sections
MORE

സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടി പ്രായം’; അയോധ്യകേസ് തുടക്കവും നാൾവഴികളും

ayodhya-case-timeline
SHARE

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തില്‍ പരമോന്നത കോടതിയുടെ അന്തിമ തീര്‍പ്പ് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം. പലതലത്തില്‍ പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടി പ്രായമുണ്ട്.  

അയോധ്യ കേസ് ഇതുവരെ

1528∙ ബാബറി മസ്ജിദ് നിർമാണം.

1853∙ ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി പണിതിട്ടുള്ളത് എന്ന വാദം ഹിന്ദുസംഘടനയായ നിർമോഹിസ് ഉയർത്തി.

1859∙ ആരാധനാസ്ഥലം വേർതിരിച്ചു പള്ളിക്കു ബ്രിട്ടിഷ് സർക്കാർ ചുറ്റുമതിൽ കെട്ടി.

1885∙ രഘുബീർ ദാസ് എന്ന പുരോഹിതൻ ക്ഷേത്രം പണിയാൻ സ്ഥലം നൽകണമെന്ന ആവശ്യം കോടതിയിൽ ഉന്നയിച്ചു.ഫൈസാബാദ് ജില്ലാ കോടതി അനുമതി നിഷേധിച്ചു.

1949 ഡിസംബർ 23∙ പള്ളിവളപ്പിൽ കടന്ന ഒരു സംഘം അവിടെ ശ്രീരാമവിഗ്രഹം സ്ഥാപിക്കുന്നു.

1950∙ ജുഡീഷ്യൽ മജിസ്ട്രേട്ട് കെ.കെ.നായർ ബാബറി മസ്ജിദ് വളപ്പ് ഏറ്റെടുത്ത് അയോധ്യ മുനിസിപ്പൽ കോർപറേഷൻ റിസീവർ ഭരണത്തിലാക്കി. ഗോപാൽസിങ് വിശാരദ് ആ സ്ഥലം ആവശ്യപ്പെട്ട് ആദ്യ കേസ് നൽകി. പിന്നാലെ പരമഹംസ രാമചന്ദ്രയും ഹർജി നൽകി.

1959∙ ഹിന്ദു സംഘടനയായ നിർമോഹി അഖാഡ കേസ് നൽകി.

1961∙ യുപി സുന്നി സെൻട്രൽ വഖഫ് ബോർഡ് സ്ഥലം ആവശ്യപ്പെട്ടു കേസ് നൽകി.

1982∙ വിശ്വഹിന്ദു പരിഷത് രാമജന്മഭൂമി പ്രസ്ഥാനം ആരംഭിക്കുന്നു.

1986∙ ഫെബ്രുവരി - മസ്ജിദ് തുറന്നുകൊടുക്കാൻ തീരുമാനം.ഓൾ ഇന്ത്യാ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി രൂപീകരണം.

1989∙ ജൂൺ - രാമക്ഷേത്ര നിർമാണം ബിജെപി തങ്ങളുടെ അജൻഡയിൽ ഉൾപ്പെടുത്തി.

1989∙ അയോധ്യയിൽ വിഎച്ച്പിക്കു ശിലാന്യാസം നടത്താൻ അനുമതി.

1990∙ രാമക്ഷേത്രനിർമാണത്തിനു പിന്തുണ തേടി എൽ.കെ. അഡ്വാനി രഥയാത്ര തുടങ്ങി.

1991∙യുപി സർക്കാർ ബാബറി മസ്ജിദിനോടു ചേർന്നുള്ള മുസ്ലിം വഖഫ് ബോർഡിന്റെ 2.77 ഏക്കർ ഏറ്റെടുത്തു.

1992∙ ഡിസംബർ 6 - കർസേവകർ മസ്ജിദ് തകർത്തു. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യത്തു വർഗീയ സംഘർഷങ്ങളിൽ രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടു. പള്ളി തകർത്ത സംഭവത്തിൽ രണ്ട് എഫ്ഐആർ റജിസ്റ്റർ ചെയ്തു (ക്രൈം നമ്പർ 197: കർസേവകർ പള്ളി തകർത്തത്. ക്രൈം നമ്പർ 198: അഡ്വാനി അടക്കം നേതാക്കൾ പള്ളിതകർക്കുന്നതിനു മുൻപ് വർഗീയ പ്രസംഗങ്ങൾ നടത്തി)

1992 ഡിസംബർ 16∙ മസ്ജിദ് തകർക്കുന്നതിലേക്കു നയിച്ച സംഭവങ്ങൾ അന്വേഷിക്കാൻ ലിബറാൻ കമ്മിഷനെ കേന്ദ്ര സർക്കാർ നിയമിച്ചു.

1993 ഒക്ടോബർ∙ ഉന്നത ബിജെപി നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുത്തു.

1994∙ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കാര്യത്തിൽതീരുമാനമാകുന്നതുവരെ അയോധ്യയിൽ തൽസ്ഥിതി തുടരണമെന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

2001 മേയ് 4∙ അഡ്വാനി, കല്യാൺസിങ് എന്നിവരടക്കം 13 പേർക്കെതിരായ ബാബറി മസ്ജിദ് തകർക്കൽ ഗൂഢാലോചനക്കേസ് പ്രത്യേക കോടതി ജഡ്ജി എസ്.കെ.ശുക്ല തള്ളി.

2002 ഏപ്രിൽ∙ അയോധ്യ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നാലു കേസുകളും അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന്റെ പരിഗണനയിൽ.

2009 ജൂൺ 30∙ ബാബറി മസ്ജിദ് തകർത്തതിനു വാജ്പേയിയും അഡ്വാനിയും മുരളി മനോഹർ ജോഷിയും അടക്കമുള്ള ബിജെപി നേതാക്കൾ ഉത്തരവാദികളാണെന്ന ലിബറാൻ കമ്മിഷൻ റിപ്പോർട്ട് പ്രധാനമന്ത്രിക്കു സമർപ്പിച്ചു.

2010 മേയ് 20∙ അഡ്വാനി അടക്കമുള്ളവരെ ഗൂഢാലോചനക്കുറ്റങ്ങളിൽനിന്ന് വിമുക്തമാക്കിയ പ്രത്യേക കോടതി വിധി അലഹാബാദ് ഹൈക്കോടതി ശരിവച്ചു.

2010 സെപ്റ്റംബർ 30 ∙ അയോധ്യഭൂമിയുടെ ഉടമവസ്ഥാവകാശം സംബന്ധിച്ച 60 വർഷത്തോളം നീണ്ട നിയമപോരാട്ടത്തിൽ അലഹാബാദ് ഹൈക്കോടതി ലക്നൗ ബെഞ്ചിന്റെ വിധി. ഭൂമിയുടെ മൂന്നിൽ രണ്ട്ക്ഷേത്രത്തിനും മൂന്നിലൊന്ന് വഖഫ് ബോർഡിനും കൈമാറാൻ കോടതി തീരുമാനം.

2011 മേയ് 9∙ ഭൂമിയുടെ അവകാശം സംബന്ധിച്ച അലഹാബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

2017 മാർച്ച് 6∙ ബാബറി മസ്ജിദ് തകർത്ത കേസും ഗൂഢാലോചനക്കേസും പുനഃസ്ഥാപിക്കുമെന്നു സുപ്രീം കോടതി സൂചന നൽകി.

2017 മാർച്ച് 22∙ ഇരുപക്ഷത്തിനും സമ്മതമാണെങ്കിൽ അയോധ്യ കേസ് കോടതിക്കു പുറത്തു മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാമെന്ന് സുപ്രീം കോടതിയുടെ നിർദേശം.

2017 ഏപ്രിൽ 6∙ എൽ.കെ. അഡ്വാനി, മുരളിമനോഹർ ജോഷി,ഉമാഭാരതി എന്നിവരടക്കം 13 ബിജെപി നേതാക്കൾക്കെതിരെ ബാബറി മസ്ജിദ് തകർക്കൽ കേസ് പുനഃസ്ഥാപിക്കാൻ സുപ്രീം കോടതിയിൽ സിബിഐ ആവശ്യം.

ഏപ്രിൽ 19, ∙ ബാബറിമസ്ജിദ് കേസ് സുപ്രീം കോടതി പുനഃസ്ഥാപിക്കുന്നു. കേസുകൾ റായ് ബറേലി കോടതിയിൽനിന്ന് ലക്നൗവിലെ പ്രത്യേക കോടതിയിലേക്കു മാറ്റാനും ഉത്തരവ്. രണ്ടു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം. വിചാരണ പൂർത്തിയാക്കും വരെ ജഡ്ജിയെ മാറ്റാനും പാടില്ല. 

2019 ജനുവരി 08 ∙ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്.

2019 മാര്‍ച്ച് 08 ∙ സമവായ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്. ചര്‍ച്ച പരാജയപ്പെട്ടതോടെ 2019 ഓഗസ്റ്റ് 06 ഭരണഘടന സുപ്രീംകോടതിയില്‍ അന്തിമവാദം.

2019 ഒക്ടോബര്‍ 16 ∙ 40 ദിവസത്തെ വാദത്തിന് ശേഷം ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.

2019 നവംബര്‍ 09 ∙ അയോധ്യക്കേസിൽ തർക്കഭൂമി കേന്ദ്ര ട്രസ്റ്റിന് നൽകി. ഇവിടെ ക്ഷേത്രം നിര്‍മിക്കാം. പകരം തർക്കഭൂമിക്കു പുറത്ത് പള്ളിക്കായി അ‍ഞ്ചേക്കര്‍ നൽകും

English Summary: A chronology of the Ayodhya dispute

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA