ADVERTISEMENT

ന്യൂഡൽഹി∙ അയോധ്യ കേസിൽ വിധി എന്തു തന്നെയായാലും സൗഹാർദം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി ആരുടെയും ജയമോ പരാജയമോ അല്ല. രാജ്യത്തിന്റെ ഐക്യമാണ് പ്രധാനം. രാജ്യ നന്മയ്ക്ക് കരുത്തുപകരുന്നതാകും വിധിയെന്ന് പ്രതീക്ഷിക്കാമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അയോധ്യയിൽ സുപ്രീം കോടതി ഇന്ന് രാവിലെ 10.30 ന് വിധി പറയും. കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആ സമയത്ത് സമാധാനം കാത്തുസൂക്ഷിക്കാനുള്ള പ്രയത്നത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു. അയോധ്യ വിധിക്കു ശേഷം എല്ലാവരും രാജ്യത്തിന്റെ പാരമ്പര്യത്തിനു ശക്തിപകരുന്ന തരത്തിൽ സമാധാനവും ഐക്യവും നിലനിർത്തണം. വിധി ആരുടെയും ജയമോ പരാജയമോ അല്ല. വിധി എന്തുതന്നെയായാലും എല്ലാവരും സൗഹാർദം കാത്തു സൂക്ഷിക്കണം– മോദി ട്വീറ്റ് ചെയ്തു.

വിധി ആരുടെയും ജയമോ പരാജയമോ ആയി കാണരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെമ്പാടും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയ്ക്കായി 4,000 സായുധ സൈനികരെ വിന്യസിച്ചു. ഉത്തർപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച വരെ അടച്ചിടുമെന്നാണ് റിപ്പോർട്ടുകൾ.

അത്യാവശ്യ ഘട്ടം വന്നാൽ ഉപയോഗിക്കാനായി ലക്നൗവിലും അയോധ്യയിലും രണ്ടു ഹെലികോപ്റ്ററുകൾ വേണമെന്ന് യോഗി ആദിത്യനാഥ്  ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലും അതീവ ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കാസർകോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ചന്ദേര, ഹൊസ്ദുർഗ് സ്റ്റേഷൻ പരിധികളിൽ തിങ്കളാഴ്ച രാത്രിവരെ നിരോധനാഞ്ജ.

English Summary : "Ayodhya Verdict Nobody's Win Or Loss, Must Maintain Harmony": PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com