ADVERTISEMENT

ന്യൂഡൽഹി∙ എത്ര വലിയ തര്‍ക്കവും നിയമവ്യവസ്ഥയിലൂടെ പരിഹരിക്കാമെന്നതിന്‍റെ തെളിവാണ് സുപ്രീം കോടതി വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരെന്ന് വ്യക്തമാക്കുന്നതാണ് വിധി.  ജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം അയോധ്യവിധിയിലൂടെ കൂടുതൽ  ഊട്ടി ഉറപ്പിക്കാനാകും. നീതിക്ഷേത്രം പതിറ്റാണ്ടുകൾ പഴക്കമുള്ള കേസ് രമ്യമായി പരിഹരിച്ചിരിക്കുന്നു. വിധിയോടുള്ള പ്രതികരണം സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വത്തിന് തെളിവെന്ന് അദ്ദേഹം പറഞ്ഞു.

'അയോധ്യ കേസിൽ സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നു. വിധി ആരുടെയും ജയമോ പരാജയമോ അല്ല. രാമഭക്തനോ റഹിം ഭക്തനോ ആകട്ടെ, രാജ്യഭക്തി ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനം.  സമാധാനവും ഐക്യവും നിലനിൽക്കട്ടെ'– പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 

ഇന്നത്തെ വിധിന്യായത്തിൽ 130 കോടി ഇന്ത്യക്കാർ പുലർത്തുന്ന ശാന്തതയും സമാധാനവും സമാധാനപരമായ സഹവർത്തിത്വത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും വ്യക്തമാകുന്നു. ഒത്തൊരുമയും ഐക്യത്തിന്റെയും ഈ മനോഭാവം നമ്മുടെ രാഷ്ട്രത്തിന്റെ വികസനത്തെ ശക്തിപ്പെടുത്തട്ടെ. ഓരോ ഇന്ത്യക്കാരനും ശാക്തീകരിക്കപ്പെടട്ടെയെന്നും മോദി പറഞ്ഞു.

ഭാരതത്തിന്‍റെ അഖണ്ഡതയ്ക്കും ഏകത്വത്തിനും സംസ്കാരത്തിനും കൂടുതല്‍ ബലം നല്‍കുന്ന വിധിയെന്നായിരുന്നു അയോധ്യ വിധിയോടുളള കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാ ഷായുടെ പ്രതികരണം. ട്വിറ്ററിലാണ് അമിത് ഷാ അയോധ്യ വിധിയോട് പ്രതികരിച്ചത്.

വിധിയെ അംഗീകരിക്കണമെന്ന് കോണ്‍ഗ്രസും ട്വിറ്ററില്‍ വ്യക്തമാക്കി. പരസ്പര ബഹുമാനത്തിന്‍റെയും ഐക്യത്തിന്‍റെയും പാരമ്പര്യം രാജ്യം ഉയര്‍ത്തിപ്പിടിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആഹ്വാനം ചെയ്തു. ചരിത്രപരമായ വിധിയെ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുന്നെന്ന് ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കത്തിന് അവസാനമാകുന്നത് ഇരുസമുദായങ്ങള്‍ക്കും സന്തോഷവും ആശ്വാസവും പകരുമെന്നും അദ്ദേഹം പറഞ്ഞു.

English Summary : Ayodhya Verdict: "Temple Of Justice Has Amicably Resolved Issue": PM Modi On Ayodhya Order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com