sections
MORE

അയോധ്യകേസിലെ സുപ്രീം കോടതി വിധി; അയോധ്യയിൽ നിരോധനാജ്ഞ: കേരളത്തിലും ജാഗ്രത

supreme-court
SHARE

ന്യൂഡൽഹി∙ അയോധ്യ കേസിൽ സുപ്രീം കോടതി ശനിയാഴ്ചത്തെ വിധിപ്രസ്താവനയ്ക്കു മുന്നോടിയായി രാജ്യത്തെമ്പാടും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.  സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രശ്ന ബാധിത മേഖലകളില്‍ പൊലീസിനെ വിന്യസിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി

റെയില്‍വേ മന്ത്രാലയം എല്ലാ സോണുകളിലേക്കും ഏഴുപേജുള്ള സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. സ്റ്റേഷനുകള്‍, പ്ലാറ്റ്ഫോമുകള്‍, തുരങ്കങ്ങള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരന്തര പരിശോധന നടത്തും. മെട്രോ നഗരങ്ങളിലടക്കം 78 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ കാവലൊരുക്കി. 

റെയില്‍വേ സുരക്ഷാസേനാംഗങ്ങളുടെ അവധി റദ്ദാക്കി. ട്രെയിനുകളുടെ സുരക്ഷയ്ക്ക് കൂടുതല്‍പേരെ വിന്യസിച്ചു. സ്കാനറുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവയുടെ തകരാറുകള്‍ അടിയന്തരമായി തീര്‍ക്കാന്‍ നിർദ്ദേശമുണ്ട്. പ്രശ്നസാധ്യതയുള്ള മേഖലകളിലും സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലും റെയില്‍വേ നിരീക്ഷണമേര്‍പ്പെടുത്തി.

ആരാധനാലയങ്ങളിലെ സുരക്ഷ കൂട്ടി. അയോധ്യ ഉള്‍പ്പെടുന്ന മേഖലയില്‍ സമൂഹമാധ്യമ ഉപയോഗത്തിനടക്കം ഡിസംബര്‍ 28 വരെ കര്‍ശന നിയന്ത്രണങ്ങളുണ്ട്. അയോധ്യയ്ക്ക് സമീപം അംബേദ്ക്കര്‍ നഗറില്‍ എട്ടു കോളജുകളില്‍ യുപി സര്‍ക്കാര്‍ താല്‍ക്കാലിക ജയിലുകള്‍ സജ്ജമാക്കി. അയോധ്യയില്‍ ഡിസംബര്‍ 10 വരെ നിരോധനാജ്ഞ തുടരും. ക്ഷേത്ര നിര്‍മാണത്തിനായി വിഎച്ച്പി 1990 മുതല്‍ തുടങ്ങിയ കല്‍പണികള്‍ നിര്‍ത്തിവച്ചു.  നാട്ടുകാരായ 16,000 സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പൊലീസ് സുരക്ഷാസംഘം സജ്ജമാക്കി.

കേരളത്തിലും ജാഗ്രതാ നിർദേശം; പരിശോധനകൾ കർശനമാക്കി

വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളെ കേരളത്തിലുണ്ടാവൂ എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. ബാബറി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം  മാതൃകാപരമായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാനപൂർവമായുള്ള  ആ പ്രതികരണം. വിധി എന്തായാലും സമാധാനപരമായി അതിനെ  സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം.  രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ചന്ദേര, ഹൊസ്ദുർഗ് സ്റ്റേഷൻ പരിധികളിൽ തിങ്കളാഴ്ച രാത്രിവരെ നിരോധനാജ്ഞയുണ്ടാകും.

English Summary: Supreme Court verdict on Ayodhya land dispute on November 9

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA