിട്ടുമെന്ന് മനസിലാക്കി അന്നു യാത്ര ഒഴിവാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.പൊതുവെ മലയാളികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. കണ്ടറിഞ്ഞാലേ നാം വിശ്വസിക്കുകയുള്ളൂ. അതുകൊണ്ട്, ടോം സായിപ്പിനോട് മലയാള പത്രം ഒന്നു വായിച്ചു കേൾപ്പിക്കാൻ കഴിയുമോ എന്നു ചോദിച്ചു.അതുകേട്ടയുടന്‍ അദ്ദേഹം മലയാള മനോരമയുടെ ഉള്‍പ്പേജിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന വായിച്ചു കേള്‍പ്പിച്ചു. അതിനുശേഷം അൽപം നാണത്തോടെ പറഞ്ഞു: ‘എന്‍റെ ഉച്ചാരണം ശരിയാകുന്നില്ല...’

പക്ഷേ, സാമാന്യം നന്നായി സായിപ്പ് പത്രം വായിച്ചു. മലയാള ഭാഷ ഏറ്റവും കഠിനമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു സായിപ്പിന്റെ വാക്കിൽ അതു കേട്ടപ്പോൾ അഭിമാനം തോന്നി. പെട്ടെന്ന് അദ്ദേഹത്തിന് മറുപടി നല്‍കി– ‘മലയാളിക്ക് ലോകത്തിലെ ഏത് ഭാഷയും പഠിക്കുവാന്‍ എളുപ്പമാണ്’.കെഎസ്ആർടിസി ബസിലാണ് സായിപ്പിന്റെ സ്ഥിരം യാത്ര. എന്തുകൊണ്ട് മലയാള മനോരമ വായിക്കുന്നു എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘ലളിതമായ വാക്കുകളാണ് മനോരമയിൽ ഉപയോഗിക്കുന്നത്. വായിക്കാൻ എളുപ്പമാണ്..’

തിരക്കുളള സമയമായതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല. ഇടയ്ക്ക് അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു. ആലപ്പുഴയെത്തി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ ഒരു ചിത്രം എടുക്കാനും മറന്നില്ല. വാട്സാപ്പ് നമ്പരും വാങ്ങി. ചിത്രം അദ്ദേഹത്തിന് അയച്ചു കൊടുത്തു. നല്ലൊരു സൗഹൃദം. മലയാളി എന്ന നിലയില്‍ മനസ്സിനെ സന്തോഷിപ്പിച്ച നിമിഷങ്ങളായിരുന്നു അത്.

English Summary: English man who speaks and reads malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA