ADVERTISEMENT

കൊച്ചി∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ(നിയമ വിരുദ്ധ പ്രവർത്തനം തടയൽ നിയമം) ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷയിൽ സർക്കാരിന് ഹൈക്കോടതി നോട്ടിസയച്ചു. യുഎപിഎ കാര്യത്തിലും ജാമ്യം അനുവദിക്കുന്നതിലുമുള്ള സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. ഇരുവരുടെയും ജാമ്യ ഹർജി തള്ളിയ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി ചോദ്യം ചെയ്താണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

കേസ് കെട്ടിച്ചമച്ചതാണെന്നും മാവോയിസ്റ്റ് ബന്ധം ഇല്ലെന്നും വ്യക്തമാക്കിയാണ് ഇവർ കോടതിയെ സമീപിച്ചത്. പ്രതികൾക്കെതിരായ കുറ്റം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നാണ് കീഴ്കോടതിയുടെ കണ്ടെത്തൽ. കേസ് 14നു വീണ്ടും പരിഗണിക്കുന്നതിന് കോടതി നീട്ടിവച്ചു.

കഴിഞ്ഞ ഒന്നിനാണ് സിപിഎം പ്രവർത്തകരും വിദ്യാർഥികളുമായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ സൂക്ഷിച്ചെന്ന പേരിൽ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം കേന്ദ്ര നേതൃത്വത്തിൽ നിന്ന് ഉൾപ്പടെ യുഎപിഎ ചുമത്തിയതിനെതിരെ വിമർശനം ഉയർന്നിട്ടും പിൻവലിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് പൊലീസ്.

ഇരുവരും മാവോയിസ്റ്റുകളുടെ കോഡ് ഭാഷ ഉപയോഗിച്ചു, മാവോയിസ്റ്റ് യോഗങ്ങളിൽ പങ്കെടുത്തു, താഹയുടെ വീട്ടിൽ റെയ്ഡിനിടെ സംഘടന അനുകൂല മുദ്രാവാക്യം വിളിച്ചു, രഹസ്യ രേഖ കണ്ടെടുത്തു തുടങ്ങിയ ആരോപണങ്ങളാണ് പൊലീസ് ഇവർക്കു നേരെ ഉന്നയിക്കുന്നത്. മാവോയിസ്റ്റുകളെ ആട്ടികുട്ടികളും പരിശുദ്ധാത്മാക്കളുമാക്കാൻ തിടുക്കം വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

English Summary: High Court Sends Notice to State Government on Bail Application of Alan and Thaha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com