ADVERTISEMENT

തിരുവനന്തപുരം∙ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയതിനു പിന്നിൽ മൂന്നു പേർ മാത്രമാണെന്നും, കൂട്ടകോപ്പിയടി ഉണ്ടായില്ലെന്നും വ്യക്തമാക്കി ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധി.

അന്വേഷണം മാസങ്ങൾ പിന്നിടുമ്പോഴും ചോദ്യപേപ്പർ ചോർന്നതെങ്ങനെയെന്നു കണ്ടെത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല. ചോദ്യപേപ്പർ ചോർത്തിയെന്നു ക്രൈംബ്രാഞ്ച് സംശയിക്കുന്ന പ്രവീൺ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നു. പ്രവീണിനെ ചോദ്യംചെയ്താല്‍ മാത്രമേ ചോദ്യപേപ്പർ ചോർച്ചയിൽ വ്യക്തതയുണ്ടാകൂ.

ഉത്തരം കണ്ടെത്താനാകാത്ത ചോദ്യങ്ങൾ:

∙ ചോദ്യപേപ്പർ ചോർന്നതെങ്ങനെയെന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തേണ്ടത് പ്രവീണിൽ നിന്നാണ്. പ്രവീൺ പറയുന്നത് മുഖവിലയ്ക്കെടുക്കാനേ നിർവാഹമുള്ളൂ. ശാസ്ത്രീയ തെളിവുകൾ ക്രൈംബ്രാഞ്ചിനു കിട്ടിയിട്ടില്ല.

∙ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് ഒരേ കോഡിലുള്ള ചോദ്യപേപ്പർ ലഭിച്ചത് എങ്ങനെ. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നില്ല.

∙ പിഎസ്‌സിയിലെയോ യൂണിവേഴ്സിറ്റി കോളജിലെയോ ആരുടേയും സഹായമില്ലാതെ ചോദ്യപേപ്പർ ചോർത്താനാകില്ലെന്ന ആരോപണങ്ങൾ പരിശോധിച്ചില്ല.

∙ പിഎസ്‌സിയിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകളെക്കുറിച്ച് അന്വേഷണം നടന്നില്ല.

∙ ആറു പേർക്കു മാത്രമായി തട്ടിപ്പ് നടത്താനാകില്ലെന്നും, വലിയ ഗൂഢാലോചന നടന്നെന്നുമുള്ള ഉദ്യോഗാർഥികളുടെ ആരോപണം അന്വേഷിച്ചില്ല.

∙ കൂടുതൽപേർ തട്ടിപ്പിൽ ഉൾപെട്ടിട്ടുണ്ടോയെന്നു കണ്ടെത്താൻ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനായില്ല.

∙ ഒരു വർഷത്തിനു മുകളിലുള്ള മൊബൈൽ രേഖകൾ കമ്പനികൾ സൂക്ഷിക്കാറില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇക്കാരണത്താൽ സൈബർ തെളിവുകൾ കണ്ടെത്താനാകില്ലെന്നും വാദം. എന്നാൽ സമ്മർദം ചെലുത്തിയാൽ മൊബൈൽ കമ്പനികൾ രേഖകൾ കൈമാറുമെന്ന് സൈബർ വിദഗ്ധർ‌. കേന്ദ്ര ഏജൻസികൾക്ക് ഇത്തരത്തിൽ രേഖകൾ നൽകാറുണ്ടെന്നും വിദഗ്ധർ. സർക്കാരിന്റെ ഭാഗത്തുനിന്ന് സമ്മർദമില്ല.

English Summary: Questions unanswered on PSC fraud

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com