ADVERTISEMENT

പുലർച്ചെ മൂന്നു മണിയോടെയാണ് ആ പത്താം ക്ലാസുകാരനെ കാണാതായത്. വടക്കൻ ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് സംഭവം. അമ്മയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് നാട്ടുകാരെത്തി അന്വേഷണം തുടങ്ങി. പുലർച്ചെ ശുചിമുറിയിൽ പോകാനായി എഴുന്നറ്റപ്പോൾ മകൻ മൊബൈൽ ഫോണിൽ കളിച്ചിരിക്കുന്നതു കണ്ട് ദേഷ്യപ്പെട്ട് അവനെ തല്ലിയെന്നും അതോടെ കുട്ടി ഇറങ്ങിപ്പോയെന്നും അമ്മ പറഞ്ഞു. നാട്ടുകാർ സംഘം ചേർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ ആറു കിലോമീറ്റർ അപ്പുറത്തെ ഒഴിഞ്ഞ ഒരു സ്ഥലത്തുനിന്ന് അവനെ കണ്ടെത്തി വീട്ടിലെത്തിച്ചു. പക്ഷേ, പിന്നീട് കടുത്ത വിഷാദത്തിലേക്കു വീണു പോയ കുട്ടി ആരോടും ഇടപെടാതെയായി. 

സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ചു കുട്ടിയെ സ്കൂൾ കൗൺസിലറുടെ മുന്നിലെത്തിച്ചു. അഞ്ച് സിറ്റിങ്ങുകൾ വരെ പലപ്പോഴായി നടത്തിയിട്ടും മുഖത്തേക്കു പോലും നോക്കാതെ കുനിഞ്ഞിരിക്കുകയായിരുന്നു ആ കുട്ടി. ആറാം സിറ്റിങ്ങിലാണ് അവൻ ആദ്യം സംസാരിച്ചത്. ‘പിതാവു വിദേശത്താണ്. അമ്മയും ചേച്ചിയുമാണുള്ളത്. സംഭവ ദിവസം പുലർച്ചെ ഞാൻ മൊബൈലിൽ കളിച്ചിരിക്കുന്നതു കണ്ട് അമ്മയ്ക്കു ദേഷ്യം വന്നു. അമ്മ എന്നെ തല്ലി. അതു കൊണ്ടാണ് ഇറങ്ങിപ്പോയത്.’ പക്ഷേ, അപ്പോഴും ചേരാത്ത കുറേ കണ്ണികളും സംശയങ്ങളും ബാക്കി നിന്നിരുന്നു. ഒടുവിൽ അമ്മയെ വിളിപ്പിച്ചു. മൂന്നു സിറ്റിങ്ങിൽ വരെ ഇതേ കഥ അമ്മയും ആവർത്തിച്ചു. പക്ഷേ, അവരുടെ മനസ്സിൽ എന്തോ വലിയ ഭാരം പുറത്തേക്കു വരാനായി പരിശ്രമിക്കുന്നുണ്ടെന്ന് വാക്കുകളിൽനിന്നു കൗൺസിലർക്കു വ്യക്തമായി. ഇതോടെ അവരെ കൂടുതൽ സ്വകാര്യതയുള്ള മറ്റൊരു മുറിയിൽക്കൊണ്ടിരുത്തി. 

മിനിറ്റുകൾക്കുള്ളിൽ ആ മുറിയിലെ നിശബ്ദതയെ മുറിച്ച് ആ അമ്മ വിങ്ങിവിങ്ങിക്കരയാൻ തുടങ്ങി. ആ കരച്ചിലിനു ശക്തിയേറി. അവർ കരഞ്ഞു തീരും വരെ, ആ മനസ്സ് ശാന്തമാകും വരെ കൗൺസിലർ കാത്തിരുന്നു. ആ അമ്മ യഥാർഥ കഥ പറഞ്ഞു തുടങ്ങി.. ‘സംഭവദിവസം നല്ല ഉറക്കത്തിലായിരുന്നു ഞാൻ. എന്റെ ശരീരത്തിലൂടെയും സ്വകാര്യ ഭാഗങ്ങളിലൂടെയും ശക്തിയോടെ കൈകൾ ഇഴയുന്നതറിഞ്ഞ് ഞെട്ടിയെണീറ്റപ്പോൾ കണ്ടത് എന്റെ മകനെയാണ്.  ശരീരത്തിലേക്കുള്ള ഏതു കടന്നു കയറ്റത്തെയും ചെറുക്കുന്ന ഒരു യഥാർഥ സ്ത്രീയായി ഞാൻ അപ്പോൾ. അവനെ സർവശക്തിയും ഉപയോഗിച്ച് തല്ലി. എന്റെ പ്രതികരണത്തിൽ പേടിച്ചു പോയ അവൻ വീടു വിട്ടോടുകയായിരുന്നു. 15 മിനിറ്റോളം കഴിഞ്ഞാണ് ഞാൻ പഴയ അമ്മയായത്. അവനെ അന്വേഷിച്ചെങ്കിലും കണ്ടില്ല. ഇതോടെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അവനെ മറ്റൊരു കണ്ണു കൊണ്ട് ആരും കാണാതിരിക്കാനാണ് ഞാൻ മൊബൈൽ ഫോണിന്റെ കഥ സൃഷ്ടിച്ചത്. അല്ലാതെ ഞാൻ എന്തു ചെയ്യണമായിരുന്നു...?’ ഉത്തരം കിട്ടില്ലെന്നറിയാമെങ്കിലും ആ ചോദ്യത്തിൽ വാക്കുകൾ അവസാനിപ്പിച്ച് അവർ തേങ്ങിക്കരയാൻ തുടങ്ങി. 

തുടർന്നു വിശദമായ അന്വേഷണം നടത്തിയപ്പോൾ ഇൗ കുട്ടി ഒരു ടാബ്‌ലറ്റ് ഉപയോഗിക്കുന്നുണ്ടെന്നും അതിലൂടെ അശ്ലീല വിഡിയോകൾ കണ്ട് അതിന് അടിമയായെന്നും കണ്ടെത്തി. അകന്ന ബന്ധത്തിലുള്ള ഒരു യുവാവ് ഉപയോഗിക്കുന്ന മെമ്മറി കാർഡിൽനിന്നു ടാബിലേക്കു പകർത്തുകയാണു കുട്ടി ചെയ്തിരുന്നത്. തുടർന്നു ക്ലാസിലെ സഹപാഠികൾക്കൊപ്പം ഇതു കാണും. ഇതോടെ സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ഇൗ കുട്ടിയുടെ അതേ പ്രായത്തിലുള്ള മറ്റ് ആൺകുട്ടികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചുകൂട്ടി പല സെഷനുകളിലായി ക്ലാസുകളും ബോധവൽക്കരണവും നടത്തി. തുടർന്നു സ്കൂളിൽ ഡിജിറ്റൽ ഉപകരണങ്ങൾ പൂർണമായും വിലക്കി. ഇടയ്ക്കിടെ കൃത്യമായ ഫോളോഅപ്പുകൾ കൂടി നടന്നപ്പോൾ ഇൗ പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട ആ പത്താംക്ലാസുകാരൻ ജീവിതം തിരികെപ്പിടിച്ചു. 

കണ്ണടച്ചു വിശ്വസിക്കരുത്

അന്ധമായി മക്കളെ വിശ്വസിക്കരുതെന്നാണു മാതാപിതാക്കളോട് മാനസികാരോഗ്യ വിദഗ്ധർക്കു പറയാനുള്ളത്. തങ്ങളുടെ കുട്ടികൾ തെറ്റുചെയ്യില്ല എന്നാണ് എല്ലാ മാതാപിതാക്കളുടെയും നിലപാട്. മക്കൾ സ്‌കൂളിലെത്തുന്നുണ്ടോ, മൊബൈൽ ഉപയോഗിക്കുന്നുണ്ടോ, അതിൽ വിളിക്കുന്നതാരൊക്കെ, അതിൽ വരുന്ന മെസേജുകളെന്തൊക്കെ എന്നെല്ലാം മാതാപിതാക്കൾ പരിശോധിക്കണം. തുറന്ന ആശയവിനിമയം നടത്താൻ മക്കളെ പ്രേരിപ്പിക്കുന്നതാവണം രക്ഷിതാക്കളുടെ പെരുമാറ്റം. പിടിഎ യോഗങ്ങളിൽ അമ്മ മാത്രമല്ല, അച്‌ഛനും പങ്കെടുക്കണം. 

പിടിഎ

സ്‌കൂൾപരിസരത്തെ ചെറിയ കടകൾ, മൊബൈൽ റീചാർജിങ് സെന്ററുകൾ ഇവ കേന്ദ്രീകരിച്ച് കുട്ടികളെ വഴിതെറ്റിക്കാനുള്ള സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരെ നിരീക്ഷിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുക എന്നതു പിടിഎയുടെ ഉത്തരവാദിത്തമാണ്. തദ്ദേശഭരണ പ്രതിനിധികൾക്ക് പിടിഎയിലുള്ള പ്രാതിനിധ്യം സജീവമാക്കണം. കൃത്യമായ ഇടവേളകളിൽ പിടിഎ ചേരുകയും കുട്ടികളുടെ പാഠ്യേതര പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും ചെയ്യണം. 

അധ്യാപകർ 

അക്കാദമിക് ഉന്നമനം മാത്രമല്ല വിദ്യാർഥികൾക്ക് ‘ഇമോഷനൽ സ്‌പേസ്’ കൂടി കൊടുക്കുന്ന സമീപനമായിരിക്കണം അധ്യാപകരുടേത്. അധ്യാപനത്തിനിടെ ഇതിനും സമയം കണ്ടെത്തണം. അധിക ഊർജം മൂലം വികൃതിയിലേക്കു തിരിയുന്ന കുട്ടികളെ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ നേർവഴിക്കു കൊണ്ടുവരാൻ അധ്യാപകർക്കു കഴിയും. അധ്യാപകരിൽ മാതൃകാ വ്യക്‌തിത്വങ്ങളുണ്ടാവണം. 

(തുടരും: പ്രാപ്തരാക്കണം നമ്മുടെ മക്കളെ; ഒപ്പം വിദഗ്ധരുടെ നിർദേശങ്ങളും)

English Summary: Series on Child abuse, Children psychological Issues

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com