ADVERTISEMENT

സുൽത്താൻപുർ ∙ ഗുരുദാസ്പുരിലെ ദേരാ ബാബ നാനാക്കിൽ കർതാർപുർ ഇടനാഴിയുടെ സംയോജിത ചെക്ക് പോസ്റ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര േമാദി നിർവഹിച്ചു. ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് മോദി നന്ദി അറിയിച്ചു. 

‘ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് ഞാൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് നന്ദി അറിയിക്കുന്നു. ഗുരുനാനാക്കിന്റെ 550–ാം ജന്മവാർഷികത്തിന് മുൻപ് കർതാർപുർ സാഹിബ് ഇടനാഴി തുറക്കാനായത് ഞങ്ങൾക്ക് വളരെയധികം സന്തോഷം നൽകി’, ഉദ്ഘാടന പ്രസംഗത്തിൽ മോദി പറഞ്ഞു. ‘ഇടനാഴി ഗുരുദ്വാരയിൽ ദർശനം നടത്തുന്ന തീർഥാടകർക്ക് പ്രയോജനകരമാകും. ഗുരുനാനാക്ക് എല്ലാ മനുഷ്യർക്കും പ്രചോദനമാണ്. ഐക്യത്തിന്റെയും സാർവത്രിക സാഹോദര്യത്തിന്റെയും സന്ദേശം അദ്ദേഹം നൽകി’. ഗുരുവിന്റെ 550–ാം ജന്മദിനത്തിൽ 550 രൂപ സ്മാരക നാണയം പുറത്തിറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിർമാണവുമായി ബന്ധപ്പെട്ട എല്ലാവർക്കും നന്ദി അറിയിച്ച അദ്ദേഹം ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ജമ്മുകശ്മീരിലെ സിഖുകാർക്കും സമാന അവകാശങ്ങൾ ലഭിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പറഞ്ഞു. ‘വിദ്വേഷമല്ല, സ്നേഹം പ്രചരിപ്പിക്കാനുള്ള സമയമാണിത്. വികസനം, റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ’, അദ്ദേഹം പറഞ്ഞു. 

നടനും എംപിയുമായ സണ്ണി ഡിയോൾ, കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരി, ഹർസിമ്രത്ത് കൗർ കോൺഗ്രസ് എംഎൽഎ നവജ്യോത് സിങ് സിദ്ധു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പഞ്ചാബിലെ ഗുർദാസ്പുരിലെ ദേരാ ബാബ നാനാക്കിൽനിന്ന് 4 കിലോമീറ്റർ അകലെ പാക്കിസ്ഥാനിലെ കർതാർപുരിലുള്ള ദരാ‍ബാർ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി. സിഖ് മത സ്ഥാപകൻ ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന പാക്കിസ്ഥാനിലെ ഗുരുദ്വാരയിലേക്ക് വീസയില്ലാതെ സന്ദർശനം നടത്താൻ ഇന്ത്യൻ തീർഥാടകരെ അനുവദിക്കുന്ന കരാറിൽ കഴിഞ്ഞ മാസമാണ് ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ചത്. മൂന്നു ഘട്ടങ്ങളായുള്ള നീണ്ട ചർച്ചകൾക്കു ശേഷമാണ് ഇരുരാജ്യങ്ങളും കരാർ ഒപ്പിട്ടത്. ഗുരു നാനാക്ക് അവസാന 18 വർഷം ചെലവിട്ട ഗുരുദ്വാരയിലേക്ക് പ്രതിദിനം 5,000 ഇന്ത്യൻ തീർഥാടകർക്ക് പ്രവേശനാനുമതി ഉണ്ടാകും. 

English Summary: Kartarpur corridor: PM Modi thanks Pakistan PM Imran Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com