ADVERTISEMENT

ബെർണാവർസ്ട്രാസേ അണ്ടർഗ്രൗണ്ട് ട്രെയിൻ സ്റ്റേഷനിൽനിന്നു പുറത്തിറങ്ങി അവിടുത്തെ പുൽത്തകിടിയിലൂടെ ഒരുപക്ഷേ അശ്രദ്ധമായി നടക്കുമ്പോൾ കഴിഞ്ഞ നൂറ്റാണ്ട് ഇത്രയേറെ രഹസ്യങ്ങൾ അവിടെ സൂക്ഷിച്ചിരുന്നുവോയെന്നു നമുക്കു തോന്നുകയേയില്ല. 30 വർഷം മുൻപ് 1989 നവംബർ ഒൻപതിന് ബർലിൻ മതിലിന്റെ ഒരു ഭാഗം ആദ്യമായി തകർക്കപ്പെട്ടത് ഇവിടെയാണ്.

ഇവിടെത്തന്നെയാണ് 1961 ഓഗസ്റ്റ് 13നു മതിൽപണി തുടങ്ങി ആദ്യദിവസങ്ങളിൽ അതിനു കാവളാലായി നിന്ന കോൺറാഡ് ഷൂമാൻ എന്ന പത്തൊൻപതു വയസ്സുകാരൻ മുള്ളുകമ്പിച്ചുരുളുകൾ ചാടിക്കടന്നു പടിഞ്ഞാറൻ ജർമനിയിലേക്ക് കൂറുമാറിയത്. മതിൽ നിലനിന്ന 28 വർഷമത്രയും ഈ പുൽത്തകിടി മരണത്തിന്റെ ഇടനാഴിയായിരുന്നു. അക്കാലത്ത് അധികമാരും ജീവനോടെ ഇതിനുകുറുകെ കടന്നിട്ടില്ല.

രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമനി പരാജയപ്പെട്ട ശേഷം ‘ക്രമീകൃതവും മാനുഷികവുമായ രീതിയിൽ ജർമനിയെ പുനഃസ്ഥാപിക്കാനായി’ സഖ്യകക്ഷികളായ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും സോവിയറ്റ് യൂണിയനും താത്ക്കാലിക നിയന്ത്രണം ഏറ്റെടുത്തു. ഫാഷിസത്തിനെതിരെ ഒന്നിച്ചു പൊരുതി വിജയിച്ചെങ്കിലും, പാശ്ചാത്യ മുതലാളിത്ത ജനാധിപത്യത്തിനും സോവിയറ്റ് കമ്യൂണിസത്തിനും ജർമനിയെ മുന്നോട്ടു നയിക്കുന്നതിൽ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഉണ്ടായിരുന്നത്. സോവിയറ്റ് നിയന്ത്രിത കമ്യൂണിസ്റ്റ് കിഴക്കൻ ജർമനിയും പാശ്ചാത്യ മാതൃകയിലുള്ള പടിഞ്ഞാറൻ ജർമനിയും അങ്ങനെ രണ്ടു രാജ്യങ്ങളായി.

ബർലിൻ ഭൂമിശാസ്ത്രപരമായി കിഴക്കൻ ജർമനിയുടെ ഭാഗമായിരുന്നെങ്കിലും തലസ്ഥാനമായിരുന്നതിനാൽ രണ്ടു കക്ഷികളും അതു പങ്കിട്ടെടുത്തു. പടിഞ്ഞാറൻ ബർലിൻ കിഴക്കൻ ജർമനിയിലെ ഒരു ദ്വീപുപോലെ നിലകൊണ്ടു. 1948 ജൂൺ മുതൽ 1949 മേയ് വരെ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ ബർലിന്റെ റോഡ്-റയിൽ-ജല മാർഗങ്ങൾ ഉപരോധിച്ചപ്പോൾ പടിഞ്ഞാറൻ സഖ്യകക്ഷികൾ അമേരിക്കയുടെ നേതൃത്വത്തിൽ ഭക്ഷണവും ഇന്ധനവും ദിവസേന വിമാന മാർഗം കൊണ്ടിറക്കി. ശീതയുദ്ധത്തിന്റെ ചതുരംഗപ്പലകയിൽ എന്നും ആദ്യം ആക്രമിക്കപ്പെടുന്ന കാലാളായിരുന്നു ബർലിൻ.

ബെർലിനുചുറ്റും മതിൽ എന്ന ആശയം കിഴക്കൻ ജർമനിയുടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറി ആയിരുന്ന വാൾട്ടർ ഉൽബ്രിഹ്റ്റിന്റെ പദ്ധതിയിൽ പലപ്പോഴും ഉയർന്നുവന്നെകിലും സോവിയറ്റ് നേതാവായ ക്രൂഷ്ചേവ് അതിന് എതിരായിരുന്നതുകൊണ്ടു അത് കാലങ്ങളോളം നിലവിൽ വന്നില്ല.

അക്കാലമത്രയും വ്യത്യസ്ത രാജ്യങ്ങൾ ആയിരുന്നെങ്കിലും കിഴക്കും പടിഞ്ഞാറുമുള്ളവർ വലിയ തടസ്സങ്ങളൊന്നുമില്ലാതെ പരസ്പരം യാത്രചെയ്തു. കുടുംബങ്ങളെ രാജ്യങ്ങളുടെ അതിരുകൾ കീറിമുറിച്ചെങ്കിലും അവർ മറുവശത്തുള്ള തങ്ങളുടെ ബന്ധുക്കളെ കാണുകയും ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. കിഴക്കൻ ബർലിനിൽ സാധനങ്ങൾക്കg വിലക്കുറവായതുകൊണ്ടു പടിഞ്ഞാറുനിന്ന് പലരും അവിടെപ്പോയി ഷോപ്പിങ് നടത്തി. കിഴക്കുനിന്നുള്ള വിദഗ്ധ തൊഴിലാളികൾ പടിഞ്ഞാറു ജോലിചെയ്തു. പക്ഷേ, 1950-കളിൽ പശ്ചിമ ജർമനിയുടെ സാമ്പത്തിക നിലവാരം അദ്ഭുതകരമായ നിലയിൽ മെച്ചപ്പെട്ടുതുടങ്ങിയതോടെ, കിഴക്കുനിന്നു പടിഞ്ഞാറേക്കു കുടിയേറുന്നവരുടെ എണ്ണം വല്ലാതെ കൂടി. അതു മാസംതോറും പതിനായിരക്കണക്കിനായതോടെയാണു മതിലെന്ന ആശയത്തിന് ശിലയുറച്ചത്. 1949 മുതൽ 1961 വരെ 27 ലക്ഷം പേരെങ്കിലും അതിർത്തി കടന്നിട്ടുണ്ടാവുമെന്നാണ് ഏകദേശ കണക്ക്.

പടിഞ്ഞാറൻ ജർമനിയിലേക്ക് ആളുകൾ കടന്നുകളയുന്നതു തടയാനായിരുന്നു മതിൽ പണിതതെങ്കിലും മറ്റു മിക്ക മതിലുകളെയും പോലെ അതു ബർലിനിലും പൂർണമായി വിജയിച്ചില്ല. ആദ്യം മുള്ളുകമ്പിച്ചുരുളുകൾ മാത്രമായിരുന്നെങ്കിൽ, കാലക്രമേണ അതു പല തരത്തിലുള്ള പ്രതിരോധ കവചങ്ങളായി മാറി.

യഥാർഥത്തിൽ, മതിൽകടക്കാൻ ശ്രമിക്കുന്നവർ നൂതനവും സർഗാത്മകവുമായ മാർഗങ്ങൾ കണ്ടെത്തുന്നതിനു പൂരകമായാണ് മതിലിന്റെ പുതിയ പ്രതിരോധങ്ങൾ കൂടിക്കൂടി വന്നത്. നേരിട്ടു ചാടുന്നവരെ പ്രതിരോധിക്കാൻ ആദ്യം നിർമിച്ച മുള്ളുകമ്പിവേലികളും ചെറിയ മതിലുകളും ഗ്ലാസ് കവചങ്ങളും പോരെന്നായപ്പോൾ ഉയരം കൂടിയ മതിലുകൾ നിർമിക്കപ്പെട്ടു. കാറുകൾ ഓടിച്ചു രക്ഷപ്പെടുന്നവരെ പ്രതിരോധിക്കാൻ ജാമറുകളും കിടങ്ങുകളും കഴുക്കോൽ കുത്തി ചാടികടക്കുന്നവരെ മറികടക്കാൻ വീണ്ടും ഉയരം കൂടിയ മതിൽ, മതിൽ തകർത്തു പോകുന്നവരെ ഒഴിവാക്കാൻ കല്ലിലും കോൺക്രീറ്റിലും ബലപ്പെടുത്തിയ മതിൽ - അങ്ങനെ കടന്നുകളയലും അതിന്റെ പ്രതിരോധങ്ങളും നാൾക്കുനാൾ പുതിയ തലങ്ങളിൽ എത്തി. അതിർത്തിയിൽ ഉള്ള കെട്ടിടങ്ങളിൽനിന്നു പടിഞ്ഞാറേക്കു തുറക്കുന്ന വാതിലുകൾ ആദ്യമേതന്നെ അടച്ചു സീൽ ചെയ്തു.

അപ്പോൾ പലരും പല നിലകൾ ഉയരത്തിലുള്ള അപാർട്മെന്റുകളുടെ ജനാലകളിൽനിന്നു കയർകെട്ടി പടിഞ്ഞാറേക്ക് ഊർന്നിറങ്ങാൻ തുടങ്ങി. അങ്ങനെയാണ്, ബെർണാവർസ്ട്രാസേയിലെ അതിർത്തി തൊട്ടുനിൽക്കുന്ന കെട്ടിടങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ജനലുകളും വാതിലുകളുമൊക്കെ ഇഷ്ടികയും സിമന്റും നിറച്ച് അടക്കുകയും ചെയ്തത്. ഔദ്യോഗിക ആവശ്യങ്ങൾക്കും അനുവാദം ഉള്ളവർക്കും കടക്കാൻ പറ്റുന്ന കുറച്ചു ചെക്ക് പോയിന്റുകൾ മാത്രമായി നഗരത്തിന്റെ രണ്ടു ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന മാർഗങ്ങൾ.

പടിഞ്ഞാറൻ ബർലിനെ 160 കിലോമീറ്ററിൽ വലയം ചെയ്ത മതിൽ എഴുപതുകളുടെ അവസാനത്തോടെ 12 അടി ഉയരമുള്ള, നാലടി വീതിയുള്ള ഉരുക്കുകോട്ടയായി മാറി. മതിലിനുള്ളിൽ 300 അടി ഉള്ളിൽ പൂരകമായി മറ്റൊരു മതിലും. ഈ രണ്ടു മതിലുകൾക്കിടയിൽ ആണ് ഡെത്ത് സ്ട്രിപ്പ് എന്ന് വിളിക്കപ്പെട്ട, ചെറിയ കാലടി പോലും ശ്രദ്ധിക്കാവുന്ന ചരൽ വിരിച്ച നിരീക്ഷണ സ്ഥലം. ഇവിടെ 302 നിരീക്ഷണ ഗോപുരങ്ങളിൽനിന്ന് 24 മണിക്കൂറും കാവൽഭടന്മാർ ചുറ്റുപാടും നിരീക്ഷിച്ചു. വൈദ്യുതവേലികളും മൈൻഫീൽഡുകളും തൊട്ടാൽ സജീവമാകുന്ന ശബ്ദയന്ത്രങ്ങളും ഇല വീണാൽ പോലും കാണാവുന്ന ബൃഹത്തായ ലൈറ്റുകളും പട്രോൾ റോഡുകളും കാവൽ നായ്ക്കളും.

ഇതൊന്നും മറുവശത്തേക്കുള്ള യാത്ര തീർത്തും ഇല്ലാതാക്കിയില്ല. പടിഞ്ഞാറൻ ജർമനിയുടെ പൊലീസ് നിവർത്തിപ്പിടിച്ച വലയിലേക്കു ചാടി രക്ഷപ്പെട്ടവർ, മതിലിനു താഴെ തുരങ്കം പണിതു കടന്നവർ, കനാലുകളിൽ സ്പീഡ് ലോഞ്ച് ഓടിച്ചു രക്ഷപ്പെട്ടവർ, കാറിനുള്ളിൽ രഹസ്യ അറകൾ നിർമിച്ച് അതിൽ കടന്നവർ, ബലൂണുകളിൽ പറന്നു മറകണ്ടം എത്തിയവർ, മറുപുറത്തേക്ക് എറിയപ്പെട്ട കുട്ടികൾ - മതിൽ നിലനിന്നിരുന്ന വർഷങ്ങളിൽ ഒരു ലക്ഷം പേരെങ്കിലും മറുവശം കടക്കാൻ ശ്രമിച്ചു. 600 ലധികം പേർ അതിർത്തിസേനയുടെ തോക്കിനിരയാവുകയോ മതിൽ ചാടാനുള്ള ശ്രമങ്ങളിൽ അപകടത്തിൽപെട്ട് മരിക്കുകയോ ചെയ്തു.

history-GERMANY-HISTORY-WALL-30YEARS

ജർമൻ ജനതയെപ്പോലെ ചരിത്രത്തെ ഇത്ര സൂക്ഷ്മമായി ആത്മപരിശോധന നടത്തുന്ന സമൂഹം വേറെയുണ്ടാവില്ല. ബർലിൻ മതിലിന്റെ പതനം ആഘോഷിക്കുന്ന ഇരുനൂറിലധികം പരിപാടികളാണ് ഈ ദിവസങ്ങളിൽ അവിടെ അരങ്ങേറുന്നത്. മതിലുകൾ പണിയാൻ വെമ്പുന്ന ലോകത്തിനൊരു മറുകുറിപ്പാണ് ബർലിൻ. മുൻപ് ഡെത്ത് സ്ട്രിപ്പ് ആയിരുന്ന ബെർണാവർസ്ട്രാസേയിലെ പുൽത്തകിടിയിൽ, ഇന്ന് മതിലുകളില്ലാത്ത ലോകത്തെ സ്വപ്നം കാണുന്ന കലാകാരന്മാർ നിറങ്ങൾ കൊണ്ടും സംഗീതം കൊണ്ടും നിറയ്ക്കുകയാണ്.

(ബർലിൻ ആസ്ഥാനമായ വിദ്യാഭ്യാസ സ്റ്റാർട്അപ് ‘ദി ഇൻസൈറ്റിസ്റ്റ്’ മേധാവിയാണു ലേഖകൻ. യൂറോപ്പിലെ വിവിധ സർവകലാശാലകളിൽ പഠിപ്പിക്കുകയും ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്.)

English Summary: The Fall of the Berlin wall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com